
ചീരയുടെ ഗുണങ്ങളെക്കുറിച്ച് കേൾക്കാത്ത മലയാളികൾ കുറവാണ്… ചീര എന്നത് നമുക്ക് നമ്മുടെ വീട്ടിൽത്തന്നെ നട്ടുവളർത്താവുന്ന ഒരു ഇലക്കറിയാണ്. ചീരതന്നെയാണ് ഇലവർഗങ്ങളിൽ ഏറ്റവുമധികം പോഷകങ്ങൾ നൽകുന്നതും. ജീവകം-എ, ജീവകം-സി, ജീവകം-കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്.
വിവിധയിനം ചീരകൾ കാണപ്പെടാറുണ്ട്. പെരുഞ്ചീര, മുള്ളൻചീര, ചെഞ്ചീര, ചെറുചീര, നീർച്ചീര, മധുരച്ചീര, പാലക് (ഉത്തരേന്ത്യയിൽ കാണപ്പെടുന്ന ചീര) എന്നിവയാണ് അവയിൽ ചിലത്.
വിവിധ വലിപ്പങ്ങളിലും നിറങ്ങളിലുമുള്ള ചീരച്ചെടികളുണ്ട്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചുവന്നചീര. പച്ചനിറത്തിലുള്ള ചീരയും പാലക് ചീരയും ഇവിടെയും ധാരാളമായി കിട്ടും.
എന്നാൽ, ഞങ്ങൾ അമേരിക്കൻ മലയാളികൾക്ക് ഇന്ത്യൻ സ്റ്റോറിൽ കിട്ടാത്ത ഒരു ഇലവർഗമാണ് ചുവന്നചീര. അവസാനം ചീരയുടെ രുചിയുടെ ഓർമകാരണം ഈ വർഷം ഞാൻ ചുവന്നചീരയുടെ വിത്ത് പാകുകയും അവ വിജയകരമായി വിളവെടുക്കുകയും ചെയ്തു.
നാടൻ വിളവുകളുടെ നിറം എത്ര കടുത്തതാണോ, അത് ആരോഗ്യത്തിന് അത്രയുംതന്നെ മെച്ചമുള്ളതാണെന്ന് ഡോക്‍ടർമാർ പറയുന്നതിന് പിന്നിൽ വ്യക്തമായ വസ്തുതകൾ ഉണ്ട്. ആരോഗ്യ ആനുകൂല്യങ്ങളുടെ കണക്കെടുക്കുകയാണെങ്കിൽ ചുവന്നചീര ആ ചാർട്ടിൽ ഒന്നാമതാണ്. വിറ്റാമിൻ-സി, മറ്റ് പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകൾ എന്നിവ വളരെയധികം അടങ്ങിയിട്ടുള്ള ചുവന്നചീരയ്‍ക്ക് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താൻ കഴിയും. അമരാന്തേഷ്യ എന്ന വർഗത്തിൽ ഉൾപ്പെടുന്ന ചീര വിളർച്ച അകറ്റാനുള്ള പ്രധാന ആഹാരമാണെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ചീരയുടെ ആരോഗ്യഗുണങ്ങൾ
കാഴ്ചശക്തി മെച്ചപ്പെടുത്താൻ
ചുവന്നചീരയിൽ ധാരാളം വിറ്റാമിൻ-സി ഉണ്ട്. ഇത് നല്ല കാഴ്ചനൽകാനും കാഴ്ചശക്തിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും സഹായിക്കും. കൂടാതെ ഒപ്റ്റിക് ഞരമ്പുകളെ ശക്തിപ്പെടുത്താനും കാഴ്ചശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്ന നിരവധി പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. പ്രായംകൂടുമ്പോൾ ഉണ്ടാകുന്ന, കാഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ തടയുന്നതിനായി ചുവന്നചീരയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ വളരെ സഹായിക്കും.
ദഹനപ്രക്രിയ സുഗമമാക്കാൻ
ചീരയിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചീര ശരിയായ ദഹനത്തിന് സഹായിക്കുന്നതു കൂടാതെ വൻകുടൽ കാൻസർ, പ്രമേഹം, കൊളസ്ട്രോൾ എന്നിവ പരിഹരിക്കാനും ശരീരഭാരം കുറയ്‍ക്കാനും ഉപയോഗപ്രദമാണ്.
കാൻസർ തടയാൻ
ചുവന്നചീരയിൽ അമിനോ ആസിഡ്, ഇരുമ്പ്, ഫോസ്‌ഫറസ്, വിറ്റാമിൻ-ഇ, പൊട്ടാസ്യം, വിറ്റാമിൻ-സി, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് കാൻസർ കോശങ്ങളുടെ വളർച്ചയെ ഇല്ലാതാക്കുന്നു. ഇവയിലെ ആന്റി ഓക്സിഡന്റുകളും കാൻസർ വരുന്നത് തടയുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു.
മുടി നരയ്‍ക്കുന്നത് തടയാൻ
ചെറുപ്പക്കാരിൽ വരെ ഇന്ന് അകാലനര കാണപ്പെടാറുണ്ട്. ചുവന്നചീരയിൽ അടങ്ങിയിട്ടുള്ള അയൺ, മാംഗനീസ്, കാത്സ്യം, മറ്റ് പ്രധാന ധാതുക്കൾ എന്നിവ മുടിയിലെ മെലാനിൻ മെച്ചപ്പെടുത്തുകയും അകാലനരയെ തടയുകയും ചെയ്‌യുന്നു. ഇത് മുടിയെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിലിൽ നിന്ന് സംരക്ഷിക്കുകയും ചെയ്‌യുന്നു.
