തിരുവനന്തപുരം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിൽ തകർക്കേണ്ടവരെ തകർക്കാനും, ഉൾക്കൊള്ളേണ്ടവരെ ഉൾക്കൊള്ളുവാനും കോൺഗ്രസ് പ്രസ്ഥാനത്തിന് സാധിക്കുമെന്ന് കെ.സുധാകരൻ എംപി.നഷ്ടപ്പെട്ടുപോയ വിശ്വാസത്തെ തിരിച്ചെടുക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിനാകുമെന്നും സുധാകരൻ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായരുന്നു അദ്ദേഹത്തിന്റെ പ്രതികരണം…
സുധാകരന്റെ പ്രതികരണത്തിന്റെ പൂർണ്ണരൂപം..
കോൺഗ്രസിന്റെ പുതിയ പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ!
തലമുറ മാറ്റത്തിന്റെ മുദ്രവാക്യം രാജ്യത്തിൽ നിന്ന് ഉയരുമ്പോൾ, കാലത്തിന്റെ വിളിയിൽ നിന്ന് മാറി നിൽക്കാൻ കേരളത്തിന്റെ കോൺഗ്രസ് പ്രസ്ഥാനത്തിന് സാധിക്കില്ലെന്ന് തെളിയിച്ചു കൊണ്ടാണ് ശ്രീ.വി.ഡി.സതീശൻ കോൺഗ്രസിന്റെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടത്.
പ്രത്യാശയോടും, പ്രതീക്ഷയോടും കൂടി ശ്രീ.വി.ഡി.സതീശന്റെ വരവിനെ കേരളത്തിലെ കോൺഗ്രസുകാർ നോക്കി കാണുന്നു.ആലംബമറ്റ പ്രസ്ഥാനത്തിന് മുന്നണി പടയാളിയായി, മുന്നേറ്റത്തിന്റെ പുത്തൻ മേഖലകൾ കണ്ടെത്താൻ പ്രവർത്തന ശക്തികൊണ്ടും, ചിന്താശക്തി കൊണ്ടും, സംഘടനാപാടവം കൊണ്ടും ശ്രീ.സതീശന് സാധിക്കുമെന്നാണ് എന്റെ വിശ്വാസം.
ആ വിശ്വാസം അസ്ഥാനത്ത് ആകില്ലെന്ന് എന്റെ മനസ്സ് എന്നോട് പറയുന്നു. അത് നിറവേറ്റാൻ അദ്ദേഹത്തിന് എല്ലാ സാഹചര്യങ്ങളും സൃഷ്ടിക്കാനുള്ള ശ്രമത്തിൽ ഞങ്ങൾ ഓരോരാളുകളും ബിന്ദുവായി മാറും എന്ന് അദ്ദേഹത്തിന് വിശ്വസിക്കാം.
ഒറ്റക്കെട്ടായി, ഒരു മനസ്സായി, ഒരു ചിന്തയായി, ഒരു പ്രവർത്തനമായി ഒരുമിച്ച് മുന്നേറാം, ആ മുന്നേറ്റത്തിൽ തകർക്കേണ്ടവരെ തകർക്കാനും, ഉൾക്കൊള്ളണ്ടവരെ ഉൾക്കൊള്ളുവാനും കോൺഗ്രസ് പ്രസ്ഥാനത്തിന് സാധിക്കുമെന്നാണ് എന്റെ വിശ്വാസം.
നഷ്ടപ്പെട്ടുപോയ വിശ്വാസത്തെ ,ജനതയുടെ വിശ്വാസത്തെ തിരിച്ചെടുക്കാൻ ശ്രീ വി.ഡി സതീശന്റെ ധീരമായ നേതൃത്വത്തിന് ഉപകരിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
content highlights:K Sudhakaran about new opposition leader vd satheesan leadership