ദുബായ്: ഐസിസിയുടെ ലോക ടെസ്റ്റ് റാങ്കിങ് ബുധനാഴ്ച പ്രസിദ്ധീകരിച്ചു. ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്മിത്തിന്റെ നേട്ടം. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തെത്തി.
ഒന്നാം സ്ഥാനത്തുള്ള സ്മിത്തിന് 896 റേറ്റിംഗ് പോയിന്റും രണ്ടാം സ്ഥാനത്തുള്ള വില്യംസണ് 891 റേറ്റിംഗ് പോയിന്റുമാണ് ഉള്ളത്. ന്യൂസീലൻഡിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് കളിക്കുന്ന ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായ കോഹ്‌ലിക്ക് 814 റേറ്റിംഗ് പോയിന്റുകളാണ്.
ഇന്ത്യൻ നിരയിൽ നിന്നും കോഹ്‌ലിക്കൊപ്പം റിഷഭ് പന്തും രോഹിത് ശർമയും ആദ്യ പത്തിലുണ്ട്. 747 പോയിന്റുകളുമായി രോഹിത് ശർമയും റിഷഭ് പന്തും ആറാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം പരുക്കുമൂലം കളിക്കാതിരുന്ന വില്യംസൺ അഞ്ചു പോയിന്റുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ടെസ്റ്റ് ബോളർമാരുടെ ബോളിങ്ങിൽ 850 പോയിന്റുകളുമായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ രണ്ടാം സ്ഥാനം നിലനിർത്തി. 908 പോയിന്റുകളുമായി ഓസ്‌ട്രേലിയൻ താരം പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ താരങ്ങളിൽ ആദ്യ പത്തിലുള്ള ഏക താരമാണ് അശ്വിൻ.
Read Also: ‘ഇതായിരിക്കും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സംഭവിക്കുക’; രോഹിതിനോട് ബോള്‍ട്ട്
ഓൾറൗഡർമാരുടെ പട്ടികയിൽ 412 പോയിന്റുകളുമായി വെസ്റ്റ് ഇൻഡീസ് താരം ജേസൺ ഹോൾഡറാണ് ഒന്നാമത്. 386 പോയിന്റുകളുമായി ഇന്ത്യയുടെ രവീന്ദ്ര ജഡേജ രണ്ടാമതും 353 പോയിന്റുമായി അശ്വിൻ നാലാമതുമാണ്.
The post ICC Test rankings: ബാറ്റ്‌സ്മാന്മാരിൽ ഒന്നാമതായി സ്റ്റീവ് സ്മിത്ത്, സ്ഥാനം മെച്ചപ്പെടുത്തി കോഹ്ലി appeared first on Indian Express Malayalam.