തിരുവനന്തപുരം: മൺസൂൺകാലം ആരംഭിക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ചികിത്സ മുടങ്ങാൻ പാടില്ലാത്ത ഗുരുതരരോഗമുള്ളവർക്ക് ആശുപത്രികളിൽ നിന്നും മരുന്നുകൾ ഒരു മാസത്തേയ്ക്ക് നൽകണമെന്ന് മുഖ്യമന്തി പിണറായി വിജയൻ. ആശുപത്രികൾ എല്ലാം രണ്ടാഴ്ചകളിലേയ്ക്കുള്ള മരുന്നുകളുടെ സ്റ്റോക്ക് കൂടുതലായി എപ്പോഴും കരുതണം. ഡോക്സി സൈക്ളിൻ, ഒആർഎസ്, ബ്ലീച്ഛിങ് പൗഡർ, മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവ നിർബന്ധമായും ആ സ്റ്റോക്കിൽ ആവശ്യത്തിനുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൺസൂൺ കാലം ആരംഭിക്കാൻ ഇനി അധിക ദിവസങ്ങളില്ല. കഴിഞ്ഞ വർഷങ്ങളിലുണ്ടായ അനുഭവങ്ങൾ വളരെ കരുതലോടെ ഈ കാലത്തെ നേരിടണമെന്ന പാഠമാണ് നമുക്ക് നൽകിയിട്ടുള്ളത്. കോവിഡ് രോഗവ്യാപനം കൂടി നിലനിൽക്കുന്ന കാലമായതിനാൽ നമുക്കു മുന്നിലുള്ള വെല്ലുവിളി കൂടുതൽ ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തെ മുൻകൂട്ടിക്കണ്ടുകൊണ്ട് ആരോഗ്യസംവിധാനങ്ങളെ സജ്ജമാക്കാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്.
ഒന്നാം തല, രണ്ടാം തല കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ഉൾപ്പെടെ കോവിഡ് നേരിടാൻ വേണ്ടി മാത്രമായി ഉണ്ടാക്കിയ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെ ശക്തമായ മഴ മൂലമുണ്ടായേക്കാവുന്ന പ്രളയങ്ങളോ മണ്ണിടിച്ചിലോ പോലുള്ള ദുരന്തങ്ങൾ ബാധിച്ചേക്കാം. ക്യാമ്പുകളിൽ വലിയ ആൾക്കൂട്ടമുണ്ടാകാനുള്ള സാഹചര്യങ്ങളും മുൻകൂട്ടി കാണേണ്ടതുണ്ട്. അതോടൊപ്പം കോവിഡ് രോഗബാധയുള്ളവരുമായി ഇടകലരാനുള്ള സാധ്യതയും ക്യാമ്പുകളിൽ ഉണ്ടാകാം. മൺസൂൺ കാലരോഗങ്ങളും മഴ ഉണ്ടാക്കുന്ന ദുരന്തങ്ങളിൽ പെട്ടുണ്ടാകുന്ന അപകടങ്ങളും കാരണം ആശുപത്രികളിലെ സൗകര്യങ്ങൾ അപര്യപ്തമായേക്കാവുന്ന സാഹചര്യവും ഉടലെടുക്കാം. ഈ പ്രശ്നങ്ങളെല്ലാം പരമാവധി മറികടക്കാൻ സാധിക്കുന്ന മുന്നൊരുക്കങ്ങൾ ആണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതിന്റെ ഭാഗമായി പ്രളയവും മണ്ണിടിച്ചിലും ബാധിക്കാൻ സാധ്യതയുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളുടേയും സമഗ്രമായ ലിസ്റ്റ് തയ്യാറാക്കുകയാണ്. ഓരോ ആരോഗ്യ കേന്ദ്രത്തിലും അത്തരം ആപത്ഘട്ടങ്ങളിൽ അവിടെ നിന്നും അടിയന്തരമായി മാറ്റേണ്ട ഉപകരണങ്ങളുടേയും മറ്റു വസ്തുക്കളുടേയും കൃത്യമായ ലിസ്റ്റ് തയ്യാറാക്കി വയ്ക്കും. അതോടൊപ്പം അവയെല്ലാം മാറ്റി പ്രവർത്തനങ്ങൾ തുടരാൻ സാധിക്കുന്ന സാധ്യതാ സ്ഥലങ്ങളും കണ്ടു വയ്ക്കും.
