“കടല്‍ ബാക്കി വെച്ച ആ ശരീരത്തിന്റെ മിച്ചം വന്നത് മണ്ണിന് സമര്‍പ്പിച്ചതോടെ കടലെടുത്തവന്റെ അദ്ധ്യായം അവസാനിച്ചു. എല്ലാം മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിച്ച് ആളുകള്‍ വീണ്ടും മീനുകളുടെ സഞ്ചാരപഥങ്ങള്‍ തിരഞ്ഞു.” സുഭാഷ് ഒട്ടുംപുറം എഴുതിയ കഥ
എല്ലാവരുമുണ്ടായിരുന്നു. പോലീസ്, കോസ്റ്റ്ഗാര്‍ഡ്, മുങ്ങല്‍വിദഗ്ധര്‍, മത്സ്യത്തൊഴിലാളികള്‍, പിന്നെ അബാലവൃദ്ധം ജനങ്ങളും. കാഹളം കാതോര്‍ത്തു നില്‍ക്കുന്ന യോദ്ധാക്കളെ പോലെ എല്ലാവരും കടപ്പുറത്ത് അണിനിരന്ന് നില്‍ക്കുകയായിരുന്നു. എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട് പാതാറിനരികെ യൂനസിന്റെ ഭാര്യയും കുഞ്ഞും നില്‍ക്കുന്നത് കണ്ടു. എത്ര നേരമായ് അവള്‍ അതേ നില്‍പ്പ് തുടങ്ങിയിട്ടെന്ന് ഞാനാലോചിച്ചു. ശാപഗ്രസ്തയായ ഒരു ശില പോലെയുള്ള അവളുടെ ആ നില്‍പ്പ് കൂടി നിന്നവരില്‍ പറഞ്ഞറിയിക്കാനാവാത്ത വിഷാദം നിറച്ചു. വീശിയടിക്കുന്ന കാറ്റില്‍ തലയില്‍ നിന്നൂര്‍ന്ന് വീഴുന്ന തട്ടം ഇടയ്ക്കിടെ കൈ കൊണ്ട് നേരെയാക്കിയില്ലായിരുന്നെങ്കില്‍ അവള്‍ നിന്ന നില്‍പ്പില്‍ ജീവനറ്റു പോയതാണന്നേ ആരും കരുതൂ. അവളുടെ മകള്‍ നിലത്തെ പൂഴിമണ്ണ് വാരി കളിക്കുകയായിരുന്നു. മണലിന്റെ കിരുകിരുപ്പും ഇത്തളുകളും കുഞ്ഞിനെ വല്ലാതെ കൗതുകപ്പെടുത്തു ന്നുണ്ടാവണം. അവളുടെ ഉമ്മയുടെ ഉള്ളിലെ അശാന്തതയുടെ പൊരുളറിയാതെ കുഞ്ഞ് ഇടയ്ക്കിടെ തനിയെ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ഹേതുവിനൊരു ബാധ എന്ന പോലെ നിര്‍ത്താതെ കാറ്റും മഴയും കൂടി തകര്‍ക്കാന്‍ തുടങ്ങിയപ്പോളാണ് രക്ഷാപ്രവര്‍ത്തനം താല്‍ക്കാലിക മായി നിര്‍ത്തിവെച്ചത്. അതുവരെ അവരെ ജീവനോടെ തന്നെ കിട്ടുമെന്നൊരു പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. പക്ഷേ, അന്തരീക്ഷം പെട്ടൊന്ന് മാറി മറിഞ്ഞത് എല്ലാ പ്രതീക്ഷയും തകര്‍ത്തു. നിന്നനില്‍പ്പില്‍ ശിലയായ് മാറിയ ഒരുവളുടെ പ്രതീക്ഷയുടെ തിരിയുടെ മേലാണ് മഴ ദയയില്ലാതെ വര്‍ഷിക്കാന്‍ തുടങ്ങിയത്. നനഞ്ഞൊലിച്ച ആ രൂപം കണ്ടപ്പോള്‍ മനുഷ്യന് ചെകിളപ്പൂക്കള്‍ കൂടി വേണമായി രുന്നു എന്ന് ഞാനാഗ്രഹിച്ചു പോയത്.
അവര്‍ നാല് പേരുണ്ടായിരുന്നു. അതില്‍ ബെന്നിച്ചേട്ടന്‍ ആലപ്പുഴ ക്കാരനായിരുന്നു. അവിടെ കടലിളകിയപ്പോള്‍ പണി തേടി ഇങ്ങോട്ട് വന്നതായിരുന്നു. മത്സ്യത്തൊഴിലാളികൾ എല്ലാ നാട്ടിലും പൊതുവേ അങ്ങനെയാണ്. കടലിലേക്കിറങ്ങിയില്ലെങ്കില്‍ ആകെയൊരു അസ്വസ്ഥതയാണ്. അടുപ്പില്‍ എരിയാത്ത കനല്‍ ഉള്ളില്‍ എരിയുന്നത് കൊണ്ടാവാം. കടലിളകുന്ന കാലത്ത് അവര്‍ പതം വന്ന തുരുത്തുകള്‍ തേടിയിറങ്ങും. ഒരു തരം ദേശാടനം. ബെന്നിച്ചേട്ടന്‍ അങ്ങനെ വന്ന ദേശാടനപ്പക്ഷിയായിരുന്നു.
