തിരക്കിട്ട ജീവിതത്തിനിടയിൽ ആരോഗ്യം കാത്തുസൂക്ഷിക്കാൻ പാടുപെടുന്നവരാണ് നമ്മളിൽ പലരും. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ഭക്ഷണക്രമത്തിന് വലിയപങ്കാണ് ഉളളത്. മുളപ്പിച്ചു കഴിക്കാവുന്ന പയർ വർഗ്ഗങ്ങൾ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇവ നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
മുളപ്പിച്ച പയറുവർഗങ്ങൾ ദഹനം സുഗമമാക്കാൻ സഹായിക്കും. മുളപ്പിച്ച പയർവർഗങ്ങളുടെ നിരവധി ഗുണങ്ങൾ വിവരിക്കുന്നതാണ്, ന്യൂട്രീഷനിസ്റ്റ് ലവ്നീത് ബത്ര പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ്. പ്രോട്ടീൻ ധാരാളമടങ്ങിയ പ്രഭാതഭക്ഷണം പേശികളെ ബലപ്പെടുത്തുമെന്ന് ലവ്നീത് പറയുന്നു. ഗ്ലൂക്കോസിന്റെ കൃത്യമായ ഉത്പാദനത്തിനും ഹോർമോണുകളുടെ പ്രവർത്തനങ്ങൾ കൃത്യമാക്കാനും ഇവ സഹായിക്കുന്നു.
മുളപ്പിച്ച പയർവർഗങ്ങൾ കഴിക്കുന്നത് മൂലം ശരീരത്തിൽ പോഷകങ്ങളുടെ അളവ് വർധിക്കുന്നു. ഇവയിൽ പ്രോട്ടീൻ, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.
മുളപ്പിച്ച പയർ വർഗങ്ങൾ കൊണ്ടുള്ള രുചികരമായ വിഭവങ്ങൾ പ്രഭാത ഭക്ഷണമായി ഉപയോഗിക്കാം. ഇവ കഴിക്കുന്നതിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും. നിത്യേന ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ദഹനം സുഗമമാക്കാൻ സഹായിക്കുന്നു.
മുളപ്പിച്ച പയർ നല്ലവണ്ണം ആവി കയറ്റി, വേവിച്ച ഉരുളക്കിഴങ്ങിനോടൊപ്പം കഴിക്കാവുന്നതാണ്. രുചികരമാക്കുന്നതിനായി അല്പം നെയ്യും ഇതോടൊപ്പം ചേർക്കാം.
Content Highlights: nutritionist Lovneet Batra about sprouts