പ്രധാന ആശുപത്രികളിലെല്ലാം വലിയ അത്യാഹിതങ്ങളെ എങ്ങനെ നേരിടാമെന്നുള്ളതിനുള്ള മാനദണ്ഡം നടപ്പിലാക്കും. അതിനാവശ്യമായ പരിശീലനങ്ങളും ഉറപ്പു വരുത്തും. ആശുപത്രികളുടെ കാര്യക്ഷമതാ പരിധിയ്ക്ക് മുകളിലോട്ട് പെട്ടെന്നു രോഗികളുടെ എണ്ണം വർധിക്കുകയാണെങ്കിൽ കൈകാര്യം ചെയ്യാൻ ആവശ്യമായ സർജ് കപ്പാസിറ്റി പ്ലാനും തയ്യാറാക്കുകയും, നടപ്പിലാക്കാൻ ആവശ്യമായ പരിശീലനങ്ങളും നൽകും. അത്യാഹിത ഘട്ടങ്ങളോട് പിഴവില്ലാത്ത രീതിയിൽ പ്രതികരിക്കാൻ സഹായകമായ ഹോസ്പിലറ്റ് എമർജൻസി റെസ്പോൺസ് പ്ലാനും തയ്യാറാക്കി പരിശീലനം നൽകും. ഇത്തരം ഘട്ടങ്ങളിൽ കൃത്യമായ ഏകോപനം ഉറപ്പു വരുത്തുന്നതിനായി ആശയവിനിമയ സംവിധാനവും ഒരുക്കും.
ഡയാലിസിസ് ചെയ്യുന്നവർ, കാൻസർ ചികിത്സയിലുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സയിൽ കഴിയുന്നവർ ഉൾപ്പെടെ ചികിത്സ മുടങ്ങാൻ പാടില്ലാത്ത ഗുരുതരമായ രോഗാവസ്ഥയുള്ളവരുടെ സമഗ്രമായ ലിസ്റ്റുകളും തയ്യാറാക്കും. അത്യാഹിത ഘട്ടങ്ങളിൽ ഇവരുടെ ചികിത്സകൾ മുടങ്ങാതെ നോക്കുന്നതിനു വേണ്ടിയാണ് ഈ ലിസ്റ്റ് തയ്യാറാക്കുന്നത്. ഈ ആളുകളെല്ലാം അവരുടെ മെഡിക്കൽ റെക്കോർഡുകൾ നിർബന്ധമായും കയ്യിൽ സൂക്ഷിച്ചു വയ്ക്കണം. അതോടൊപ്പം അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാനായി ജില്ലാ കൺട്രോൾ സെൽ, വാർഡ് മെമ്പർ, ഏതെങ്കിലും സന്നദ്ധസംഘടനയിൽ ഉള്ള വളണ്ടിയർമാരുടെ നമ്പറുകൾ എന്നിവയും സൂക്ഷിക്കണം.
ഗർഭിണികൾ, കിടപ്പിലായവർ, ഭിന്നശേഷിയുള്ളവർ തുടങ്ങി ദുരന്തഘട്ടങ്ങളിൽ ഏറ്റവും ആദ്യം സഹായമെത്തിക്കുകയും സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്യേണ്ടവരുടെ ലിസ്റ്റുകളും തയ്യാറാക്കുകയാണ്. ഇവരുടെ വീടുകൾ മാപ്പ് ചെയ്യുകയും വേണം. അതിനു പുറമേ, ഇവരെ വളണ്ടിയർമാരുമായി ബന്ധപ്പെടുത്തുകയും അവശ്യഘട്ടങ്ങളിൽ കാലതാമസമില്ലാതെ അവിടെയെത്തി അവരെ സുരക്ഷിതരാക്കാൻ സാധിക്കുമെന്ന് ഉറപ്പു വരുത്തുകയും വേണം.
ഗതാഗത സൗകര്യങ്ങൾ ഒരുക്കുമ്പോളും ശ്രദ്ധിക്കേണ്ടതുണ്ട്. രോഗികളായവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും അല്ലാത്തവർക്കും പ്രത്യേക വാഹന സൗകര്യങ്ങൾ ഒരുക്കണം. വെള്ളം കയറുന്ന സാഹചര്യത്തിൽ ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ തറയിൽ നിന്നും കൂടുതൽ ഉയരമുള്ള വാഹനങ്ങൾ ആയിരിക്കണം കരുതേണ്ടത്. അതുപോലെത്തന്നെ ആംബുലൻസുകളായി ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങളും കണ്ടെത്തണം. വെള്ളം കയറുന്ന സാഹചര്യങ്ങളിൽ പാമ്പു കടിയേൽക്കാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് ആവശ്യത്തിനുള്ള ആന്റി സ്നേയ്ക്ക് വെനം ആശുപത്രികളിൽ കരുതേണ്ടതാണ്. ഡോക്റ്റർമാരും ആരോഗ്യപ്രവർത്തകരും പാമ്പു കടിയേറ്റാൽ നൽകേണ്ട ചികിത്സകളിൽ ആവശ്യമായ പരിശീലനം ഉറപ്പു വരുത്തണം.