പുഴയില്‍ നിന്ന് വള്ളം കടലിലേക്കിറക്കുകയായിരുന്നു അവര്‍. അഴിമുഖത്തെത്തിയപ്പോള്‍ ഏതോ ചെകുത്താന്‍ ബാധ പോലെ എഞ്ചിന്‍ നിന്നു പോയി. അതിനെ ഉണര്‍ത്താന്‍ ശ്രമിക്കുമ്പോഴേക്കും ഒന്നിനു പിറകേ ഒന്നൊന്നായ് വന്ന തിരമാലകള്‍ എല്ലാം തകിടം മറിച്ചു. രണ്ട് പേര്‍ക്ക് മാത്രമാണ് കരയിലെത്താന്‍ പറ്റിയത്. അവര്‍ എറിഞ്ഞു കൊടുത്ത കയറില്‍ എത്തിപ്പിടിക്കാന്‍ കഴിയാതെ ബെന്നിച്ചേട്ടനും യൂനസും തിരമാലകള്‍ക്കിടയിലെവിടെയോ അപ്രത്യക്ഷരായി. കുറേ നേരം അവര്‍ നീന്തുന്നത് കണ്ടിരുന്നത്രേ. നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അവര്‍ തിരിച്ച് കരയിലേക്ക് നീന്താന്‍ ശ്രമിക്കാതെ ഒഴുക്കിനൊപ്പം പുറങ്കടലിലേക്ക് പോയിരുന്നെങ്കില്‍ രക്ഷപ്പെടുത്താമാ യിരുന്നു എന്ന് കടലറിവുള്ളവര്‍ പറയുന്നുണ്ടായിരുന്നു. അഴിമുഖത്തെ വെള്ളത്തിന് തണുപ്പ് കൂടുമത്രേ. ആ തണുപ്പില്‍ കൈകാലുകള്‍ കോച്ചിപ്പിടിച്ച് നീന്താന്‍ കഴിയാതെ, മരവിച്ച് പോകും. ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും അവരെന്തിന് കരയിലേക്ക് നീന്താന്‍ ശ്രമിച്ചെന്ന് ഞാനാലോചിച്ചു. ജന്മവാസന കൊണ്ടാവും. അവരുടെ വേണ്ടപ്പെട്ടവര്‍ കരയിലാണല്ലോ ഉള്ളത്.
ഇങ്ങനെ കടലില്‍ ആളെ കാണാതാവുന്നത് ഇവിടെ സാധാരണയാണ്. തലേ ദിവസം പീടികത്തിണ്ണയില്‍ ചായി പറഞ്ഞിരുന്നവര്‍, അല്ലെങ്കില്‍ കടപ്പുറത്ത് ഫുട്‌ബോളുമായ് ആരവങ്ങള്‍ തീര്‍ത്തവര്‍, അതുമല്ലെങ്കില്‍ ആരുടേയും കണ്ണില്‍പ്പെടില്ലെന്ന ധാരണയോടെ, എന്നാല്‍ എല്ലാവരു ടേയും ശ്രദ്ധയാകര്‍ഷിക്കപ്പെട്ട് ഒഴിഞ്ഞു പോയിരുന്ന് മണിക്കൂറു കളോളം മൊബൈലില്‍ കുറുകിയവര്‍. അങ്ങനെ ആരെയെങ്കിലു മൊക്കെ കടലില്‍ കാണാതായ് എന്ന വാര്‍ത്തയോടെയാവും ചില ദിവസങ്ങള്‍ തുടങ്ങുക തന്നെ. കാണാതായ മിക്കവരും മൂന്നാം ദിവസമോ അല്ലെങ്കില്‍ നാളുകളേറെ കഴിഞ്ഞോ കരയ്ക്കടിയും; ആളെ മനസ്സിലാവാത്ത വിധം ചീര്‍ത്ത്, അലിഞ്ഞു പോകത്തക്കവിധത്തില്‍. ചിലര്‍ നേര്‍ത്ത ഭാഗ്യം കൊണ്ട് ജീവനോടെ തിരിച്ചു വരാറുണ്ട്. അത്തരത്തില്‍ കടലില്‍ നിന്ന് കരകേറി വരുന്നവര്‍ പങ്കുവെച്ച ഒറ്റപ്പെടലിന്റെ വേദനയും നൈരാശ്യവും ആരിലും ഭയപ്പാടിന്റെ കടലടികളുയര്‍ത്തും. സ്വന്തം നിലവിളികളുടെ പ്രതിധ്വനികള്‍ മാത്രം കേട്ട് കടലിലൊഴുകി നടക്കുക എന്തു ഭീകരമാണ്?
