ഇരയെ വിവാഹം കഴിക്കുന്നതിനായി കൊട്ടിയൂർ പീഡന കേസിലെ കുറ്റവാളി റോബിൻ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ഇരയെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ നീക്കം ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിവാഹംഉൾപ്പടെ ഉള്ള ആവശ്യങ്ങളിൽ ഇരുവർക്കും ഹൈക്കോടതിയെ സമീപിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഇന്ന് കോടതിയിൽ നടന്നത്
ബെഞ്ച് : ജസ്റ്റിസ് വിനീത് ശരൺ, ജസ്റ്റിസ് ദിനേശ് മഹേശ്വരി
അലക്സ് ജോസഫ് (ഇരയുടെ അഭിഭാഷകൻ) ; സീനിയർ അഭിഭാഷക കിരൺ സൂരി ആണ് ഇരയ്ക്ക് വേണ്ടി ഹാജരാക്കുന്നത്.
കിരൺ സൂരിയുടെ മൈക് കൺട്രോൾ റൂം ഓൺ ആക്കി.
കിരൺ സൂരി : കുറ്റവാളിക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി ആണ് ഞാൻ ചോദ്യം ചെയ്യുന്നത്. ഇരയ്ക്ക് ശിക്ഷിക്കപ്പെട്ട പ്രതിയെ വിവാഹം ചെയ്യണം. കുട്ടിക്ക് നിയമപരമായ പിതൃത്വം ഉറപ്പാക്കാൻ ആണ് വിവാഹം.
ജസ്റ്റിസ് വിനീത് ശരൺ : അക്കാര്യത്തിൽ ഞങ്ങൾ ഇടപെടില്ല
കിരൺ സൂരി : കുട്ടിക്ക് നാല് വയസായി. സ്കൂളിൽ ചേർക്കാറായി. ജാമ്യം അനുവദിച്ചാൽ മാത്രമേ വിവാഹം നടക്കു. രണ്ട് മാസത്തേക്ക് കോടതി ജാമ്യം അനുവദിക്കണം
ജസ്റ്റിസ് വിനീത് ശരൺ : ജാമ്യത്തിന് ആയി കുറ്റവാളിയും ഹർജി നൽകിയിട്ടുണ്ടല്ലോ. ആരാണ് അദ്ദേഹത്തിന് വേണ്ടി ഹാജരാകുന്നത്.
ഡോ. അമിത് ജോർജ് : ഞാനാണ് ഹാജരാകുന്നത്. ഇരയെ വിവാഹം കഴിക്കുന്നതിന് ആണ് ജാമ്യം ചോദിക്കുന്നത്. കുട്ടിക്ക് നിയമപരമായ പിതൃത്വം ഉറപ്പാക്കാൻ ആണ് വിവാഹം.
ജസ്റ്റിസ് വിനീത് ശരൺ : (അമിത് ജോർജിനോട് ) : നിങ്ങൾക്ക് (കുറ്റവാളിക്ക്) എത്ര വയസ്? ഇരയ്ക്ക് എത്ര വയസ്?
അമിത് ജോർജ് : കുറ്റവാളിക്ക് 49. ഇരയ്ക്ക് 25
ജസ്റ്റിസ് വിനീത് ശരൺ : ഞങ്ങൾ ജാമ്യം അനുവദിക്കില്ല.
അമിത് ജോർജ് : ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ കാരണം വിവാഹം നടത്തുന്നതിന് ജയിൽ സൂപ്രണ്ടിന് കത്ത് പോലും നൽകാൻ കഴിയാത്ത സാഹചര്യം ആണ്.
ജസ്റ്റിസ് ദിനേശ് മഹേശ്വരി : എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ആകും ഹൈക്കോടതി പരാമർശങ്ങൾ നടത്തിയത്. ഞങ്ങൾ അതിൽ ഇടപെടേണ്ട കാര്യമില്ല.
അമിത് ജോർജ് : ജാമ്യാപേക്ഷയിൽ വിവാഹം കഴിക്കാനുള്ള എന്റെ മൗലിക അവകാശം എങ്ങനെ ഹൈകോടതിക്ക് നിഷേധിക്കാൻ ആകും?
ജസ്റ്റിസ് വിനീത് ശരൺ : ഈ സാഹചര്യം നിങ്ങൾ സൃഷ്ടിച്ചത് ആണ്.
അമിത് ജോർജ് : ഹൈക്കോടതി പരാമർശങ്ങൾ വിവാഹത്തിന് തടസ്സം ആണ്
ജസ്റ്റിസ് വിനീത് ശരൺ : നിങ്ങൾക്ക് ഹൈകോടതിയെ സമീപിക്കാം. ഞങ്ങൾ ജാമ്യം അനുവദിക്കില്ല.
ഡിജിപി ഹാജരായ കേസ്
കൊട്ടിയൂർ പീഡന കേസ് സുപ്രീം കോടതി പരിഗണയ്ക്ക് എടുത്തപ്പോൾ സംസ്ഥാന സർക്കാരിന്റെ ഹൈക്കോടതിയിലെ ഡിജിപി ടി എ ഷാജിയും സുപ്രീം കോടതിയിലെ വാദം വീക്ഷിക്കാൻ ഓൺലൈനിൽ ഉണ്ടായിരുന്നു. എന്നാൽ ഷാജിയുടെ മൈക്ക് ഓൺ ആക്കാൻ ആരും ആവശ്യപ്പെട്ട് കണ്ടില്ല. ഡിജിപി ഉണ്ടായിട്ടും കേസിൽ സീനിയർ അഭിഭാഷകൻ ഹരിൻ പി റാവലിനെ സംസ്ഥാന സർക്കാർ ഇന്ന് ഹാജരാക്കിയിരുന്നു.
Content highlights: Robin Vadakkumcherry case, as it happened in court