തിരുവനന്തപുരം: ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാൻ സ്മാർട്ട് കിച്ചൻ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ മന്ത്രിസഭായോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാർഹിക ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് സഹായമെത്തിക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിരുന്നു. ഒപ്പം ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാൻ സ്മാർട്ട് കിച്ചൻ പദ്ധതിയും നടപ്പാക്കുമെന്നും വാഗ്ദാനം നൽകിയതാണ്. നമ്മുടെ നാട്ടിലെ വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്ന, വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്ന ഈ പദ്ധതിക്ക് രൂപം നൽകാൻ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്ത്രീകളുടെ പദവി ഉയർത്തുന്നതിന് മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളുടെയും ജെൻഡർ ബജറ്റിങ് ശക്തിപ്പെടുത്തും. സംസ്ഥാനാടിസ്ഥാനത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കുറയ്ക്കുന്നതിനും ക്രൈം മാപ്പിങ്ങിന്റെ അടിസ്ഥാനത്തിലുള്ള ജനകീയ ഇടപെടലിനും രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
content highlights:will implement smart kitchen programme chief minister pinarayi vijayan