പാലക്കാട്: ഇത്തവണ സപ്ലൈകോ വഴി നൽകുന്ന ഓണക്കിറ്റിലെ ശർക്കരവരട്ടിയും കായവറുത്തതും വിതരണംചെയ്യുന്നത് കുടുംബശ്രീ. 88ലക്ഷം റേഷൻ കാർഡുടമകൾക്കായി നൂറുഗ്രാം വീതമാണ് ശർക്കരവരട്ടിയും കായവറുത്തതും വിതരണം ചെയ്‌യുന്നത്.
കുടുംബശ്രീ സംരംഭകർ തയ്‌യാറാക്കിയ ശർക്കരവരട്ടിയുടെ 17ലക്ഷം പാക്കറ്റുകളും 16,060 പാക്കറ്റ് കായവറുത്തതും സപ്ലൈകോയ്‍ക്ക് നൽകി. 5.41കോടി രൂപയുടെ ഓർഡറാണ് കുടുംബശ്രീക്ക് ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. കരാർപ്രകാരം വിതരണം ചെയ്‌യാനുള്ള ബാക്കി ഉത്‌പന്നം തയ്‌യാറാക്കുകയാണ്.
കുടുംബശ്രീയുടെ കീഴിലുള്ള ഇരുനൂറിലധികം കാർഷിക സൂക്ഷ്മസംരംഭ യൂണിറ്റുകളാണ് ഉത്‌പന്നങ്ങൾ തയ്‌യാറാക്കുന്നത്. സംരംഭകർക്ക് ഇതുവഴി പാക്കറ്റൊന്നിന് 29.12രൂപ വീതം ലഭിക്കും. സപ്ലൈകോയുടെ കീഴിലുള്ള 56 ഡിപ്പോകളിലേക്കാണ് ശർക്കര വരട്ടിയും കായ വറുത്തതും എത്തിക്കുന്നത്. ഇവ എത്തുന്ന മുറയ്‍ക്ക് സപ്ലൈകോ നേരിട്ട് തുക സംരംഭകരുടെ അക്കൗണ്ടുകളിലേക്ക് ഇടും. ഉത്‌പന്നങ്ങൾ തയ്‌യാറാക്കുന്നതിനായി വനിതാ കർഷകസംഘങ്ങളിൽ നിന്നുള്ള നേന്ത്രക്കായ വിതരണവും കൂടുതൽ കാര്യക്ഷമമാക്കിയതായി അധികൃതർ പറഞ്ഞു.
Content Highlights Kudumbasree distributes sharkkara varatty and banana chips in onam kit