കാറ്റും കോളും പതിയെ അടങ്ങാന്‍ തുടങ്ങിയപ്പോള്‍ മത്സ്യത്തൊഴി ലാളികള്‍ വീണ്ടും തിരച്ചിലിനിറങ്ങാന്‍ തയ്യാറെടുത്തു. ഇനി അവരെ ജീവനോടെ കിട്ടുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ലായിരുന്നു. ദൂരേക്കൊ ന്നും ഒഴുകി പോകാതെ അവിടെയെവിടെയെങ്കിലും ചെളിയില്‍ താഴ്ന്ന് കിടപ്പുണ്ടാകും എന്ന വിശ്വാസത്തിലായിരുന്നു എല്ലാവരും അതുവരെ. പക്ഷേ, കടലിലെ നീരൊഴുക്കിന്റെ ശക്തി കൂടുന്തോറും അവര്‍ ഒഴുകി പോകാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ട് മഴ പൂര്‍ണ്ണമായും ശമിക്കുന്നത് കാത്ത് നില്‍ക്കാതെ മത്സ്യത്തൊഴിലാ ളികള്‍ കടലിലേക്കിറങ്ങി. നാലഞ്ച് ട്രോള്‍വലക്കാര്‍ തലങ്ങും വിലങ്ങും വല വലിക്കാന്‍ തുടങ്ങി. കുറച്ചു പേര്‍ ഓഞ്ചുവലയുമായി കരയോട് ചേര്‍ന്ന് ഓഞ്ചാന്‍ തുടങ്ങി. ചിലര്‍ അരയില്‍ കെട്ടിയ കയറുമായി മുങ്ങി തപ്പി. എന്നിട്ടും കാണാതായവര്‍ അവരുടെ വലകളില്‍ വെളിപ്പെടുക യോ കാലുകളില്‍ തടയുകയോ ചെയ്തില്ല. അവര്‍ക്ക് കാട്ടികൊടുക്കാ തെ ഒളിച്ച് പിടിച്ച് കടല്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നത്? നിങ്ങളൊ ക്കെ വെറും നിസ്സാരരാണെന്നോ? ശരിയാണ് മനുഷ്യന്‍ എത്രയോ നിസ്സാരന്‍. അല്ലെങ്കില്‍ അങ്ങ് ചക്രവാളം വരെ തെളിഞ്ഞ് കാണാവുന്ന എന്റെ കണ്ണുകള്‍ക്ക് കണ്‍മുന്നിലെ കടലിന്റെ അടിത്തട്ട് കാണാനെന്തു കൊണ്ട് കഴിയുന്നില്ല? അന്ധരെ പോലെ ഞങ്ങള്‍ കരയില്‍ നില്‍ക്കുമ്പോള്‍, ഞങ്ങളുടെ തൊട്ടടുത്ത് നിസ്സഹായരായ് തണുത്തുറഞ്ഞ് ബെന്നിച്ചേട്ടനും യൂനസും… അതാലോചിക്കുമ്പോള്‍ ഇപ്പോഴും നടുക്കം മാറുന്നില്ല.
വീണ്ടും അന്തരീക്ഷം തകിടം മറിയാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരും കരയിലേക്ക് കയറി. കടപ്പുറം അപ്പോഴേക്കും ജനനിബിഢമായി കഴിഞ്ഞിരുന്നു. നേവിയുടെ ചെറുവിമാനം രണ്ട് മൂന്ന് തവണ അഴിമുഖത്തിന് മീതെ വലംവെച്ച് തിരിച്ച് പോയി. നേരം വൈകും തോറും ആളുകള്‍ക്കിടയില്‍ വല്ലാത്ത അസ്വസ്ഥത പടരാന്‍ തുടങ്ങി. പരസ്പരമുള്ള പിറുപിറുക്കലുകളില്‍ ആദ്യമൊക്കെ അത് അവ്യക്തമായിരുന്നെങ്കിലും പിന്നീടത് പതിയെ പതിയെ വ്യക്തമാകാന്‍ തുടങ്ങുകയായിരുന്നു.
കുറേ നേരം നിന്ന് കാല് കഴച്ചപ്പോള്‍ ഞാന്‍ മണല്‍ത്തിണ്ടില്‍ ഇരുന്നു. അവിടെയിരുന്ന് കലങ്ങിമറിയുന്ന കടലിലേക്ക് നോക്കിയപ്പോള്‍ മനുഷ്യന്റെ നിസ്സാരത എനിക്ക് പിന്നേയും ബോധ്യപ്പെട്ടു. കടല്‍ അത് വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണെന്ന് എനിക്ക് തോന്നി. ഒരു കാര്യത്തില്‍ മനുഷ്യനും കടലും സാമ്യമുണ്ട്. മനുഷ്യന്റെ മനസ്സ് പോലെ തന്നെയാണ് കടലും. രഹസ്യങ്ങള്‍ ഉള്ളിലൊളിപ്പിച്ച്, പുറമേക്ക് ശാന്തമെന്ന് തോന്നുമെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇളകാന്‍ നില്‍ക്കുന്ന ഉന്മാദി.
അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് കടല്‍ പിന്മാറി രൂപപ്പെട്ട മണല്‍ത്തിട്ടയുടെ അങ്ങേപ്പുറത്ത് തെളിഞ്ഞ് വന്ന എന്തോ ഒന്ന് ഞാന്‍ കണ്ടത്. കടല്‍ കൊണ്ടു വന്നിട്ട തൊണ്ടോ മറ്റോ എന്നാണ് ഞാന്‍ കരുതിയത്. അത്ര നേരം അതവിടെയില്ലായിരുന്നു. തിരയൊന്ന് പിന്‍വലിഞ്ഞപ്പോളായിരുന്നു അത് കണ്ണില്‍പ്പെട്ടത്. ഒടിഞ്ഞു കുത്തിയ ഒരു മനുഷ്യന്റെ ചന്തിയാണ് അതെന്ന് എനിക്ക് ബോധ്യപ്പെടും മുമ്പേ കൂട്ടത്തില്‍ നിന്നൊരാള്‍ എഴുന്നേറ്റ് അതിന് നേര്‍ക്ക് വിരല്‍ ചൂണ്ടി കൊണ്ട് ചക്രവാളം വരെ കേള്‍ക്കുമാറ് ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് പറഞ്ഞു: “അതാളാണ്ടാ”
ആ നിലവിളിയായിരുന്നു കാത്തിരുന്ന കാഹളം. അതുയര്‍ന്നു കേട്ടയുടനെ ആളുകള്‍ കടലിന് നേര്‍ക്ക് പാഞ്ഞു. ഹോ! എന്തൊരു കാഴ്ചയായിരുന്നു അത്. വെള്ളം ചവിട്ടി തെറിപ്പിച്ച് കുതിരകളെ പോലെ അവരാ മനുഷ്യന്റെ അരികിലേക്ക് പായുകയായിരുന്നില്ല; പറക്കുകയായിരുന്നു. ഞാനാ കാഴ്ച കണ്ട് വിസ്മയിച്ചിരുന്നു പോയി. അത്ര മനോഹരമായ കാഴ്ച അതിന് മുന്‍പും പിന്‍പും കണ്ടിട്ടില്ല എന്നെനിക്കുറപ്പാണ്. ഉണ്ടെങ്കില്‍ തന്നെ അതിന്റെ ആവര്‍ത്തനങ്ങള്‍ മാത്രം. ആ ബഹളത്തിനിടയിലാണ് ഒരാള്‍ എന്റെ അടുത്തെത്തിയത്. അയാള്‍ ഒന്നും പറയാതെ ഉടുമുണ്ടും ഷര്‍ട്ടും അഴിച്ച് എന്റെ കൈയ്യില്‍ തന്ന് കടലിന് നേരെ ഒറ്റ പാച്ചിലായിരുന്നു. ഇതെല്ലാം ഒറ്റ നിമിഷത്തിലാണ് സംഭവിച്ചത്. അയാളെ ഞാനതിന് മുന്‍പ് കണ്ടിട്ടേയില്ലായിരുന്നു. മുഖം പോലും ശരിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. ജട്ടി മാത്രമിട്ട് ശരവേഗത്തിലാണയാള്‍ മണല്‍ത്തിട്ടയിലൂടെ പാഞ്ഞത്. മനുഷ്യര്‍ നിസ്സാരരെങ്കിലും അവരെ പെരുമല പോലെ ഉയര്‍ത്തുന്ന ചിലതുണ്ട്. അത് സ്‌നേഹമാകാം, കരുണയാകാം ചിലപ്പോള്‍ പക പോലുമാകാം. ഇത്തരം വികാരങ്ങള്‍ മനുഷ്യരെ പെട്ടെന്ന് ധീരരാക്കും. അന്ന് കടലടിഞ്ഞ മനുഷ്യനെ വാരിയെടുക്കാന്‍ എന്റെ മുമ്പിലൂടെ പാഞ്ഞ മനുഷ്യരുടെ ഉള്ളിലെന്തായിരുന്നെന്ന് എനിക്കിതുവരെ തിരച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ഉള്ളിലുള്ളതിനെയെല്ലാം ഊറ്റിയെടുത്ത് കടല്‍ ചവച്ചു തുപ്പിയ ആ ശരീരമെടുത്ത് നിധി കിട്ടിയ പോലെ അവര്‍ ആംബുലന്‍സിന് നേര്‍ക്ക് പാഞ്ഞു. കടലെടുക്കാന്‍ മറന്നു പോയ അവസാന തുടിപ്പ് വല്ലതും ആ ശരീരത്തില്‍ ബാക്കിയുണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവണം. വെപ്രാളത്തോടെ യൂനസിന്റെ ഭാര്യ ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി ആംബുലന്‍സിനടുത്തേക്ക് പോകുന്നത് കണ്ടപ്പോള്‍ പലരും അവളെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അവളൊരു ചില്ലുപാത്രം പോലെ ഉടഞ്ഞുപോവുമെന്ന് ഭയപ്പെട്ടിട്ടാവണം അവര്‍ അവളെ തടഞ്ഞത്. അത് ബെന്നിച്ചേട്ടനായിരുന്നു എന്നറിഞ്ഞപ്പോള്‍ അവളുടെ മുഖത്തുണ്ടായ വികാരമെന്താണെന്ന് എനിക്ക് പറയാനറിയില്ല. വികാരശൂന്യമെന്ന പോലിരുന്നെങ്കിലും അവളുടെ മുഖം വാചാലമായിരുന്നു. അവള്‍ പെട്ടെന്ന് തന്നെ അനക്കമറ്റ് വീണ്ടും കല്ലായ് മാറി. കുറേ പെണ്ണുങ്ങള്‍ അവളെ എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. അതൊന്നും അവള്‍ കേട്ടിട്ടുണ്ടാവില്ല എന്ന് എനിക്കുറപ്പാണ്.
