ദക്ഷിണേന്ത്യക്കാരുടെ ഒരു പ്രധാന വിഭവമാണ് സാമ്പാർ. എന്നാൽ വറുത്തരച്ച് സാമ്പാർ തയ്‌യാറാക്കി വരുന്ന ബുദ്ധിമുട്ട് ഓർത്ത് പലരും സാമ്പാർ പൊടികളെ ആശ്രയിക്കാറാണ് പതിവ്. വീട്ടിൽ തന്നെ സാമ്പാർ പൊടി തയ്‌യാറാക്കാവുന്നതേയുള്ളു. ഇത്തരത്തിൽ തയ്‌യാറാക്കുന്ന കൂട്ട് 45 ദിവസത്തോളം വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാവുന്നതാണ്.
ചേരുവകൾ
- മല്ലി – 1 കപ്പ്
- കറിവേപ്പില – 2 തണ്ട്
- കടലപ്പരിപ്പ് – 1/4 കപ്പ്
- ഉലുവ – 1 ടീസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- ജീരകം – 2 ടേബിൾസ്പൂൺ
- കുരുമുളക് – 2 ടീസ്പൂൺ
- കറുവാപട്ട – 3-4 കഷണം
- ഉണക്കമുളക് – 1 കപ്പ്
- ചിരകിയ ഉണക്കത്തേങ്ങ – 4 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
തയ്‌യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഓരോ ബൗളിലാക്കി വയ്‍ക്കുക.ഒരു പാനിലാക്കി മല്ലിയും കറിവേപ്പിലയും ചെറിയ തീയിൽ വറുക്കുക.മല്ലി ചെറുതായി ബ്രൗൺ നിറമാകുമ്പോൾ ഒരു പ്ലേറ്റിലേക്ക് മാറ്റുക.
അതേ പാനിൽ കടലപ്പരിപ്പും ബ്രൗൺ നിറമാകുന്നതു വരെ വറുക്കുക.പ്ലേറ്റിലേക്ക് മാറ്റുക.കടുകും ഉലുവയും ഒന്നിച്ചു വറുത്തെടുക്കുക.
ജീരകവും കുരുമുളകും കറുവാപട്ടയും ഒന്നിച്ച് 30-40 സെക്കൻഡ് വറുത്തെടുക്കുക. ഉണക്കമുളക് വറുത്ത് മാറ്റിയ ശേഷം ഉണക്കത്തേങ്ങ ബ്രൗൺ നിറമാകുന്നതു വരെ വറുക്കുക. എല്ലാ ചേരുവകളും തണുത്ത ശേഷം ഒന്നിച്ചു മിക്സിയിലാക്കി മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി പൊടിച്ചെടുക്കുക.
ഈ കൂട്ട് 45 ദിവസത്തോളം വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാവുന്നതാണ്.
Content Highlights: Sambar powder recipe