തിരുവനന്തപുരം: ഇടതുമുന്നണിക്ക് വേരോട്ടം കുറയുന്ന ബൂത്തുകളിൽ സി.പി.എം. ഉത്തേജനപ്പാക്കേജ് തയ്യാറാക്കുന്നു. പ്രശ്നങ്ങൾ പഠിച്ച് തിരുത്തലും ജനകീയത വിപുലമാക്കാനുള്ള പ്രവർത്തനവുമാണ് ലക്ഷ്യം. ഇതിനുള്ള കർമപദ്ധതി സംസ്ഥാനസമിതി തയ്യാറാക്കി. സെക്രട്ടേറിയറ്റിന്റെ മേൽനോട്ടത്തിലായിരിക്കും ഇത്തരം പ്രദേശങ്ങളിലെ പ്രവർത്തനം.
ഇടതുമുന്നണി മൂന്നാംസ്ഥാനത്തുള്ള പാലക്കാട്, കാസർകോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലുള്ള മുന്നേറ്റമാണ് ഒന്നാമത്തെ ലക്ഷ്യം. ഇവിടെ നേതാക്കൾക്ക് പ്രത്യേകം ചുമതല നൽകി പ്രവർത്തനം ഏകോപിപ്പിക്കും. പാർട്ടിയുടെ വിവിധ തലത്തിലായി നിർവഹിക്കേണ്ട 21 ചുമതലകളാണ് സംസ്ഥാനസമിതി അംഗീകരിച്ചത്.
ഇടതുമുന്നണിക്ക് വോട്ടുകുറയുന്നതും ബി.ജെ.പി.ക്ക് വോട്ടുവിഹിതം കൂടുന്നതുമായ പ്രദേശങ്ങളെ ബൂത്തടിസ്ഥാനത്തിൽ പഠിക്കും. ഉപരിഘടകത്തിലെ നേതാക്കൾക്കായിരിക്കും ഈ പ്രദേശത്തെ പ്രവർത്തനത്തിന്റെ ചുമതല. ജനങ്ങളിൽ പാർട്ടിയോട് മതിപ്പുകുറയാനുള്ള കാരണം കണ്ടെത്തണം. ജീവിതരീതിയിലുണ്ടായ മാറ്റം, യുവാക്കളെ സ്വാധീനിക്കുന്ന ഘടകങ്ങൾ, സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയെല്ലാം പരിശോധിക്കും.
ബി.ജെ.പി.ക്ക് സ്വാധീനമുള്ള മേഖലകളിൽ ഏതൊക്കെ രീതിയിലാണ് അവർ പ്രവർത്തിക്കുന്നതെന്ന് പഠിക്കും. തിരഞ്ഞെടുപ്പിനുശേഷം മതബോധത്തെക്കാൾ മതേതര ബോധത്തിന് പ്രാധാന്യംകിട്ടുന്ന സ്ഥിതിയുണ്ട്. ഇത് നിലനിർത്തി ബി.ജെ.പി.യുടെ ജനപിന്തുണ കുറയ്ക്കാൻ ഇടപെടണമെന്നാണ് നിർദേശം.
ബൂത്തുകളിൽ വിവിധ സ്ക്വാഡുകളായി പാർട്ടി അംഗങ്ങളെ നിയോഗിക്കും. ഓരോ വീടിന്റെ പ്രശ്നവും തിരിച്ചറിഞ്ഞ് സഹായകരമാകുന്ന ഇടപെടലുണ്ടാകണം. മോശം പെരുമാറ്റം, തെറ്റായ ജീവിതരീതി, അസാന്മാർഗിക പ്രവർത്തനങ്ങൾ എന്നിവയുള്ളവർ പാർട്ടി ബാനറിൽ ജനങ്ങൾക്കിടയിലെത്തുന്നത് തടയണം.