പറമ്പിൽ മുരിങ്ങയില്ലാത്ത വീടുകൾ കുറവായിരിക്കും. ഔഷധ ഗുണങ്ങൾ ഏറെയുള്ള മുരിങ്ങിയില കേരളീയ വിഭവങ്ങളിൽ സ്ഥിരം സാന്നിധ്യമാണ്. എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണ് മുരിങ്ങിയില ചോറ്. സോനാ മസൂരി/ ബസ്മതി അരിയാണ് ഇവിടെ ഉപയോഗിക്കുന്നത്
ആവശ്യമായ ചേരുവകൾ
- ചോറ് ( സോനാ മസൂരി/ ബസ്മതി ) – 2 കപ്പ്
- മുരിങ്ങയില – 1 കപ്പ്
- സവാള -1
- കറിവേപ്പില – ആവശ്യത്തിന്
- കടുക് -1 ടീസ്പൂൺ
- ജീരകം – 1 ടീസ്പൂൺ
- ഉഴുന്ന് – 1 ടീസ്പൂൺ
- കടലപരിപ്പ് -1 ടീസ്പൂൺ
- കപ്പലണ്ടി -1 ടീസ്പൂൺ
- ഉണക്ക മുളക് – 3-4 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ / നെയ്യ് – 1 1/2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
മുരിങ്ങയില കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഇട്ട് വെള്ളം വറ്റി ക്രിസ്പി ആകുന്ന വരെ ഇളക്കി കൊടുക്കണം (വേണമെങ്കിൽ വെള്ളം വറ്റി കഴിഞ്ഞാൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കാം).
മുരിങ്ങയില നന്നായി ഫ്രൈ ആക്കി തണുത്തതിനു ശേഷം മിക്സിയിൽ പൊടിച്ചു എടുക്കുക. ഫ്രയിങ് പാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകും ജീരകവും ഇട്ടു പൊട്ടിക്കുക. അതിലേക്കു ഉഴുന്ന്, കടലപ്പരിപ്പ് , കപ്പലണ്ടി എന്നിവ ചേർത്ത് നിറം മാറി വരുമ്പോൾ ഉണക്കമുളക് മുറിച്ചിട്ടത് ചേർത്ത് ഇളക്കുക.
ശേഷം ചെറുതായി അരിഞ്ഞ സവാളയും കറിവേപ്പിലയും ചേർത്ത് വഴറ്റി സവാളയുടെ നിറം മാറി വരുമ്പോൾ പൊടിച്ചു വെച്ച മുരിങ്ങയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു മിനിറ്റ് ഇളക്കുക . അതിലേക്കു വേവിച്ച ചോറ് ചേർത്ത് മിക്സ് ചെയ്തു അടച്ചു വച്ച് 3 മിനുറ്റ് വേവിക്കുക. ശേഷം ഒന്ന് കൂടി ഇളക്കി വാങ്ങി വയ്ക്കാം .
അച്ചാറോ സാലഡോ കൂട്ടി കഴിക്കാം
Content Highlights: Muringa Leaves rice