കൊറോണയുടെ രണ്ടാം വരവിൽ 87-കാരിയായ ഉഷ ഗുപ്തയക്ക് ജീവിതത്തിലെ പല സന്തോഷങ്ങളുമാണ് നഷ്ടമായത്. കോവിഡ് ബാധിച്ച് ഇരുപത്തേഴ് ദിവസം ഹോസ്പിറ്റൽ കിടക്കയിൽ, മരണത്തോട് മല്ലിട്ട് തോറ്റ് ഭർത്താവ് രാജ്കുമാർ. ആറ് പതിറ്റാണ്ടുകൾ ഒപ്പമുണ്ടായിരുന്നയാൾ ഇനിയില്ലാതെ ഒറ്റയ്‍ക്കായ ജീവിതം. എന്നാൽ ജീവിത്തിൽ തളരാൻ ഈ ഡൽഹി സ്വദേശിനിയായ മുത്തശ്ശി തയ്‌യാറായിരുന്നില്ല.
ഭർത്താവിന്റെ മരണം കോവിഡ് ബാധിച്ചായിരുന്നല്ലോ, കോവിഡ് ബാധിരുടെയും അവരുടെ കുടുംബങ്ങളുടെയും കഷ്ടപ്പാടുകൾക്ക് നേർ സാക്ഷിയായതിനാൽ അവർക്കു വേണ്ടി എന്തെങ്കിലും ചെയ്‌യണമെന്നായി ഉഷയുടെ ആഗ്രഹം. അങ്ങനെയാണ് ഉഷ പിക്കിൾ വിത്ത് ലൗ എന്ന സംരംഭം തുടങ്ങുന്നത്. അതിലൂടെ കിട്ടുന്ന പണം കോവിഡ് ബാധിതർക്കു വേണ്ടിയാണ് ചെലവഴിക്കുന്നത്.
അച്ചാറും ചട്ണിയുമാണ് ഈ മുത്തശ്ശി വീട്ടിൽ തയാറാക്കി വിൽപന നടത്തുന്നത്. മുത്തശ്ശിയുടെ ആവശ്യം അറിഞ്ഞ് അച്ചാറുകൾ പായ്‍ക്ക് ചെയ്‌യാനുള്ള ഗ്ലാസ് ജാറുകളും ലേബലുകളും കൊച്ചുമകൾ ഡോ. രാധിക ബത്ര എത്തിച്ചു നൽകി. ഡൽഹിയിൽ പീഡിയാട്രീഷനായി ജോലി ചെയ്‌യുകയാണ് രാധിക. കോവിഡ് റിലീഫ് പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായ രാധികയാണ് ഉഷയ്‍ക്ക് എല്ലാ സഹായത്തിനും ഒപ്പമുള്ളത്. മാത്രമല്ല മുത്തശ്ശിയുടെ കൈപ്പുണ്യവും രാധികയ്‍ക്ക് നന്നായി അറിയാം.
ആദ്യം സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു അച്ചാറുകൾ വാങ്ങിയിരുന്നത്. ഇതിനോടകം 180 ബോട്ടിൽ വിറ്റുകഴിഞ്ഞു. ചേരുവകൾ അരിഞ്ഞുകൊടുക്കാനും മറ്റും സഹായികൾ ഉണ്ടെങ്കിലും പാചകം ഉഷ മുത്തശ്ശി തനിയെയാണ് ചെയ്‌യുന്നത്. ആദ്യം 10 കിലോ അച്ചാർ തയാറാക്കി, പിന്നീട് ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് അച്ചാറും ചട്ണിയും കൂടുതൽ ഉണ്ടാക്കി തുടങ്ങി. 200 ഗ്രാമിന്റെ ഒരു കുപ്പി അച്ചാറിന് 150 രൂപയാണ് വില. ഒരു മാസം കൊണ്ട് 20,000 രൂപയോളം ലഭിച്ചതായാണ് ഉഷ മുത്തശ്ശി ബെറ്റർ ഇന്ത്യയോട് പറയുന്നത്.
അച്ചാറുകൾ മൂന്ന് രുചികളിൽ ഇവിടെ ലഭ്യമാണ്- പുളിയൻ മാങ്ങാ അച്ചാർ, ഗുലാബി മീട്ടാ അച്ചാർ, മിക്സഡ് വെജിറ്റബിൾ അച്ചാർ. കൂടാതെ മാങ്ങാ ചട്ണി, പുളി ചട്ണി എന്നിവയും ലഭ്യമാണ്. ഏറ്റവും കൂടുതൽ വിറ്റുപോയ വിഭവങ്ങൾ മിക്സഡ് വെജിറ്റബിൾ അച്ചാറും പുളി ചട്ണിയുമാണ്.
ഓരോ അച്ചാറു കുപ്പിയും മനോഹരമായി റിബൺ ഉപയോഗിച്ച് കെട്ടി മുത്തശ്ശിയുടെ കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പിനൊപ്പമാണ് വാങ്ങിക്കുന്നവരുടെ കൈകളിലേക്ക് എത്തുന്നത്. എളുപ്പത്തിൽ തയാറാക്കാവുന്ന വെജിറ്റേറിയൻ വിഭവങ്ങളെക്കുറിച്ച് ഒരു പുസ്തകവും ഉഷ ഗുപ്ത എഴുതിയിട്ടുണ്ട്. Bhartiya Shakahari Vyanjan എന്നാണ് ബുക്കിന്റെ പേര്. പാചകത്തിൽ തുടക്കക്കാർക്ക്, പ്രത്യേകിച്ച് പച്ചക്കറികൾ ഇഷ്ടപ്പെടുന്നവർക്ക് ഏറെ സഹായകരമാകുന്ന പാചകക്കുറിപ്പുകളാണ് ഈ പുസ്തകത്തിൽ.
Content Highlights: Grandma Lost Her Husband to COVID, Now She Uses Pickles To Raise Money For the Covid Affected