കാക്കനാട്: കോവിഡ് മഹാമാരിയും ലോക്ഡൗണും വരുന്നതിനു മുമ്പേ കാക്കനാട് കുന്നുംപുറം ജങ്ഷനിൽ ഒരു തട്ടുകടയുണ്ടായിരുന്നു… അങ്ങനെ ഉപജീവനം നടത്തിയിരുന്നയാളായിരുന്നു വി.എച്ച്. അബ്ദുൽ സലാം. എന്നാൽ, ലോക്ഡൗൺ വന്നതോടെ കാര്യങ്ങൾ തകിടംമറിഞ്ഞു. കടതുറക്കാൻ പറ്റാതായതോടെ മറ്റു പണിക്കുപോയില്ല അബ്ദുൾ സലാം, ആ പ്രദേശത്ത് ഭക്ഷണം കിട്ടാതെ വലയുന്നവർക്കായി സമൂഹ അടുക്കള തുറന്നു അദ്ദേഹം.
ആദ്യഘട്ടത്തിൽ സ്വന്തം നിലയിലാണ് അബ്ദുൾ സലാം സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയത്. വൈകാതെ ഡി.വൈ.എഫ്.ഐ. തൃക്കാക്കര വെസ്റ്റ് മേഖലാ കമ്മിറ്റി സംരംഭവുമായി സഹകരിക്കാനെത്തി. സമൂഹ അടുക്കള നടത്താൻ സ്ഥലമന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്ന സംഘടനയ്‍ക്ക് തന്റെ തട്ടുകട വിട്ടുനൽകുകയായിരുന്നു 38-കാരനായ സലാം.
നിത്യേന തന്നെക്കൊണ്ടാവുംവിധം വിശക്കുന്നവർക്ക് ഭക്ഷണം നൽകിയ സലാമിന് ഡി.വൈ.എഫ്.ഐ.ക്കാരുടെ സഹകരണം കരുത്തായി. നിലവിൽ ആരോഗ്യപ്രവർത്തകർ, പോലീസുകാർ, തെരുവിൽ കഴിയുന്നവർ തുടങ്ങിയവർക്ക് നിത്യേന രണ്ടുനേരം ഭക്ഷണം നൽകുന്നുണ്ട്. ഇതിനകം 5,000 -ത്തോളം പേർക്ക് ഭക്ഷണം നൽകി. ഉച്ചയ്‍ക്ക് ചോറും കറിയും രാത്രി ചപ്പാത്തി, ചോറ് തുടങ്ങിയവയുമാണ് നൽകുന്നതെന്ന് സലാം പറഞ്ഞു.
കുന്നുംപുറം ജങ്ഷനിലെ സ്വകാര്യവ്യക്തിയുടെ പറമ്പ് വാടകയ്ക്കെടുത്താണ്, ഡി.വൈ.എഫ്.ഐ. മുൻ തൃക്കാക്കര വെസ്റ്റ് മേഖലാ പ്രസിഡന്റ് കൂടിയായ ഇദ്ദേഹം തട്ടുകട നടത്തുന്നത്. ഡി.വൈ.എഫ്.ഐ.ക്കാരുടെ ഹെൽപ്പ് ഡെസ്കിലേക്ക് മരുന്നും മറ്റും സാധനങ്ങളും കൊണ്ടുപോകാൻ തന്റെ സ്വന്തം കാറും സലാം വിട്ടുനൽകിയിട്ടുണ്ട്.
പാവപ്പെട്ട കുടുംബങ്ങൾക്കും ബസ്, ഓട്ടോ, കെട്ടിടംപണി യൂണിയൻ തൊഴിലാളികൾക്കും സൗജന്യ ഭക്ഷ്യക്കിറ്റുകളും സലാമിന്റെ നേതൃത്വത്തിൽ സഹായവിതരണവും ചെയ്തിട്ടുണ്ട്.
ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, സിനിമാ താരങ്ങൾ തുടങ്ങിയവർ ഈ സമൂഹ അടുക്കള സന്ദർശിച്ച് സാമ്പത്തിക സഹായങ്ങളും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിനിമാ താരം ബാലയും സമൂഹ അടുക്കളയിലെത്തി ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.
സി.പി.എം. കളമശ്ശേരി ഏരിയ കമ്മിറ്റിയംഗം സി.പി. സാജൽ, ഡിവൈ.എഫ്.ഐ. ബ്ലോക്ക് ജോ. സെക്രട്ടറി കെ.എം. ഷിഹാബ്, വെസ്റ്റ് മേഖലാ സെക്രട്ടറി ലുക്മാനുൽ ഹക്കിം, ട്രഷറർ ബിബിൻ, ജോ. സെക്രട്ടറി ഹക്കിം അലിയാർ തുടങ്ങിയവരാണ് സമൂഹ അടുക്കളയ്‍ക്ക് നേതൃത്വം നൽകുന്നത്.
Content Highlights: About Abdul salam who runs community kitchen