ലോക്ഡൗൺ തുടങ്ങിയപ്പോൾ മുതൽ ഹിഫ്നയെന്ന പതിനൊന്നുകാരി രുചികളുടെ പിന്നാലെ കൂടിയതാണ്. അമ്മയുണ്ടാക്കുന്ന വിഭവങ്ങൾ കൊതിയോടെ തട്ടുകയല്ല രുചികരമായ വിഭവങ്ങൾ സ്വന്തമായി പാകം ചെയ്ത് മറ്റുള്ളവരുടെ വയറും മനസ്സും നിറയ്ക്കുകയാണ് അവൾ.
ഒമ്പതാം വയസ്സുമുതൽ തുടങ്ങിയതാണ് ഈ പാചകഭ്രമം ഹിഫ്നയ്ക്ക്. ഡെസേർട്ടുകളും കേക്കുകളുമാണ് ഉണ്ടാക്കാൻ ഏറെ ഇഷ്ടമുള്ള വിഭവങ്ങൾ. വീട്ടിൽ വിരുന്നുകാരൊക്കെ വന്നാൽ ഹിഫ്ന സ്പെഷ്യൽ പുഡ്ഡിങ്ങോ കേക്കോ ഉറപ്പ്. ഇപ്പോൾ ഓൺലൈൻ ക്ലാസുകളുകളുടെ തിരക്കിനിടയിലും പാചകം മുടക്കാൻ ഹിഫ്ന തയ്യാറായല്ല.
പാലക്കാട് പട്ടാമ്പിയിലാണ് ഹിഫ്നയുടെ വീട്. മുത്തശ്ശനും മുത്തശ്ശിയും അമ്മ ജിൻസിയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് കുടുംബം. പിതാവ് അമർ ഷെരീഫ് സൗദിയിലാണ്. ഹിഫ്നയുടെ പാചകഭ്രമത്തിന് എല്ലാവരും ഒറ്റക്കെട്ടായി ഒപ്പമുണ്ട്.
യൂട്യൂബ് ചാനൽ തുടങ്ങണമെന്ന ഹിഫ്നയുടെ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. പാചകം ഇഷ്ടമല്ലെങ്കിലും ഹിഫ്നയുടെ പുതിയ യൂട്യൂബ് ചാനലിന് പിന്നിലെ കൈകൾ മൂത്ത് സഹോദരി ഹിംനയുടേതാണ്. ഭക്ഷണമുണ്ടാക്കുന്നത് വീഡിയോയിൽ പകർത്താനും എഡിറ്റ് ചെയ്യാനുമെല്ലാം ഹിംന റെഡി. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹിംന.
ഹിഫ്ന കുക്ക് ഹൗസ് എന്ന് പേരിട്ട ചാനലിലെ ആദ്യത്തെ വീഡിയോ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പരീക്ഷിക്കാവുന്ന പാൻ കേക്കിന്റേതാണ്. ഹിഫ്നയുടെ പാൻകേക്ക് റസിപ്പി പരിചയപ്പെടാം.
Content Highlights: Hifna eleven year old girl from Palakkad who loves cooking