ഓരോ മത്സ്യത്തൊഴിലാളിയും കടലില്‍ പ്രാണന്‍ വെടിയുമ്പോള്‍ അവന്റെ ഉയിരിന്റെ പാതിയായവളുടെ മനസ്സ് ഇതുപോലെ കല്ലാകും. തീരം കടലെടുക്കാതിരിക്കാന്‍ കെട്ടിയ പാതാറിലേക്ക് ആ കല്ല് ചേര്‍ക്കപ്പെടുക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഓരോ വര്‍ഷം കൂടും തോറും, ഇങ്ങനെ അദൃശ്യമായ കല്ലുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട് പാതാറുകള്‍ക്ക് നീളം കൂടുകയാണ്. ഇന്നും പാതാറിലേക്ക് ഒരു കല്ല് കൂടെ ചേര്‍ക്കപ്പെടും. തിരകള്‍ക്കുടയ്ക്കാനും നനയ്ക്കാനും പറ്റാത്ത കല്ല്.
ഒരത്ഭുതവും ബെന്നിച്ചേട്ടന്റെ ശരീരം കാണിച്ചില്ല എന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ അറിയാന്‍ കഴിഞ്ഞു. അയാള്‍ മരിച്ചിട്ട് മണിക്കൂറുകളായിരുന്നത്രേ. ആളുകള്‍ വീണ്ടും പഴയ പോലെ കടലിലേക്ക് കണ്ണും നട്ടിരിക്കാന്‍ തുടങ്ങി. എന്റെ കയ്യിലെ അജ്ഞാതമനുഷ്യന്റെ വസ്തുക്കളെ കുറിച്ച് അപ്പോളാണ് എനിക്കോര്‍മ്മ വന്നത്. ഷര്‍ട്ടിന്റെ പോക്കറ്റിലെ പേഴ്‌സും മുണ്ടില്‍ പൊതിഞ്ഞ ഒരു വാച്ചും മൊബൈല്‍ ഫോണും അതുവരെ എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലായിരുന്നു. തുറക്കാതെ തന്നെ പേഴ്‌സില്‍ തിരുകി വെച്ച നോട്ടുകള്‍ പുറത്തേക്ക് തുറിച്ചു കാണാമായിരുന്നു. കുറച്ചധികം ഉണ്ടായിരിക്കണം. പൊടുന്നനെ വല്ലാത്തൊരു ഉത്കണ്ഠ എന്നെ പൊതിഞ്ഞു. ആ മനുഷ്യനെ ഞാനെങ്ങനെ കണ്ടെത്തും? എന്നെ കാണാത്തതു കൊണ്ട് ഞാന്‍ പണവുമായി കടന്ന് കളഞ്ഞിട്ടുണ്ടെന്ന് അയാള്‍ കരുതിയിരിക്കുമോ? ഞാന്‍ കടപ്പുറം മുഴുവന്‍ അയാളെ തിരക്കി നടന്നു. ധൃതിയില്‍ ഓടിപ്പോകുന്നതിനിടയില്‍ അയാളുടെ ജട്ടിയുടെ നിറം പോലും എന്റെ ഓര്‍മ്മയില്‍ പതിഞ്ഞിരുന്നില്ല. ജട്ടി മാത്രമിട്ട് നനഞ്ഞൊലിച്ച് നില്‍ക്കുന്നവര്‍ കുറേ ഉണ്ടായിരുന്നു താനും. അവരില്‍ പലരും വീണ്ടും വെള്ളത്തിലേക്കിറങ്ങാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. ഞാന്‍ അവര്‍ക്കിടയിലേക്ക് നടന്നു. വീണ്ടും വീണ്ടും അയാളുടെ മുഖമോര്‍ക്കാന്‍ ശ്രമിച്ച് ഞാന്‍ വിഫലമായി അയാളെ തിരഞ്ഞു. എല്ലാവരുടെ മുഖവും ഒരുപോലിരുന്നത് എന്റെ തേടല്‍ വല്ലാതെ ദുഷ്‌കരമാക്കി തീര്‍ത്തു. തിരിച്ച് നടക്കാന്‍ തുടങ്ങുമ്പോഴാണ് അവര്‍ക്കിടയില്‍ നിന്ന് ദൈവീകമെന്ന പോലെ ആ സ്വരം ഞാന്‍ കേട്ടത്:
“ന്റെ ഷര്‍ട്ടും മുണ്ടും ഞാനാരട്‌ത്തോ കൊടുത്തീര്ന്നല്ലോ?”
എനിക്കാശ്വാസമായ്. അതാണെന്റെ “മനുഷ്യന്‍.” ഞാനയാളുടെ അടുത്തെത്തി ഷര്‍ട്ടും മുണ്ടും അയാളെ ഏല്‍പ്പിച്ചു. അത് വാങ്ങി ഉടുക്കുന്നതിനിടയില്‍ അയാള്‍ പേഴ്‌സ് തുറക്കുകയോ പണം അതില്‍ തന്നെയുണ്ടെന്ന് ഉറപ്പു വരുത്തുകയോ ചെയ്തില്ല. അതൊന്നും അയാളുടെ ശ്രദ്ധയിലേ ഇല്ലായിരുന്നു.
