Tokyo Olympics 2020: മേരി കോം, ബോക്സിങ് റിങ്ങിലെ ഇതിഹാസം! ആറ് തവണ ലോക ചാമ്പ്യയായ മേരി 51 കിലോ ഗ്രാം വിഭാഗത്തില്‍ പൊരുതി പുറത്തായപ്പോള്‍ അവസാനിച്ചത് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകൂടിയായിരുന്നു. പരാജയപ്പെട്ടത് റിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോട്.
മൂന്ന് റൗണ്ടില്‍ രണ്ടും ജയിച്ചെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മൂന്ന് വിധികര്‍ത്താക്കള്‍ വലന്‍സിയക്ക് ഒപ്പം നിന്നു. രണ്ട് പേര്‍ മാത്രമാണ് ഇന്ത്യന്‍ താരത്തിന് പോയിന്റ് നല്‍കിയത്. തുടക്കം മുതല്‍ ഇരുവരും ആക്രമണ രീതിയായിരുന്നു സ്വീകരിച്ചത്.
“എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ആദ്യ റൗണ്ടില്‍ രണ്ട് താരങ്ങളും അവരവരുടെ പദ്ധതികള്‍ക്കായി നോക്കുകയായിരുന്നു. പീന്നീടുള്ള രണ്ടിലും ഞാന്‍ വിജയിച്ചു,” മത്സരത്തിന് ശേഷം മേരി കോം പറഞ്ഞു.
ആദ്യ റൗണ്ടില്‍ 1-4 എന്ന സ്കോറില്‍ മേരി പുറകിലായിരുന്നു. എന്നാല്‍ രണ്ട്, മൂന്ന് റൗണ്ടുകളില്‍ മേരി തിരിച്ചുവരവ് നടത്തിയെങ്കിലും വലന്‍സിയയെ മറികടക്കാനായില്ല. തന്റെ പരമാവധി മികവ് പുറത്തെടുത്തതിന് ശേഷമാണ് 38 കാരിയായ മേരി കീഴടങ്ങിയത്.
റഫറി വലന്‍സിയയുടെ കൈകള്‍ ഉയര്‍ത്തി വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ മേരിയുടെ കണ്ണുകള്‍ നിറഞ്ഞു. പക്ഷെ അമര്‍ഷമോ ദേഷ്യമോ ഇല്ലാതെ വലന്‍സിയയെ അഭിനന്ദിച്ചതിന് ശേഷമാണ് മേരി റിങ്ങ് വിട്ടത്.
ആദ്യ റൗണ്ടിലെ പോയിന്റ് നിലയില്‍ മേരി കോമിന്റെ ട്രെയിനര്‍ ചോട്ടെ ലാല്‍ യാദവ് അമര്‍ഷം പ്രകടിപ്പിച്ചു. “രണ്ട് പേരും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ആദ്യ റൗണ്ടില്‍ 1-4 എന്ന സ്കോറില്‍ മേരി പുറകിലായത് എങ്ങനെയെന്ന് മനസിലാകുന്നില്ല. നിരാശയുണ്ട്,” യാദവ് പി.ടി.ഐയോട് പറഞ്ഞു.
Also Read: Tokyo Olympics 2020: പ്രായം 13; നേട്ടം ഒളിംപിക്സില്‍ സ്വര്‍ണം
The post കണ്ണീരണിഞ്ഞ് ബോക്സിങ് ഇതിഹാസം; പടിയിറക്കം തല ഉയര്‍ത്തി തന്നെ appeared first on Indian Express Malayalam.