വിളർച്ച തടയുന്നതിന്
ചുവന്നചീരയിൽ നല്ല അളവിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാൽ ഇവ വിളർച്ച ചികിത്സിക്കുന്നതിനായി നല്ലൊരു വിഭവമാണ്. ചുവന്ന ചീരയിൽ ഉള്ള ഇരുമ്പിന്റെ അംശം ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താൻ വളരെയധികം സഹായിക്കുന്നു. ചുവന്നചീരയുടെ പതിവായിട്ടുള്ള ഉപയോഗം വഴി ഹീമോഗ്ലോബിൻ നില മെച്ചപ്പെടുത്താനും രക്തത്തെ ശുദ്ധീകരിക്കാനും കഴിയും. അതുവഴി സ്വാഭാവികമായുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു. വിളർച്ചയുള്ളവരാണെങ്കിൽ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ചുവന്നചീര ഉൾപ്പെടുത്തുക.
രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ
വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഉയർന്ന ഉറവിടമായതിനാൽ ചുവന്നചീര രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. അമിനോ ആസിഡ്, വിറ്റാമിൻ-ഇ, വിറ്റാമിൻ-കെ, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവയാണ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങൾ.
അസ്ഥികളുടെ ശക്തി വർധിപ്പിക്കാൻ
ചുവന്നചീര വിറ്റാമിൻ-കെ.യുടെ നല്ല ഉറവിടമായതിനാൽ, അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇത് ഗുണംചെയ്‌യും. ഭക്ഷണത്തിൽ വിറ്റാമിൻ-കെ.യുടെ അഭാവം ഓസ്റ്റിയോപൊറോസിസ് അല്ലെങ്കിൽ അസ്ഥിയൊടിവ് ഉണ്ടാകാൻ കാരണമാകും. ചുവന്നചീര കഴിക്കുന്നത് കാത്സ്യം ആഗികരണം, അസ്ഥി മാട്രിക്സ് പ്രോട്ടീൻ എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും.
രക്തസമ്മർദം നിയന്ത്രിക്കാൻ
ചുവന്നചീരയിൽ കലോറി വളരെ കുറവാണ്. പൊട്ടാസ്യം കൂടുതലാണ്. ഇതിൽ സോഡിയത്തിന്റെ അളവ് കുറവാണ്. ഇത് രക്താതിസമർദ രോഗികൾക്ക് അഭികാമ്യമാണ്. രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയത്തിലെ മർദം കുറയ്‍ക്കാനും ചുവന്നചീര സഹായിക്കും.
അമിതമായാൽ അമൃതും വിഷം
ചുവന്നചീരയ്‍ക്ക് പല ഗുണങ്ങളും ഉണ്ടെങ്കിലും ചിലരിലെങ്കിലും പാർശ്വഫലങ്ങളും കാണാറുണ്ട്. ചീര വളരെ പോഷകഗുണമുള്ളതാണെങ്കിലും ചില അസുഖങ്ങളുള്ളവർക്ക് ഇത് കഴിക്കുന്നതുവഴി ദോഷം ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് കിഡ്നി സ്റ്റോൺ ഉള്ള ആളുകളിൽ കാത്സ്യം, ഓക്സലേറ്റ് എന്നിവ അമിതമായി ശരീരത്തിൽ ഉണ്ടാകുകയാണെങ്കിൽ കൂടുതൽ കല്ലുകൾ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ട്. അതിനാൽ അമിതമായി ഇവർ ചീര കഴിക്കുന്നത്, അവയിൽ അടങ്ങിയിട്ടുള്ള കാത്സ്യം ശരീരത്തിൽ എത്തിക്കാനും അതുവഴി രോഗം വഷളാവാനും സാധ്യതയുണ്ട്.
ചീരയിൽ വിറ്റാമിൻ-കെ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ രക്തം നേർപ്പിക്കാൻ (ബ്ലഡ് തിന്നിങ്) മരുന്നുകൾ കഴിക്കുന്നവർ കരുതലോടെ വേണം ഇവ ഭക്ഷണരീതിയിൽ ഉൾപ്പെടുത്തേണ്ടത്.
ചീരയിൽ ഉയർന്ന അളവിലുള്ള നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഒരുവട്ടം വേവിച്ച ചീര വീണ്ടും ചൂടാക്കുന്നത് ഈ നൈട്രേറ്റുകളെ, നിട്രേറ്റ് ആക്കി മാറ്റുന്നു. ഇത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതിനാൽ മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, മറ്റ് അസുഖങ്ങൾ ഉള്ളവർ തീർച്ചയായും ഇങ്ങനെ പാചകംചെയ്ത ചീര പലയാവർത്തി ചൂടാക്കിക്കഴിക്കരുത്.
ചീരയിൽ കാണപ്പെടുന്ന കീടങ്ങളെ തുരത്താനായി മിക്കവാറും കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കുക സാധാരണമാണ്. അതിനാൽ മാർക്കറ്റുകളിൽനിന്ന് വാങ്ങുന്ന ചീരയിൽ കീടനാശിനികളുടെ അംശം കാണാനുള്ള സാധ്യത കൂടുതലാണ്. അതിനാൽത്തന്നെ ഇവ നന്നായി കഴുകി മാത്രമേ ഉപയോഗിക്കാവൂ. വെള്ളവും മഞ്ഞളും ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്.















