കോഴിക്കോട്: സുൽത്താൻ ബത്തേരിയിൽ ഇത്തവണ ബി.ജെ.പി. സ്ഥാനാർത്ഥി ആയിരുന്നസികെ. ജാനുവുമായി താൻ സംസാരിച്ചിട്ടില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സി.കെ. ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല. സി.കെ. ജാനുവിന് ഞാൻ ഒരു രൂപ പോലും കൊടുത്തിട്ടില്ല. സി.കെ. ജാനു മത്സരിച്ച മണ്ഡലത്തിൽ ഏതൊരു മണ്ഡലത്തിലെയും പോലെ നിയമാനുസൃതമായ കാര്യങ്ങൾ നടന്നിട്ടുണ്ട്. ആദിവാസി നേതാവായത് കൊണ്ടാണോ ജനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
ശബ്ദരേഖയിൽ 10 കോടി പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണ്. ഓഡിയോ ക്ലിപ്പിൽ കൃത്രിമം നടന്നിട്ടുണ്ട്. ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവൻ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങൾ വ്യക്തമാകു. സി.കെ. ജാനുവിന് എന്നെയൊ എന്നെക്കാൾ മുകളിലുള്ള നേതാവിനെയൊ വിളിക്കാൻ ആരുടെയും സഹായം ആവശ്യമില്ല. അങ്ങനെ സികെ. ജാനുവിന് പണം ആവശ്യമാണെങ്കിൽ, ബി.ജെ.പി. നൽകാൻ തീരുമാനിച്ചിരുന്നെങ്കിൽ അത് മറ്റാരും അറിയുമായിരുന്നില്ല. സി.കെ. ജാനുവിന് എന്നെ എപ്പോൾ വിളിക്കാനുള്ള സ്വാതന്ത്ര്യവും വിശ്വാസ്യതയും ഞങ്ങൾ തമ്മിലുണ്ട്. ഇപ്പോൾ പുറത്തുവന്ന ഓഡിയോ അവരുടെ പാർട്ടിയ്ക്കുള്ളിലെ പ്രശ്നങ്ങളുടെ ഭാഗമാണ്.
പ്രസീത വിളിച്ചപ്പോൾ അനുഭാവപൂർമായി കാര്യങ്ങൾ കേട്ടു. സംഘടനാ സ്ഥാനത്തിരിക്കുമ്പോൾ ഇത്തരത്തിലുള്ള പലരും വിളിക്കും. ബി.ജെ.പി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം കൈമാറിയതെല്ലാം ഡിജിറ്റൽ ട്രാൻസാഷൻ മുഖേന വ്യവസ്ഥാപിത മാർഗത്തിലാണ്. ശബ്ദരേഖ മാത്രം കേട്ടുകൊണ്ട് കാര്യങ്ങൾ വിലയിരുത്താനാണ് നീക്കമെങ്കിൽ തനിക്ക് ഒന്നും പറയാനില്ല.
തിരഞ്ഞെടുപ്പിൽ അവർ ഞങ്ങളുടെ സ്ഥാനാർഥിയായിരുന്നു. സി.കെ. ജാനു ഞങ്ങളെ ആരെയും പണം ആവശ്യപ്പെട്ടു സമീപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് പലരും വിളിച്ചിട്ടുണ്ടാകാം. ആ സംഭാഷണം മുഴുവൻ ഓർത്ത് വയ്ക്കാനാവില്ല. എന്നെ വിളിച്ചിട്ടില്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഓഡിയോയിൽ നിന്ന് ആവശ്യമുള്ളകാര്യങ്ങൾ ഒഴിവാക്കാനാകും
എന്നെ ആക്ഷേപിക്കാനാണെങ്കിൽ വേറെ വഴികളുണ്ട്. നിങ്ങൾ ആക്ഷേപിക്കുന്നത് കേരളത്തിലെ ആയിരക്കണക്കിന് ദളിതർക്കും ആദിവാസികൾക്കും വേണ്ടി പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകയാണ്. അവരെയാണ് ആക്ഷേപിക്കുന്നത്.സുരേന്ദ്രൻ പറഞ്ഞു.
(പത്ത് ലക്ഷം രൂപ നൽകിയാൽ സി.കെ. ജാനു സ്ഥാനാർഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ. സുരേന്ദ്രൻ മറുപടി നൽകുന്നതുമാണ് സംഭാഷണത്തിലുണ്ടായിരുന്നത്. ഈ ഫോൺ സംഭാഷണം ശരിയാണെന്നും താൻ കെ. സുരേന്ദ്രനോടാണ് സംസാരിച്ചതെന്നും പ്രസീത പറഞ്ഞു.സുരേന്ദ്രനുമായി പണമിടപാടിനെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു ശബ്ദരേഖ. പിന്നീട് ട്രഷറർ ഈ ശബ്ദരേഖ ശരിവെച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.)
Content Highlights:No conversation with CK Janu yet, says BJP chief K. Surendran