തിരുവനന്തപുരം: 17-ാം തിയതി മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെ.എസ്.ആർ.ടി.സി. പരിമിതമായ സർവീസുകളും ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ 50% സർവീസും നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും കെ.എസ്.ആർ.ടി.സി. സർവീസ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സി,ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ) പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതൽ ഉള്ള സ്ഥലങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത്. ഓർഡിനറി ബസുകളിൽ 12 മണിക്കൂർ എന്ന നിലയിൽ യാത്രാക്കാരുടെ ആവശ്യാനുസരണമാകും സർവീസ്. യാത്രാക്കാർ കൂടുതലുള്ള തിങ്കൾ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ നടത്തും.
സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ശനി,ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ ഒഴികെ സർവീസ് നടത്തില്ല. ഞാറാഴ്ച ഉച്ചയ്ക്ക് ശേഷം ദീർഘദൂര സർവീസുകൾ പുനരാരംഭിക്കും.
ഇതോടൊപ്പം സംസ്ഥാനജല ഗതാഗതവകുപ്പിന്റെ ബോട്ടുകൾ ഓരോ സ്റ്റേഷനുകളിലും അൻപതുശതമാനം ഷെഡ്യൂളുകൾ വീതം രാവിലെ ഏഴുമണി മുതൽ വൈകുന്നേരം എഴുമണി വരെ സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
content highlights:ksrtc and boat services to restart from tomorrow