കൊച്ചി
ദുബായിൽ പ്രത്യേക കോവിഡ് വാക്സിൻ ഡ്യൂട്ടി നൽകാമെന്നു പറഞ്ഞ് നേഴ്സുമാരെ വഞ്ചിച്ച് കോടികൾ തട്ടിയ കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. മുഖ്യപ്രതിയും കലൂരിലെ ‘ടേക് ഓഫ്’ റിക്രൂട്ടിങ് ഏജൻസി ഉടമയുമായ എറണാകുളം നെട്ടൂർ കളരിക്കൽ ഫിറോസ് ഖാൻ (42), ഇയാളുടെ ദുബായിലെ ഏജന്റ് ചേർത്തല അരൂക്കുറ്റി കൊമ്പനാമുറി പള്ളിക്കൽ അബ്ദുൾ സത്താർ (50) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. 94 പേരിൽനിന്നായി തട്ടിയെടുത്തത് 2.35 കോടിയിലേറെ രൂപയാണെന്നാണ് പ്രാഥമിക കണ്ടെത്തൽ.
പരാതിക്കാരിൽനിന്ന് രണ്ടരലക്ഷം രൂപവീതം വാങ്ങിയതായാണ് പൊലീസ് നിഗമനം. നിലവിൽ 10 പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും നോർത്ത് എസ്ഐ വി എസ് പ്രദീപ്കുമാർ പറഞ്ഞു.
ശനിയാഴ്ചയാണ് ഫിറോസിനെയും സത്താറിനെയും പിടികൂടിയത്. ഡൽഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഫിറോസിനെ കോഴിക്കോട്ടുനിന്നാണ് പിടികൂടിയത്. കൊല്ലം സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടു. പ്രതികളെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു. ഇവിടെനിന്ന് നോട്ടെണ്ണുന്ന യന്ത്രമുൾപ്പെടെയുള്ള സാധനങ്ങൾ പിടിച്ചെടുത്തു. നേഴ്സ് വിസ എന്ന വ്യാജേന വിസിറ്റിങ് വിസ നൽകി വഞ്ചിച്ചെന്ന് കൊല്ലം പത്തനാപുരം പട്ടാഴി റീന രാജൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
അഞ്ഞൂറിൽ കൂടുതൽ നേഴ്സുമാരിൽനിന്ന് വാക്സിൻ ഡ്യൂട്ടി നൽകാമെന്നു പറഞ്ഞ് പണം വാങ്ങി. ദുബായിൽ എത്തിച്ചശേഷം ഇവരോട് മസാജ് സെന്റർ, ഹോം കെയർ ജോലികൾക്ക് പോകണമെന്ന് ഭീഷണിപ്പെടുത്തി. ആവശ്യത്തിന് ഭക്ഷണം നൽകാതെ മുറിയിൽ അടച്ചിട്ടുവെന്നും പരാതിയിൽ പറയുന്നു.
പണം, ഫിറോസ് ആഡംബരവാഹനങ്ങൾ വാങ്ങാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിന് ഫിറോസ് ഖാനെതിരെ നോർത്ത് പൊലീസ് മുമ്പും കേസെടുത്തിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ജോലി, ഒന്നരലക്ഷം പ്രതിമാസ ശമ്പളം, സൗജന്യ താമസം, ഭക്ഷണം തുടങ്ങിയവയായിരുന്നു വാഗ്ദാനങ്ങൾ. സർട്ടിഫിക്കറ്റുകൾ ഏജൻസി അധികൃതരുടെ കൈയിൽ അകപ്പെട്ടതായും പരാതിയിലുണ്ട്.