പാലുകൊണ്ട് വ്യത്യസ്തമായ ഒരു വിഭവം ഒരുക്കിയാലോ, ഷീർ കുറുമ തയ്യാറാക്കാം
ചേരുവകൾ
- നെയ്യ്- രണ്ട് ടേബിൾ സ്പൂൺ
- വെർമിസെല്ലി- 50 ഗ്രാം
- ആൽമണ്ട്, കഷണങ്ങളാക്കിയത്- രണ്ട് ടേബിൾ സ്പൂൺ
- കശുവണ്ടി, കഷണങ്ങളാക്കിയത്- രണ്ട് ടേബിൾ സ്പൂൺ
- ചിരോഞ്ചി- രണ്ട് ടേബിൾസ്പൂൺ
- പിസ്ത, കഷണങ്ങളാക്കിയത്- രണ്ട് ടേബിൾ സ്പൂൺ
- ഉണക്കമുന്തിരി- രണ്ട് ടേബിൾ സ്പൂൺ
- ഡേറ്റ്സ്, കഷണങ്ങളാക്കിയത്- കാൽക്കപ്പ്
- പാൽ- അഞ്ച് കപ്പ്
- പഞ്ചസാര- കാൽകപ്പ്
- ഏലയ്ക്കപ്പൊടി- അര ടീസ്പൂൺ
- റോസ് വാട്ടർ- ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. പകുതി വെള്ളമെടുത്ത് അതിൽ ആൽമണ്ട്, പിസ്ത, കശുവണ്ടി എന്നിവ കുതിർക്കുക. ബാക്കി പകുതി വെള്ളത്തിൽ ചിരോഞ്ചിയും കുതിരാൻ വയ്ക്കുക. മുപ്പത് മിനിട്ടിന് ശേഷം ചൂട് വെള്ളം മാറ്റി പച്ചവെള്ളം ഒഴിക്കാം. ഡേറ്റ്സ് കുരു നീക്കി ചെറിയ കഷണങ്ങളാക്കി മുറച്ച് മാറ്റി വയ്ക്കാം. ഇനി പിസ്തയും ആൽമണ്ടും തൊലി കളഞ്ഞ് സാധാരണ താപനിലയിൽ ഒരു മണിക്കൂർ കൂടി വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. ചിരോഞ്ചിയിലെ വെള്ളം കളഞ്ഞ് വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് മൊത്തം ഈർപ്പവും കളയാം. ഇതിനൊപ്പം ഇതിന്റെ തോലും നീക്കം ചെയ്യണം. ഇതിനെ മറ്റൊരു ബൗളിലാക്കി മാറ്റി വയ്ക്കാം. ഇനി കുതിർത്തു വച്ച് ബാക്ക് നട്സ് പുറത്തെടുത്ത് ചെറിയകഷണങ്ങളാക്കി നുറുക്കുക. ഇവ വറുക്കുന്നതിന് മുമ്പ് പൂർണമായി ജലാംശം പോയെന്ന് ഉറപ്പു വരുത്തണം.
ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് വെർമ്മിസെല്ലി വറുത്തെടുക്കുക. ചെറുതീയിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്താൽ മതിയാവും. ഒരു വലിയ കടായിയിൽ ബാക്കി നെയ്യൊഴിച്ച് ചൂടാകുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന നട്സുകളെല്ലാം റോസ്റ്റ് ചെയ്ത് മാറ്റി വയ്ക്കാം. ശേഷം അഞ്ച് കപ്പ് പാൽ ഒഴിച്ച് തിളപ്പിക്കാം. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. നന്നായി തിളച്ചാൽ വറുത്തുവച്ചിരിക്കുന്ന നട്സ് ചേർത്ത് ഇളക്കാം. ചെറുതീയിൽ പാൽ ചെറുതായി കുറുകുന്നതുവരെ തിളപ്പിക്കാം. ഇതിലേക്ക് വറുത്തു വച്ച് വെർമിസെല്ലി, പഞ്ചസാര എന്നിവ ചേർത്ത് വീണ്ടും കുറുകുന്നതു വരെ ഇളക്കി തിളപ്പിക്കാം. വെർമിസെല്ലി വേകുന്നതുവരെ ഇത് തുടരണം. ഇതിലേക്ക് ഏലയ്ക്കപ്പൊടി, റോസ് വാട്ടർ എന്നിവ കൂടി ചേർക്കാം. ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം. ആവശ്യമെങ്കിൽ നുറുക്കിയ ഡ്രൈഫ്രൂട്ടുകൾ മുകളിൽ വിതറി അലങ്കരിക്കാം.
Content Highlights: variety and tasty sheer khurma recipe for celebrations