ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികൾ നമുക്ക് നൽകിയത് ഒരുപിടി രോഗങ്ങൾക്കൂടിയാണ്. പ്രമേഹം, രക്താതിസമ്മർദം എന്നിവയെല്ലാം ജീവിതശൈലീ രോഗങ്ങളിൽപ്പെടുന്നു. ഈ രോഗങ്ങൾ ഇന്ന് നമുക്കിടയിൽ സർവസാധാരണമാണ്. ലോകാരോഗ്യസംഘനയുടെ കണക്കുപ്രകാരം ലോകത്തിൽ 422 മില്ല്യൺ ആളുകൾ പ്രമേഹരോഗത്തിന്റെ പിടിയിലാണ്. അന്ധത, വൃക്കരോഗങ്ങൾ, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയിലേക്ക് നയിക്കുന്ന കാരണങ്ങളിലൊന്നാണ് പ്രമേഹം.
സ്ത്രീകളിലും പ്രമേഹരോഗം ഇന്ന് സർവസാധാരണമായി മാറിയിട്ടുണ്ട്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകളിൽ പ്രമേഹം ഹൃദയാഘാതത്തിനുള്ള സാധ്യത നാലിരട്ടിയാക്കുന്നു. ഹൃദയാഘാതമുണ്ടായാൽ സ്ത്രീകളെ അത് ഗുരുതരമായും ബാധിക്കാറുണ്ട്. അതിനാൽ, സ്ത്രീകളിലെ പ്രമേഹരോഗം നിയന്ത്രിച്ച് നിർത്തേണ്ടത് അനിവാര്യമായ കാര്യമാണ്. പ്രമേഹബാധിതരായ സ്ത്രീകളിൽ ഹോർമോൺ വ്യതിയാനവും റിപ്പോർട്ട് ചെയ്‌യപ്പെടുന്നുണ്ട്. ഇത് ആർത്തവത്തിലെ ക്രമക്കേടുകൾ, ഗർഭാവസ്ഥയിലെ ബുദ്ധിമുട്ടുകൾ, യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ എന്നിവയ്‍ക്കും വഴിവെക്കുന്നു.
ആരോഗ്യപ്രദമായ ആഹാരശീലമാണ് പ്രമേഹം വരുതിക്കുള്ളിലാക്കാനുള്ള പ്രധാനമാർഗം. ചില ഭക്ഷണങ്ങൾ കഴിക്കുന്നതും ചിലത് കഴിക്കുന്നത് ഒഴിവാക്കുകയോ ഭാഗികമാക്കുകയോ ചെയ്‌യുന്നതും പ്രമേഹം നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
നെയ്‌യുള്ള മത്സ്യം
ചെമ്പല്ലി, അയല, മത്തി, ചൂര തുടങ്ങിയ നെയ്‌യ് കൂടുതലായി അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഈ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും ഡി.എച്ച്.എ.യും ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ഇൻസുലിൻ സംവേദനവും ഹോർമോൺ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
മഞ്ഞൾ
പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മികച്ച ഉപാധികളിലൊന്നാണ് മഞ്ഞൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്തുന്നതിനുള്ള പ്രകൃതിദത്ത മാർഗങ്ങളിലൊന്നാണ് മഞ്ഞൾ. ഇത് കൂടാതെ പാൻക്രിയാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ഇൻസുലിന്റെ അളവ് ക്രമീകരിക്കുന്നതിനും മഞ്ഞൾ വലിയ പങ്കുവഹിക്കുന്നുണ്ട്.
ഇഞ്ചി
ശരീരത്തിലെ നീർക്കെട്ടുകളെ ഒഴിവാക്കുന്നതിന് ഇഞ്ചി സഹായിക്കുന്നു. ഇതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ഇൻസുലിൻ സംവേദനം മെച്ചപ്പെടുത്തുകയും ചെയ്‌യുന്നു. കൂടാതെ, ജീവിതശൈലീ രോഗങ്ങൾ കൊണ്ടുള്ള ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇഞ്ചി സഹായിക്കുന്നുണ്ട്
പച്ചിലക്കറികൾ
പച്ചച്ചീര, കാബേജ്, മുരിങ്ങ തുടങ്ങിയ പച്ചിലക്കറികളിൽ പോഷകങ്ങളും വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ, ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ആവശ്യ പോഷകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
Content highlights: these food should include in diabetic women in their diet