തിരുവനന്തപുരം
കാപട്യത്തിന്റെ മൂർത്തീഭാവമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സതീശനല്ല പിണറായി വിജയനെന്നും നാടിനുമുന്നിൽ എപ്പോഴും നിന്നയാളാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ സ്പീക്കർക്കെതിരായ സതീശന്റെ അധിക്ഷേപങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലവാരമില്ലായ്മയുടെ മൂർധന്യ ദശയിലെത്തിയ വാക്കുകളാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായത്. സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ് അദ്ദേഹം നടത്തിയത്. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് താനെന്ന് സതീശൻ പലവട്ടം തെളിയിച്ചു. അതിന്റെ മൂർധന്യദശയാണ് ഇന്നുകണ്ടത്. എത്രമാത്രം അധഃപതിക്കാമെന്നതിന് തെളിവാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ.
എല്ലാ പരിധിയും ലംഘിച്ചപ്പോഴാണ് നിലവാരമില്ലായ്മയെക്കുറിച്ച് പറഞ്ഞത്. അഴിമതിക്കാരനാകരുതേയെന്ന് പ്രാർഥിക്കുന്നുവെന്നാണ് സതീശൻ പറയുന്നത്. പിണറായി ആരാണ്, വി ഡി സതീശൻ ആരാണ് എന്ന് എല്ലാവർക്കുമറിയാം. പിണറായി അഴിമതിക്കാരനാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എൽഡിഎഫിനെയാകെ മോശക്കാരായി ചിത്രീകരിക്കാനാണ് സർക്കാരിന്റെ പ്രതീകമായ തന്നെ അധിക്ഷേപിക്കുന്നത്. എത്രയോ കാലമായുള്ള ഈ ശ്രമം സമൂഹം അംഗീകരിച്ചിട്ടില്ല. അപവാദപ്രചാരണത്തിലൂടെ ആളുകളെ തകർക്കാമെന്ന് കരുതരുത്.
പ്രതിപക്ഷാംഗങ്ങളെ ഡയസിനുമുന്നിലേക്ക് തള്ളിവിട്ടത് പ്രതിപക്ഷ നേതാവാണ്. സീറ്റിലിരിക്കണമെന്ന പ്രതിപക്ഷനേതാവിന്റെ വാക്കുകൾക്ക് സ്വന്തം പാർട്ടിയിൽനിന്നുള്ളവർ വില നൽകുന്നില്ല. ഈ ഘട്ടത്തിലാണ് പ്രതിപക്ഷ നേതാവ് ആരാണെന്ന് സ്പീക്കർക്ക് ചോദിക്കേണ്ടിവന്നത്. ഗോൾവാർക്കറുടെ ചിത്രത്തിനുമുന്നിൽ വണങ്ങിയത് ആരാണെന്ന് പ്രതിപക്ഷാംഗങ്ങൾ സ്വന്തം നേതാവിനോട് ചോദിച്ചാൽ മറുപടികിട്ടും.ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാരിന് പ്രയാസമില്ല. കൈവശമുള്ള വിവരങ്ങൾ എക്കാലത്തും നൽകാറുണ്ട്. എല്ലാ ചോദ്യങ്ങൾക്കും വിശദമായ മറുപടിയാണ് നൽകുന്നത്.
ചില ചോദ്യങ്ങൾക്ക് അപ്പോൾ മറുപടി നൽകാനായില്ലെങ്കിൽ പിന്നീട് വിവരങ്ങൾ ശേഖരിച്ച് നൽകാറുണ്ട്.സഭയിൽ സ്പീക്കർക്ക് വിവേചനാധികാരമുണ്ട്. പ്രതിപക്ഷം അതിനെതിരായ നിലപാട് സ്വീകരിക്കുന്നത് ആരോഗ്യകരമല്ല. സർക്കാരിനെ അധിക്ഷേപിക്കാൻ സ്പീക്കറെക്കൂടി ഉപയോഗിക്കുന്നത് നല്ല കീഴ്വഴക്കമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎംഡിആർഎഫിനെ
വിചാരണ ചെയ്യാൻ ശ്രമം
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് നൽകിയ നിവേദനം സംബന്ധിച്ച് തെറ്റായ വാർത്തകൾ നൽകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ വിചാരണ ചെയ്യാൻ ശ്രമം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആളുകൾ പണം നൽകുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വ്യാജ വാർത്തകൾ. ദുരന്തത്തിന് ഇരയായവരാണ് ഇതുവഴി ദ്രോഹിക്കപ്പെട്ടത്.
മുണ്ടക്കൈയിലും ചൂരൽമലയിലും ദുരന്തമുണ്ടായ ശേഷം കഴിഞ്ഞ ദിവസം വരെ 513.5 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത്. ദുരിതാശ്വാസ നിധിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കാൻ എല്ലാവരും തയ്യാറാകണം. വലിയ രീതിയിലുള്ള പുനരധിവാസമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നേരിട്ടെത്തി ദുരിതബാധിർക്കൊപ്പം സമയം ചെലവഴിച്ചു. സർക്കാർ വിശദമായ നിവേദനം നൽകിയും പ്രധാനമന്ത്രിയെ നേരിട്ടുകണ്ടും സഹായം അഭ്യർഥിച്ചു. എന്നാൽ, ഇതുവരെയും സഹായങ്ങൾ ലഭിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം അനുവദിച്ചപ്പോഴും കേരളത്തെ സഹായിച്ചില്ല. ഈ സാഹചര്യത്തിൽ വിഷയം വീണ്ടും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേന്ദ്രസഹായം ആവശ്യപ്പെട്ട് ദുരന്തബാധിതർ തന്നെ പ്രക്ഷോഭത്തിലേക്ക് കടക്കേണ്ട സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴിൽ നിയമം
പാലിക്കുന്നെന്ന് ഉറപ്പാക്കണം
ഇന്ത്യയിൽ എല്ലാ മേഖലകളിലും തൊഴിൽ നിയമങ്ങൾ പാലിക്കുന്നെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുണെയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായിരുന്ന എറണാകുളം സ്വദേശി അന്ന സെബാസ്റ്റ്യൻ കുഴഞ്ഞുവീണുമരിച്ച സംഭവവുമായി ബന്ധപ്പെട്ട് പി പി ചിത്തരഞ്ജന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നോട്ടീസിൽ ഉന്നയിച്ച കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വിശ്രമമില്ലാത്ത ജോലിയും പിരിച്ചുവിടൽ ഭീഷണിയും തൊഴിൽ അവകാശങ്ങളുടെ നിഷേധവുമൊക്കെ ഐടി രംഗത്ത് ഉൾപ്പെടെ ചില തൊഴിൽ മേഖലകളിൽ ഉണ്ടെന്ന ആക്ഷേപമുണ്ട്. കേരളത്തിലെ ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികളുമായി ഒപ്പുവച്ചിട്ടുള്ള പാട്ടക്കരാറിൽ സംസ്ഥാനത്ത് നിലവിലുള്ള തൊഴിൽ നിയമങ്ങൾ പാലിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. ഇവ പാലിക്കപ്പെട്ടില്ലെങ്കിൽ ജീവനക്കാർക്ക് നിയമ നടപടി സ്വീകരിക്കാനാകും.
കോവിഡിനുശേഷം കൂടുതൽ കമ്പനികൾ ‘വർക്ക് ഫ്രം ഹോം’ സമ്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിലുള്ള തൊഴിൽ നിയമങ്ങളിൽ ഇത് സംബന്ധിച്ച് വ്യക്തമായ സമയക്രമം പരാമർശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.