ബെന്നിച്ചേട്ടനെ കിട്ടിയപ്പോള്‍ തിരച്ചിലിനിറങ്ങിയവര്‍ക്കും കരയില്‍ പ്രതീക്ഷയോടെ നിന്നവര്‍ക്കും പൊടുന്നനെ ഒരു ആവേശമുണ്ടായി. അവര്‍ കൂടുതല്‍ ഉത്സാഹത്തോടെ തിരയാനും ജലപ്പരപ്പിലേക്ക് ആയിരമായിരം കണ്ണുകളെറിയാനും തുടങ്ങി. പക്ഷേ, പ്രതീക്ഷകള്‍ പെട്ടൊന്ന് തന്നെ നിരാശക്ക് വഴി മാറി. തെക്കോട്ടുള്ള വെള്ളംവലി ശക്തമായതായിരുന്നു അതിനു കാരണം. അത്രയും കണ്ണുകളുടെ തുറിച്ചു നോട്ടം കടലിനെ വല്ലാതെ അസഹ്യതയുണ്ടാക്കിയിരിക്കണം. ആളുകളുടെ നോട്ടം നേരിടാനാവാതെ കടല്‍ അതിവേഗം ഒഴുകി. അതില്‍പ്പെട്ട് യൂനസിന്റെ മയ്യത്ത് മറ്റെവിടെക്കെങ്കിലും ഒഴുകിപ്പോകുമോ എന്നെല്ലാവരും ഭയപ്പെട്ടു. മയ്യത്ത് എന്നു പറയുന്നതില്‍ എനിക്കു ഖേദമുണ്ട്. മരിച്ചു കഴിഞ്ഞാല്‍ അടക്കം ചെയ്യുന്നത് വരെയെങ്കിലും ഒരുവന്റെ പേരും രൂപവുമൊക്കെ വെറും ജഡം എന്നതിന്റെ പര്യായങ്ങളിലേക്ക് ചുരുക്കപ്പെടുന്നത് വേണ്ടപ്പെട്ടവര്‍ക്ക് വേദനാജനകം തന്നെയാണ്. യൂനസ് അതിനകം മരിച്ചു കഴിഞ്ഞു എന്നു എല്ലാവര്‍ക്കും അതിനകം ഉറപ്പായിരുന്നു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങാതിരുന്നത് കൂടി നിന്നവര്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാക്കിയിരുന്നു. നേരം വൈകുന്തോ റും അത് വെളിപ്പെട്ടുവരാന്‍ തുടങ്ങി. ട്രോള്‍വലക്കാര്‍ പല തവണ കടല്‍ ഉഴുതു മറിച്ചിട്ടും ചില പൊടിമീനുകളും ചവറുകളുമല്ലാതെ കാണാതായവന്റെ തുടിപ്പുകളൊന്നും വലയില്‍ കാണാനുണ്ടായിരു ന്നില്ല. ഇടയ്ക്കിടെ പെയ്ത മഴ, രക്ഷാപ്രവര്‍ത്തകരായ മത്സ്യത്തൊ ഴിലാളികളെ വല്ലാതെ വലച്ചു. ആ അനിശ്ചിതാവസ്ഥയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ആരുടേതെന്ന് പിടുത്തം കിട്ടാത്ത ഒരു ചോദ്യം എല്ലാവര്‍ക്കും വേണ്ടിയെന്ന പോലെ ഉയര്‍ന്നു കേട്ടു: ”ഹെലികോപ്റ്റര്‍ എവഡ്രാ?”
നേവിയുടെ ഹെലികോപ്റ്ററിനെ ഉദ്ദേശിച്ചുള്ളതായിരുന്നു ആ ചോദ്യം. ഹെലികോപ്റ്റര്‍ വന്നാല്‍ നിമിഷനേരം കൊണ്ട് വെള്ളത്തിനടിയിലുള്ള ആളെ കണ്ടെടുക്കും എന്നൊരു ധാരണ പലര്‍ക്കുമുണ്ടായിരുന്നു. ഒരു മാറ്റൊലി പോലെ ആ ചോദ്യം ആള്‍ക്കൂട്ടത്തിനിടയില്‍ ആവര്‍ത്തനങ്ങ ള്‍ തീര്‍ത്തു. അതിനു മറുപടിയെന്നോണം ചില പിറുപിറുപ്പുകളും എല്ലാ വര്‍ക്കും കേള്‍ക്കാന്‍ പാകത്തില്‍ ഉയര്‍ന്നു വന്നു.
