തിരുവനന്തപുരം:അധ്യക്ഷനെയും പ്രതിപക്ഷനേതാവിനെയും തിരഞ്ഞെടുക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽകോൺഗ്രസിനെതിരെ വിമർശനവുമായി ലീഗ് മുഖപത്രം ചന്ദ്രിക. ദേശീയ തലത്തിൽ കോൺഗ്രസ് പാർട്ടി വലിയ തിരിച്ചടികൾ നേരിട്ടു. ഈ ഘട്ടത്തിൽ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നത് ഗുണം ചെയ്യില്ലെന്ന് ചന്ദ്രിക മുഖപ്രസംഗത്തിൽ പറയുന്നു.
മെയ് 24, 25 തീയതികളിൽ നിയമസഭ ചേരുന്നതിന് തീരുമാനിച്ചിരിക്കേഇപ്പോഴും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണ്. കോൺഗ്രസിനകത്ത് മുതിർന്ന നേതാക്കൾ പരസ്പരം അഭിപ്രായഭിന്നത തുറന്നുപ്രകടിപ്പിക്കുകയാണ്. പാർലമെന്റിൽ വിടവാങ്ങൽ പ്രസംഗം നടത്തവെ പ്രധാനമന്ത്രി മോദിയെ ഗുലാംനബി ആസാദ് പ്രകീർത്തിച്ചത് പ്രതിപക്ഷ ധർമമല്ല.
പിണറായി വിജയൻ പുതുമുഖങ്ങളെ അണിനിരത്തിയാണ് തുടർഭരണം പിടിച്ചതെന്ന് പറയുമ്പോൾ അത് വർഷങ്ങൾക്കുമുമ്പേ ജില്ലാ അധ്യക്ഷന്മാരുടെ കാര്യത്തിൽ കോൺഗ്രസ് നടപ്പാക്കിയതാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും യുവ-പുതുനിരയെയാണ് കോൺഗ്രസ് ജനത്തിനുമുന്നിൽ അണിനിരത്തിയതും. എങ്കിലും താഴെത്തട്ടിൽ പാർട്ടിയുടെ പ്രവർത്തനം വേണ്ടത്ര ശോഭിക്കുന്നില്ല. ഇത് പരിഹരിക്കണം. അതിന് നേതൃത്വം മാതൃക കാട്ടണം.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് സഹായിച്ച ഘടകങ്ങളെ പ്രയോജനപ്പെടുത്തുകയും കൂടുതൽ ജനങ്ങളിലേക്കിറങ്ങി കൂടുതൽ പ്രവർത്തിക്കുകയും ചെയ്താൽ ഈ തിരിച്ചടിയെ മറികടക്കാം. കോൺഗ്രസിൽ തുറന്ന ആശയവിനിമയവും സംഘടനാരീതിയും വരണമെന്നും ചന്ദ്രിക മുഖപ്രസംഗത്തിൽ പറയുന്നു.