തിരുവനന്തപുരം: ആധിയുടേയും വ്യാധിയുടേയും കാലത്ത് നാടർപ്പിച്ച വിശ്വാസത്തിന്റെ പേരാണ് പിണറായി വിജയൻ. ജനനായകന്, കേരളത്തിന്റെ ഒന്നാമന് ഇന്ന് 76-ന്റെ നിറവ്. ഭരണസിംഹാസനത്തിൽ രണ്ടാമൂഴം ലഭിച്ചതിന്റെ ഇരട്ടിമധുരമുണ്ട് ഈ പിറന്നാളിന്. ആ സന്തോഷവും പങ്കിട്ടാണ് ആരാധകരുടെ ക്യാപ്റ്റൻ ഇന്ന് പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിലേക്ക് എത്തുന്നത്.
1944 മെയ് 24നായിരുന്നു വിജയന്റെ ജനനം. കണ്ണൂർ പാറപ്പുറംകാരായ കോരന്റേയും കല്യാണിയുടേയും ഇളയമകൻ. ഇല്ലായ്മയിൽ കരിയാതെ തളിർത്ത ബാല്യം. പോരാട്ടത്തിന്റെ കനലുകൾ ജ്വലിച്ച കൗമാരം. ചെഞ്ചോര കൊടിയുമേന്തി പിണറായി വിജയനെന്ന പേരായി ആളിപിടിച്ച യൗവനം. നേതൃപാടവവും സംഘാടനശേഷിയും പിണറായി വിജയനെ സിപിഎം എന്നതിന്റെ പര്യായമാക്കി.
ഒന്നരപതിറ്റാണ്ട് കാലം പാർട്ടി സെക്രട്ടറിയായി. 2016-ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസമാണ് പിറന്നാൾ രഹസ്യം കുസൃതിചിരിയോടെ പിണറായി വെളിപ്പെടുത്തിയത്. എല്ലാവർക്കും ഒരു മധുരം തരുന്നുണ്ട് ആദ്യം. ഇത് എന്ത്വകയാണെന്ന് നിങ്ങൾക്ക് പറയാം. ഇന്നാണെന്റെ പിറന്നാൾ എകെജി സെന്ററിൽ വെച്ച് മാധ്യമപ്രവർത്തകരോട് അന്ന് അദ്ദേഹം പറഞ്ഞു.
അന്നുമുതൽ മെയ് 24 പിണറായി വിജയന്റെ ജന്മദിനമെന്ന് കുറിച്ചിട്ടു കേരളം. ആർത്തിരച്ചുവന്ന പ്രളയങ്ങളിലും കോവിഡ് മഹാമാരിയിലും ഒപ്പമുണ്ടെന്ന ആത്മവിശ്വാസം പകർന്ന നേതാവ്. കണിശക്കാരനിൽ നിന്ന് ജനകീയ മുഖ്യമന്ത്രി എന്ന വഴിത്തിരിവിലൂടെയാണ് 76 ഉം കടന്ന് പിണറായി വിജയൻ സഞ്ചരിക്കുന്നത്.