കോരിചൊരിയുന്ന മഴയുടെ ഭംഗിയും രസിച്ച് ആവി പറക്കുന്ന കാപ്പിയും ഊതിക്കുടിച്ച് ചൂടുള്ള എന്തെങ്കിലും കൊറിക്കാനായിരിക്കും മിക്കവരും ഇഷ്ടപ്പെടുക. എന്നാൽ മഴക്കാലത്ത് നമ്മുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളുമുണ്ട്, ഇവയുടെ അഭാവമാണ് മഴക്കാലത്ത് നമുക്ക് രോഗങ്ങൾ പിടിപെടാനുള്ള പ്രധാന കാരണം.
പച്ചക്കറി മാത്രം കഴിക്കുന്നവർക്കും മാംസാഹാരവും കൂടി കഴിക്കുന്നവർക്കുമുള്ള മഴക്കാല ഭക്ഷണങ്ങൾ വ്യത്യസ്തമാണ്. മഴക്കാല ഭക്ഷണത്തിൽ വെളുത്തുള്ളി, കുരുമുളകുപൊടി, കായം, ജീരകം, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ കൂടുതൽ ചേർക്കുന്നത് ദഹനത്തിനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
മാംസാഹാരം കഴിക്കുന്നവർ ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. മീനും ചെമ്മീനും പരമാവധി ഒഴിവാക്കുക. വലിയ മീനുകളും മാംസവും ഉപയോഗിച്ച് തയ്യാറാക്കുന്ന കറികൾ ഒഴിവാക്കി പകരം സൂപ്പും സ്റ്റ്യൂവും കുടിക്കുന്നത് പതിവാക്കാം.
സൂപ്പിൽ പച്ചക്കറികളോടൊപ്പം പരിപ്പ്, മഞ്ഞൾപ്പൊടി, ഗ്രാമ്പൂ, കുരുമുളകുപൊടി, പെരുംജീരകം എന്നിവ കൂടി ചേർത്ത് പാകം ചെയ്യുന്നത് നല്ലതാണ്. മഴക്കാലത്ത് ഇത്തരത്തിൽ തയ്യാറാക്കുന്ന സൂപ്പ് കുടിക്കുന്നത് അലർജിയും അതുമൂലം ശരീരത്തിൽ ഉണ്ടാകുന്ന നീരും ചൊറിച്ചിലും കുറയ്ക്കാൻ സഹായിക്കുന്നു.
പച്ചക്കറികൾ പാകം ചെയ്യാതെ കഴിക്കുന്നത് ഒഴിവാക്കണം. അതുപോലെതന്നെ മുളപ്പിച്ച പയറും കടലയുമൊക്കെ തൽക്കാലം നിങ്ങളുടെ മൺസൂൺ മെനുവിൽ നിന്നും ഒഴിവാക്കാം. ഇവ ദഹനക്കുറവും വായുവിന്റെ അസ്കിതയും ഉണ്ടാകാൻ കാരണക്കാരായേക്കാം.
Content Highlights:food for rainy season