ശരീരഭാരം കുറയ്ക്കുന്നതിന് കുറുക്കുവഴി തേടുകയാണോ നിങ്ങൾ? കഠിനമായ വ്യായാമമുറകളും ഡയറ്റുമെല്ലാം ക്രമീകരിച്ചിട്ടും ശരീരഭാരത്തിൽ കാര്യമായ വ്യത്യാസമൊന്നും വരുന്നില്ലേ. എല്ലാവർക്കും ഒരേതരം ഡയറ്റ് പിന്തുടരുന്നത് ഫലവത്താവണമെന്നില്ല. ചിലർക്ക് പ്രോട്ടീൻ കൂടുതൽ ഉള്ളതും കലോറി കുറഞ്ഞവയും കഴിച്ചാൽ ശരീരഭാരം കുറഞ്ഞേക്കും. ചിലർക്കാകട്ടെ ഇത് യാതൊരുമാറ്റവും ഉണ്ടാക്കില്ല.
പുതിയൊരു ഡയറ്റിങ് രീതി പരിചയപ്പെടുത്തുകയാണ് ബോളിവുഡ് നടി ഭാഗ്യശ്രീ. വെള്ളത്തിന്റെ അംശം കൂടുതലായി അടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ശീലമാക്കിയാൽ ശരീരഭാരം കുറയ്ക്കാൻ കഴിയുമെന്ന് പറയുകയാണ് അവർ.
ശരീരത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്ക് വെള്ളം അത്യാവശ്യഘടകമാണ്. നമ്മുടെ ശരീരത്തിലെ വിഷപദാർത്ഥങ്ങളെ പുറന്തള്ളാനും ദഹനപ്രക്രിയ പൂർണമാക്കാനും വെള്ളത്തിന്റെ അംശം കൂടുതലുള്ള പച്ചക്കറികൾ സഹായിക്കുന്നു. ഈ പച്ചക്കറികൾ ശീലമാക്കുന്നത് ശരീരം കൂടുതൽ ക്ഷമതയോടെ പ്രവർത്തിക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ-വീഡിയോയിൽ ഭാഗ്യശ്രീ പറഞ്ഞു.
ചുരയ്ക്ക, പച്ചച്ചീര, തക്കാളി, കാബേജ്, വെള്ളരിക്ക, പച്ചടിച്ചീര, കക്കരിക്ക എന്നിവയിലെല്ലാം വെള്ളം ധാരാളമായുണ്ട്. കൂടാതെ, ഇവയിൽ ദഹനത്തിന് സഹായിക്കുന്ന ഫൈബറും അടങ്ങിയിരിക്കുന്നു. ദഹനത്തെക്കൂടാതെ ഇൻസുലിന്റെ അളവ് ക്രമീകരിക്കുന്നതിനും ഈ നാരുകൾ സഹായിക്കുന്നുണ്ട്. കൂടാതെ, ഈ പച്ചക്കറികളിൽ കലോറി വളരെക്കുറവാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പച്ചക്കറികളാണിവ-ഭാഗ്യശ്രീ കൂട്ടിച്ചേർത്തു.
Content highlights: bhagyashree shares weight loss diet tips, importants of water vegetables for diet