ബുഡാപെസ്റ്റ് > ഡച്ചുകാർ വീണ്ടും തലകുനിച്ചു. ലോകഫുട്ബോളിലെ നഷ്ടപ്രതാപം വീണ്ടെടുക്കാനെത്തിയ നെതർലൻഡ്സ് യൂറോ കപ്പ് ഫുട്ബോളിൽ നിന്ന് പുറത്ത്. പ്രീ ക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക്കാണ് ഡച്ചുകാരെ തോൽപ്പിച്ചത് (2–-0). തോമസ് ഹോളിഷും പാട്രിക് ഷിക്കുമാണ് വിജയഗോൾ കുറിച്ചത്. ക്വാർട്ടറിൽ ജൂലൈ മൂന്നിന് ഡെൻമാർക്കിനെ നേരിടും.
2014 ലോകകപ്പിനുശേഷം പ്രധാന ടൂർണമെന്റിലേക്ക് നെതർലൻഡ്സിന്റെ തിരിച്ചുവരവായിരുന്നു ഈ യൂറോ. 55–-ാം മിനിറ്റിൽ പ്രതിരോധക്കാരൻ മാതിസ് ഡി ലിറ്റ് ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതാണ് ഡച്ചുകാരുടെ തോൽവിക്ക് വഴിവച്ചത്. ബോക്സിന് പുറത്ത് പന്ത് കൈ കൊണ്ട് തൊട്ടതിനായിരുന്നു ഡി ലിറ്റിന് നേരിട്ട് ചുവപ്പ് കാർഡ് വീശിയത്.
ആദ്യപകുതി കടുത്ത പ്രതിരോധമായിരുന്നു ചെക്കിന്റേത്. എന്നാൽ ഇരുടീമുകൾക്കും അവസരങ്ങളുണ്ടായി. മെംഫിസ് ഡിപെയും ഡി ലിറ്റും ചെക്ക് ബോക്സിന് മുന്നിൽനിന്ന് പതറി. നെതർലൻഡ്സിനേക്കാൾ ചെക്കിനായിരുന്നു മുന്നിലെത്താൻ കൂടുതൽ വഴികിട്ടിയത്. തോമസ് സൗചെക്ക് ഹെഡ്ഡർ കളഞ്ഞു. അന്റോണിൻ ബരാക്കാകട്ടെ ഗോളിയെ മുന്നിൽനിർത്തി പന്ത് പുറത്തേക്കടിച്ചു.
ഇടവേള കഴിഞ്ഞെത്തിയ ഡച്ചുകാർക്ക് വീര്യം കൂടുതലായിരുന്നു. ചെക്ക് ചങ്ങല തകർക്കാൻ സർവസന്നാഹവുമായി അവർ അണിനിരന്നു. 51–-ാം മിനിറ്റിൽ ഡൊണിൽ മലെൻ കെട്ടുപൊട്ടിച്ചെങ്കിലും ഗോൾകീപ്പർ തോമസ് വാച്ച്ലിക്ക് ചെക്കിന്റെ രക്ഷകനായി. പന്തുമായി മുന്നേറിയ മലെൻ ഷോട്ടുതിർക്കുമ്പോഴേക്കും വാച്ച്ലിക്ക് പന്ത് കൈവശപ്പെടുത്തി. തൊട്ടുപിന്നാലെയായിരുന്നു ഡി ലിറ്റിന്റെ മടക്കം.
പത്തുപേരുമായി ചുരുങ്ങിയ എതിരാളിയോട് ഒരു ദാക്ഷിണ്യവും ചെക്ക് കാട്ടിയില്ല. അതുവരെ തടയാൻ നിന്നവർ പിന്നീട് എല്ലാം മറന്ന് ആക്രമണത്തിലേക്ക് ചുവടുമാറ്റി. ഡച്ച് പ്രതിരോധം ചിതറി. ഒത്തിണക്കവും ആത്മവിശ്വാസവും നഷ്ടപ്പെട്ട ഫ്രാങ്ക് ഡി ബോയെറിന്റെ സംഘം കീഴടങ്ങലിന്റെ സൂചനകൾ കാട്ടിത്തുടങ്ങി. പാവേൽ കാദെറബെക്കിന്റെ ശ്രമം ഗോൾവലയ്ക്ക് മുന്നിൽ ഡെൻസെൽ ഡംഫ്രിസ് തടഞ്ഞു. പക്ഷേ ഏറെനേരം പിടിച്ചുനിൽക്കാനായില്ല ഓറഞ്ച് പടയ്ക്ക്. വലതുമൂലയിൽ നിന്ന് ചെക്കിന് ഫ്രീ കിക്ക്. ബരാക്ക് തൊടുത്തു. ബോക്സിൽ തോമസ് കലാസിന്റെ ഹെഡ്ഡർ ഹോളിഷിലേക്ക്. ഇരുപത്തിയെട്ടുകാരന്റെ മറ്റൊരു ഹെഡ്ഡർ ഡച്ച് വലയിലേക്ക്. ആ ഗോളിൽ നെതർലൻഡ്സ് തോൽവി സമ്മതിച്ചു.
തോറ്റവരെ പോലെ പന്തുതട്ടിയവർ വൈകാതെ രണ്ടാമതും വഴങ്ങി. ഇത്തവണയും ഹോളിഷ് കൈയൊപ്പ് ചാർത്തി. ബോക്സിൽ ഹോളിഷ് നൽകിയ പന്ത് മിന്നുംവേഗത്തിൽ ഷിക്ക് ലക്ഷ്യത്തിലെത്തിച്ചു.