തിരുവനന്തപുരം: മരംമുറി കേസിൽ വിവരാവകാശ നിയമപ്രകാരം ഫയൽ കൊടുത്തതിന് സെക്രട്ടറിയേറ്റിൽ കൂട്ട സ്ഥാനമാറ്റം. റവന്യൂ അഡീഷണൽ സെക്രട്ടറി ഗിരിജ കുമാരി, സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനറും സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്റുമായ ജെ. ബിൻസി എന്നിവർ അടക്കമുള്ള ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
റവന്യൂ അഡീഷണൽ സെക്രട്ടറി ഗിരിജ കുമാരിയെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് സ്ഥാനം മാറ്റി. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡിഷണൽ സെക്രട്ടറിയായിരുന്ന ആർ. താരാദേവിയെ റവന്യൂ അഡീഷണൽ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി. മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ നീക്കം ക്രമവിരുദ്ധമാണെന്ന് ഫയലിൽ രേഖപ്പെടുത്തിയത് ഗിരിജാ കുമാരിയായിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ എടുക്കുന്ന നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് നോട്ടെഴുതിയ ഉദ്യോഗസ്ഥയാണ് ഗിരിജാ കുമാരി.
സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനറും സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്റുമായ ജെ. ബിൻസിയെ കാർഷിക കടാശ്വാസ കമ്മീഷനിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. വിവാദ മരംമുറിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിൻസി പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരേ നോട്ടീസ് ഇറക്കുകയും ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശ വകുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. അണ്ടർ സെക്രട്ടറി ശാലിനിയോട് അവധിയിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Content Highlights:Tree felling- transferres in kerala secretariat