കോഴിക്കോട്
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് വർഗീയവൽക്കരിക്കാനുള്ള മുസ്ലിംലീഗ് ശ്രമത്തെ പിന്തുണച്ച് ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും. വകുപ്പിന് മുസ്ലിം മന്ത്രി വേണമെന്ന ലീഗ് വാദം ആവർത്തിച്ചാണ് മതരാഷ്ട്രവാദികളായ ജമാഅത്തെയുടെയും തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെയും രംഗപ്രവേശം. സമസ്തയടക്കം പ്രധാന സമുദായ സംഘടനകൾ മുഖ്യമന്ത്രിയെയും എൽഡിഎഫ് സർക്കാരിനെയും പിന്തുണച്ചിട്ടുണ്ട്.
വിഷയം മതവൽക്കരിക്കാനുള്ള ശ്രമത്തിൽ സമുദായത്തിനകത്ത് ലീഗ് ഒറ്റപ്പെടുമ്പോഴാണ് മതരാഷ്ട്ര–-തീവ്രവാദ സംഘടനകൾ ലീഗ് നിലപാടേറ്റെടുത്തതെന്നത് ശ്രദ്ധേയം. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ആശ്വാസകരമല്ലെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ പറഞ്ഞു. സർക്കാരിന് ആശംസ എന്ന മറവിൽ മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെ അധിക്ഷേപം. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സംഘപരിവാർ പ്രചാരണത്തിന്റെ ചുവടുപിടിച്ചാണെന്ന് ലേഖനത്തിൽ ജമാഅത്തെ സംസ്ഥാന അമീർ എം ഐ അബ്ദുൾ അസീസ് ആരോപിച്ചു. മന്ത്രിസഭയിൽ വ്യക്തമായ പ്രാതിനിധ്യമില്ല, അസന്തുലിതത്വമുണ്ട് തുടങ്ങിയ വിമർശങ്ങളും ഉന്നയിച്ചു. ലീഗിന്റെ ചരടുവലിക്കനുസരിച്ചാണ് ജമാഅത്തെയും പോപ്പുലർ ഫ്രണ്ടും ലീഗുയർത്തിയ അതേ വാദങ്ങൾ ഉന്നയിച്ച് രംഗത്തു വന്നതെന്നാണ് സൂചന. ലീഗ് നിയമസഭാ കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് ഈ വാദങ്ങളുയർത്തി ആദ്യം സർക്കാരിനെ ആക്ഷേപിച്ചത്.