20 വീടുകൾക്ക് ഒരു വളണ്ടിയർ എന്ന നിലയിൽ സന്നദ്ധ സേനകളെ കൂടുതൽ ശക്തമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം. സന്നദ്ധ സേനാംഗങ്ങൾക്ക് പ്രാഥമിക ചികിത്സ നൽകാനുള്ള പരിശീലനവും കിറ്റും നൽകണം. കൃത്യമായ ആശയവിനിമ നിർദ്ദേശങ്ങളും ഇവർക്ക് നൽകണം. പ്രളയമുണ്ടാവുകയും ക്യാമ്പുകളിലേയ്ക്ക് മാറുകയും ചെയ്യുകയാണെങ്കിൽ ആളുകൾക്ക് മാനസിക പിന്തുണ നൽകാൻ ആവശ്യമായ സേവനങ്ങളും ഉറപ്പു വരുത്തണം. ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന പദ്ധതിയുടെ ഹെല്പ് ലൈനുകൾ വഴി ആ സേവനം ലഭ്യമാക്കണം.
ചെയിൻ കോൾ എന്ന പേരിൽ കോവിഡ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പരിപാടിക്ക് കുടുംബശ്രീ രൂപം നൽകിയിട്ടുണ്ട്. എല്ലാ അയൽക്കൂട്ടങ്ങളിലെയും ഓരോ അംഗത്തെയും ഫോൺ ചെയ്ത് കോവിഡ് കാലത്ത് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കും. സഹായങ്ങൾ തദ്ദേശ സ്ഥാപനങ്ങളുമായി സംയോജിച്ച് ലഭ്യമാക്കുകയും ചെയ്യും. നാല് ലക്ഷത്തോളം കുടുംബങ്ങളെ ഇതുവരെ നേരിട്ട് വിളിച്ച് ബോധവൽക്കരണം നടത്തി.
ഗൃഹപരിചരണം എങ്ങനെ കാര്യക്ഷമമാക്കാം, ക്വാറന്റൈൻ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് തുടങ്ങി 15-ലേറെ വിഷയങ്ങളിൽ വിദഗ്ധ ഡോക്ടർമാർ നയിക്കുന്ന ക്ലാസ്സുകളും കുടുംബശ്രീ അംഗങ്ങൾക്കായി നൽകിവരുന്നു. ആരോഗ്യവകുപ്പിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും സംയോജനത്തോടെ നടത്തുന്ന ഈ ക്ലാസ്സുകൾ താഴേത്തട്ടിലുള്ള ബോധവത്ക്കരണത്തിന് ഏറെ സഹായകമാകുമെന്ന് കരുതുന്നു.
കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ ശക്തി ഉപയോഗിച്ച് ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ റിസോഴ്സ് പേഴ്സൺമാരുടെ പൂൾ രൂപീകരിച്ച് ഒരു ബൃഹത് ക്യാമ്പെയ്ൻ കൂടി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുകയാണ്. കേരളത്തിലെ 1063 ജനകീയ ഹോട്ടലുകളിലൂടെ ഓരോ ദിവസവും ഒരു ലക്ഷത്തിലേറെ പേർക്ക് പൊതിച്ചോർ നൽകുന്നുണ്ട്.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സാമൂഹ്യ നീതി വകുപ്പിന്റെ നേത്യത്വത്തിൽ ഭിന്നശേഷി സഹായ കേന്ദ്രം ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ മൂവായിരത്തോളം എംഎസ്ഡബ്ലു വിദ്യാർഥികളും അവരുടെ അധ്യാപകരും സന്നദ്ധ സംഘടനകളും കുടുംബശ്രീയും നടത്തുന്ന സ്പെഷൽ സ്കൂളുകളും ഈ പദ്ധതി ഏകോപിപ്പിക്കും. ബ്ലോക്ക് തലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ബിആർസികളും ജില്ലാതലത്തിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ സാമൂഹ്യ നീതി വകുപ്പും പദ്ധതി നിർവഹണം നടത്തുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
Content Highlights: Pinarayi Vijayan, Monsoon, COVID-19