”ഞമ്മള് പാവങ്ങളല്ലേ…കായിള്ളോല് പട്ടാളത്തിനെ വരെ എറക്കും”
അതൊരു പരോക്ഷമായ സൂചനയായിരുന്നു. മുമ്പ് ഒരു പെരുന്നാള്‍ ദിനത്തില്‍ കടല്‍ കാണാന്‍ ദൂരെയെവിടെയോ നിന്നു വന്ന ഒരു കുട്ടിയെയും ഇതുപോലെ കാണാതായിരുന്നു. അന്നും ഇതുപോലെ ഇതേ ആളുകള്‍ ട്രോള്‍വല കൊണ്ടും ഓഞ്ചുവല കൊണ്ടുമൊക്കെ അരിച്ചുപെരുക്കി തിരഞ്ഞിട്ടും കുട്ടിയെ കിട്ടിയില്ല. അതൊരു വൈകുന്നേരമായിരുന്നു. മാത്രമല്ല; കടല്‍ ഇതുപോലെ ക്ഷോഭിച്ചിട്ടുമില്ലായിരുന്നു. ഓളങ്ങള്‍ ഉയര്‍ത്താതെ കടലൊരു കുളം പോലെ കിടന്നിട്ടും കുട്ടിയെ കണ്ടെത്താനായില്ല. രാത്രിയായത് കൊണ്ട് അന്ന് നേരത്തെ തന്നെ തിരച്ചില്‍ അവസാനിപ്പിക്കേണ്ടി വന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത നൊമ്പരത്തോടെ അവന്റെ ഉമ്മയും ബാപ്പയും കടപ്പുറം വിട്ടു പോകുന്നത് ഞങ്ങള്‍ അന്ന് നിസ്സഹായരായി നോക്കി നിന്നു. അന്നാ ഉമ്മയും ബാപ്പയും എങ്ങനെ നേരം വെളുപ്പിച്ചു എന്നു ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പിറ്റേ ദിവസം രാവിലെ തന്നെ നേവിയുടെ ഹെലികോപ്റ്റര്‍ വന്നു മയ്യത്ത് കാട്ടി കൊടുക്കുക യായിരുന്നു. തങ്ങള്‍ പല തവണ വലയടിച്ച് തിരഞ്ഞ ഭാഗത്ത് നിന്നു ആ കുഞ്ഞിനെ പൊക്കിയെടുക്കുമ്പോള്‍ മത്സ്യത്തൊഴിലാളികളിള്‍ പലരും കരച്ചിലടക്കാന്‍ പാടുപെട്ടു. ആ കുഞ്ഞിന്റെ ബാപ്പയ്ക്ക് പണവും സ്വാധീനവും ഉള്ളത് കൊണ്ടാണ് ഹെലികോപ്റ്റര്‍ വരുത്തി മയ്യത്ത് കണ്ടുപിടിച്ചതെന്ന് ചിലരെങ്കിലും വിശ്വസിച്ചിരുന്നു.
ആള്‍ക്കൂട്ടം വളരെ പെട്ടെന്ന് ഭരണപക്ഷവും പ്രതിപക്ഷവുമായി മാറി പരസ്പ്പരം വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടു. അവര്‍ പരസ്പരം വീഴ്ചകളും നേട്ടങ്ങളും എണ്ണിപ്പറഞ്ഞു. സത്യവുമായ് യാതൊരു ബന്ധവുമില്ലാത്ത പല കാര്യങ്ങളും പരാമര്‍ശിക്കപ്പെട്ടു. അത്ര നേരവും യാതൊരു ഭിന്നതയുമില്ലാതെ ഒരേ അകകാഴ്ച്ചയോടെ കടലിലേക്ക് കണ്ണെറിഞ്ഞവര്‍ എത്ര പെട്ടൊന്നാണ് ഭിന്നിച്ച് ചില നിറങ്ങള്‍ മാത്രമായ് മാറിയത്. കടപ്പുറം നിറയെ കൊടികള്‍ നാട്ടിയ പോലെയായിരുന്നു എനിക്ക് പിന്നീട് ആളുകളെ നോക്കിയപ്പോള്‍ അനുഭവപ്പെട്ടത്. പല നിറത്തിലുള്ള കൊടികള്‍. നേരം ചെല്ലുംതോറും പ്രതിപക്ഷത്ത് ആള്‍ബലം വര്‍ദ്ധിച്ചു. സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥനെ അവര്‍ തടഞ്ഞു. മുന്നിലുള്ള ആള്‍ക്കൂട്ടത്തെ അയാള്‍ ശാന്തനായ് നേരിട്ടു.
“നോക്കൂ, കാണാതായിരിക്കുന്നത് എന്റെ കൂടി സഹോദരനെയാണ്. പറ്റാവുന്നതെല്ലാം നമ്മൾ ചെയ്യുന്നുണ്ട്. പക്ഷേ അങ്ങോട്ട് നോക്കൂ.”- അയാള്‍ ഇളകി മറിയുന്ന കടലിലേക്ക് വിരല്‍ ചൂണ്ടി.
“അതിനോട് മല്ലിടാന്‍ ആര്‍ക്കു പറ്റും”- അയാള്‍ തന്റെ ദൈന്യത വെളിപ്പെടുത്തി.
ആള്‍ക്കൂട്ടം താൽക്കാലികമായ് അടങ്ങി. അയാള്‍ രക്ഷാപ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളികളെ കണ്ട് സംസാരിച്ചു. അവരെ അഭിനന്ദിച്ചു. പിന്നെ യൂനസിന് വേണ്ടിയുള്ള നാട്ടുകാരുടെ പ്രാര്‍ത്ഥനയില്‍ താനും ഭാഗഭാക്കാണെന്ന് അറിയിച്ചു. കുറേ നേരം കടപ്പുറത്ത് ചെലവഴിച്ചാണ് അയാള്‍ പോയത്.
