കൊച്ചി : നരച്ചു നീണ്ട മീശയും താടിയും. നെറുകയിലെ കഷണ്ടിയെ കളിയാക്കി തോളറ്റംവരെ വളർന്ന് ഇളകിയാടുന്ന നീണ്ടുചുരുണ്ട മുടി. നെറ്റിയിലൊരു ചുവന്ന കുറി. ബാക്കിയെല്ലാം വെളുത്തപ്പോഴും കട്ടിക്കറുപ്പിൽ തെളിഞ്ഞ പുരികത്തിനു ചേർന്ന കറുത്ത കണ്ണട. കണ്ണുകളെപ്പോഴും ചീനച്ചട്ടിയിലായിരിക്കും. തിളച്ച എണ്ണയിൽ മുങ്ങിനിവർന്ന് വെന്തുണരുന്ന പരിപ്പുവടകൾ കോരി കുട്ടയിൽ നിറയ്‍ക്കുന്നു. അതും കാത്ത് കൊതിനിറഞ്ഞ മനസ്സോടെ വടപ്രേമികൾ എത്തിയിട്ടുണ്ടാവും.
പരിപ്പുവട കഴിഞ്ഞാൽ അടുത്ത ഊഴം സ്വർണ നിറത്തിലുള്ള പഴംപൊരിയുടേതാണ്. പിന്നെ മസാല ബോണ്ടയും ബജിയുമൊക്കെ അണിയണിയായി കടന്നു വരും…
കഴുത്തിൽ കെട്ടിയ ഏപ്രണും കടന്ന് വെളുത്ത ജുബ്ബയിലേക്ക് ചിലപ്പോൾ എണ്ണ തെറിക്കും. പത്തു വർഷത്തിലേറെയായി ഇടപ്പള്ളിയുടെ സായാഹ്ന കാഴ്ചയാണ് സ്വാദ് സ്വാമിയുടെ കലാ വടിവുള്ള വടയൊരുക്കങ്ങൾ.
ആ കാഴ്ച ഇനി ഇല്ല, ഇടപ്പള്ളിയുടെ സ്വാദ് സ്വാമിയായ എം.എസ്. രഘുനാഥ് (64) വിട പറഞ്ഞു. കോവിഡ് മുക്തനായെങ്കിലും ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ചയാണ് അന്തരിച്ചത്.
ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള എം.എസ്. ബേക്കറിയും സ്വാമിയെന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന രഘുവും ഇടപ്പള്ളിയുടെ അടയാളങ്ങളിലൊന്നായിരുന്നു. സാധാരണ ബേക്കറി കച്ചവടത്തിൽനിന്നാണ് ലൈവ് പലഹാരത്തിലേക്ക് സ്വാമി ചുവടുമാറിയത്. വൈകീട്ട് മൂന്നു മണിയോടെ ചീനച്ചട്ടിയിൽനിന്ന് സ്വാദിന്റെ ഗന്ധം പരന്നു തുടങ്ങും. അതു തേടി വരുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടി.
നടൻ ജയരാജ് വാരിയരെയും ഗായകൻ പി. ജയചന്ദ്രനെയും സംവിധായകൻ വി.കെ. പ്രകാശിനെയുമെല്ലാം എം.എസിലെ പരിപ്പുവടയുടെ ആരാധകരാക്കിയത് സ്വാമിയുടെ കൈപ്പുണ്യമാണ്. മൂന്നു മണിക്ക് കുട്ടകളിൽ നിറയാൻ തുടങ്ങുന്ന പലഹാരങ്ങളെല്ലാം ഏഴു മണിയാകുമ്പോൾ തീർന്നിട്ടുണ്ടാകും. സ്വാദും തിരക്കും സ്വാമിയുടെ പ്രശസ്തി കൂട്ടി. പത്രങ്ങളിലും ചാനലുകളിലുമെല്ലാം വാർത്തയായി നിറഞ്ഞു. തൊണ്ണൂറുകളിലാണ് വീഡിയോ ഷോപ്പും അച്ഛന്റെ പേരായ മങ്ങാട്ട് ശങ്കരനാരായണൻ എന്ന പേര് ചുരുക്കി എം.എസ്. എന്നാക്കി ബേക്കറിയും സ്വാമി തുടങ്ങിയത്. ജി.സി.ഡി.എ. ചെയർമാനായിരുന്ന കെ. ബാലചന്ദ്രന്റെ പ്രേരണയിലാണ് സ്വാദിൽ കാലുറപ്പിച്ചത്.
പക്ഷേ, സ്വാദ് വിളമ്പുന്നയാൾ മാത്രമായിരുന്നില്ല, ഇടപ്പള്ളി ചങ്ങമ്പുഴ സമാധി റോഡിലെ സണ്ണി പാലസ് ഫ്ളാറ്റിൽ മങ്ങാട്ടുവീട്ടിൽ രഘുനാഥ്. 26 വർഷം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടപ്പള്ളി യൂണിറ്റിന്റെ സെക്രട്ടറിയായിരുന്നു. സമിതിയുടെ സംസ്ഥാന ഭരണസമിതി അംഗവുമാണ്. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃനിരയിൽ എന്നുമുണ്ടായിരുന്നു. ഇടപ്പള്ളി കഥകളി ആസ്വാദക സംഘത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു. ഇടപ്പള്ളിയുടെ എല്ലാ പൊതു പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു രഘുനാഥ്. ബേക്കറി കച്ചവടത്തിലേക്കെത്തുന്നതിനും മുമ്പ് നാടക ട്രൂപ്പ് ഉണ്ടാക്കി അഭിനേതാവായും തിളങ്ങിയൊരു കാലമുണ്ടായിരുന്നു സ്വാദ് സ്വാമിക്ക്. ഇടപ്പള്ളി സെൻട്രൽ എൻ.എസ്.എസ്. കരയോഗം ഭാരവാഹിയായിരുന്നു.
ബി.ജെ.പി. നേതാവ് എ.എൻ. രാധാകൃഷ്ണന്റെയും നാഷണൽ ബുക്സ് ട്രസ്റ്റ് അംഗം ഇ.എൻ. നന്ദകുമാറിന്റെയും സഹോദരി ശ്രീനിഥിയാണ് ഭാര്യ. മക്കൾ: ശരത് ആർ. നാഥ് (തിരക്കഥാകൃത്ത്), ശ്യാമ ആർ. നാഥ്. ശവസംസ്കാരം ബുധനാഴ്ച നടത്തി.
Content Highlights: Edappally famous Sawadh Swami passed away