അങ്ങനെ കുറേ ഉദ്യോഗസ്ഥര്‍ പലപ്പോഴായി സംഭവസ്ഥലം സന്ദര്‍ശിച്ചത് ഭരണപക്ഷത്തിന് ചെറിയൊരു മേല്‍ക്കോയ്മ നേടിക്കൊടുത്തു. എങ്കിലും ആള്‍ക്കൂട്ടത്തില്‍ നിന്ന് ഇടയ്ക്കിടെ ഉയര്‍ന്നു കേട്ട “ഹെലികോപ്റ്റര്‍ എവഡ്രാ?” എന്ന ചോദ്യം ഭരണപക്ഷത്തെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അരൂപിയെ പോലെ ആ ചോദ്യം കടപ്പുറം മുഴുവന്‍ കടലോളം തന്നെ പ്രകോപനങ്ങള്‍ തീര്‍ത്തു. “ഹെലികോപ്റ്റര്‍ന് അനുമതി കിട്ടീട്ടില്ലെടാ നാറികളേ. എമ്മെല്ലേക്ക് ഹെലികോപ്റ്ററ് പറപ്പിക്കാനറിയൂലെഡാ”- ഭരണപക്ഷവും ക്ഷോഭിക്കുന്ന കടലായി. അവര്‍ തിരിച്ചടിക്കുക മാത്രമല്ല ചെയ്തത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തത നികത്താന്‍ വേണ്ടിയെന്നോണം ഓഞ്ചുവലയെടുത്ത് കാറ്റും മഴയും വക വെക്കാതെ അവര്‍ കടലിലേക്കിറങ്ങി. ഒരു തരം വാശിയോടെ അവര്‍ ഓഞ്ചി.
കടലിന്റേയും കരയുടേയും പിടിവാശികളില്‍ അവസാനം കടല്‍ തന്നെ ജയിച്ചു എന്ന് വേണം കരുതാന്‍. അന്ന് ഉച്ചക്കു ശേഷം നിര്‍ത്താതെ മഴ പെയ്തു. എന്തോ പകയുള്ള പോലെ കടല്‍ വല്ലാതെ ഇളകി മറിഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായി. യൂനസിനെ കണ്ടു കിട്ടിയതേയില്ല. ചുറ്റും ഇരുട്ട് പരക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരും അവനവന്റെ വീടുകളിലേക്ക് നടക്കാന്‍ തുടങ്ങി. യൂനസിന്റെ ഭാര്യ അപ്പോഴും അതേ നില്‍പ്പ് തന്നെയായിരുന്നു. അന്നേരം അവളുടെ മുഖത്ത് ഭയം വന്ന് നിറയുന്നത് ഞാന്‍ ശരിക്ക് കണ്ടു. തന്റെ ഉയിരിന്റെ പാതി കടലിനടിയില്‍ അനാഥനായി കിടക്കുകയാണെന്ന അവളുടെ തിരിച്ചറിവില്‍, അന്നത്തെ പകല്‍ അതിന്റെ നിറഭേദങ്ങളെ ഇരുട്ട് കൊണ്ട് മൂടി. ആ ഇരുട്ടില്‍ കടപ്പുറത്തെ പല നിറത്തിലുള്ള കൊടിക്കൂറകള്‍, കറുപ്പിലേക്ക് ലയിച്ച് കരിങ്കൊടികളായ് മാറി പരമമായ സത്യത്തെ ഓര്‍മ്മിപ്പിച്ചു.
മൂന്ന് നാള്‍ കഴിഞ്ഞ്, ഹാര്‍ബറിലെ പുലിമുട്ടിനരികെ നിന്ന് യൂനസിന്റെ മയ്യത്ത് കണ്ടു കിട്ടി. തിരമാലകള്‍ അതിനെ കരിങ്കല്ലില്‍ തട്ടിക്കളിച്ച് രസിക്കുകയായിരുന്നു. അഴുകിത്തീര്‍ന്ന ആ ശരീരം കാണാത്തവര്‍ ഭാഗ്യവാന്മാരാണെന്ന് കണ്ടവര്‍ പറഞ്ഞു. കടല്‍ ബാക്കി വെച്ച ആ ശരീരത്തിന്റെ മിച്ചം വന്നത് മണ്ണിന് സമര്‍പ്പിച്ചതോടെ കടലെടുത്തവന്റെ അദ്ധ്യായം അവസാനിച്ചു. എല്ലാം മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിച്ച് ആളുകള്‍ വീണ്ടും മീനുകളുടെ സഞ്ചാരപഥങ്ങള്‍ തിരഞ്ഞു.
അതിന് ശേഷവും പലരേയും കടലില്‍ കാണാതായിട്ടുണ്ട്. പലരും ജീവനോടെയോ അല്ലാതെയോ തിരിച്ചെത്തിയിട്ടുമുണ്ട്. ചിലരാകട്ടെ ഇതുവരെ തിരിച്ചു വന്നിട്ടുമില്ല. കടലില്‍ നിന്ന് തിരിച്ച് വരാന്‍ കഴിയാത്തവരെല്ലാം, ചെകിളപ്പൂക്കള്‍ വിരിഞ്ഞ് ജലജീവികളായ് രൂപപരിണാമം സംഭവിച്ചിട്ടുണ്ടാകും. എന്നെങ്കിലുമൊരു ദിവസം അവര്‍ ജലപ്പരപ്പിന് മുകളിലേക്ക് വരുമായിരിക്കും. അതുകൊണ്ടാണല്ലോ അവരുടെ വേണ്ടപ്പെട്ടവര്‍ കടലിലേക്ക് കണ്ണും നട്ടിരിക്കുന്നത്.