തിരുവനന്തപുരം: കെ.കെ. ശൈലജയെ രണ്ടാം പിണറായി സർക്കാരിൽ ഉൾപ്പെടുത്താതിനെതിരെയുള്ള അഭിപ്രായങ്ങളെ മാനിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത് അവരുടെ പൊതുവായിട്ടുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള മതിപ്പ് രേഖപ്പെടുത്തിക്കൊണ്ട് പ്രകടിപ്പിച്ച അഭിപ്രായങ്ങളാണ്. ആ അഭിപ്രായങ്ങളെല്ലാം ഞങ്ങൾ മാനിക്കുകയാണ്. സർക്കാരിന്റെ പ്രവർത്തനത്തിൽ അവരെല്ലാം കൂടെയുണ്ടായിരുന്നു. അതിന്റെ ഭാഗമായി സർക്കാരിന് നല്ലനിലയ്ക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു എന്ന തോന്നലിന്റെ ഭാഗമായാണ് അത്തരം പ്രതികരണങ്ങൾ വന്നിട്ടുള്ളത്-മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ ഞങ്ങൾ എടുത്തിട്ടുള്ള സമീപനം പുതിയ ആളുകൾ വരിക എന്നുള്ളതാണ്. നേരത്തെ പ്രവർത്തിച്ച എല്ലാവരും ഒന്നിനൊന്ന് മികവ് കാട്ടിയവരാണ്. ആ മികവ് കാട്ടിയവരിൽ ആർക്കും പ്രത്യേക ഇളവ് വേണ്ടതില്ലെന്ന പൊതുതീരുമാനമാണ് ഞങ്ങൾ എടുത്തത്. അതിന്റെ ഭാഗമായാണ് ആ തീരുമാനം വന്നത്. ആ അഭിപ്രായം പ്രകടിപ്പിച്ചവരുടെ എല്ലാം ഉദ്ദേശശുദ്ധി മനസ്സിലാക്കുന്നു. അതിന് നന്ദിയും പ്രകടിപ്പിക്കുന്നു. പക്ഷെ പൊതുവിൽ എടുത്ത തീരുമാനം ഇളവ് വേണ്ടതില്ല എന്നതാണ്. അതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അങ്ങനെ ഒരു ഇളവ് കൊടുത്താൽ ഒരുപാടുപേർക്ക് നൽകേണ്ടി വരുമെന്നും പിണറായി വ്യക്തമാക്കി.
ശൈലജ ടീച്ചർ ഇളവിന് അർഹയായിരുന്നില്ലേ എന്ന ചോദ്യത്തിന് ഇളവിന് പലരും അർഹരായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അങ്ങനെ നോക്കിയാൽ മികച്ച പ്രകടനം നടത്തിയ ഒരുപാട് ആളുകളുണ്ട്. നാടും രാജ്യവും ലോകവുമൊക്കെ ശ്രദ്ധിക്കുന്ന വിധത്തിൽ പ്രവർത്തിച്ച ഒട്ടേറെപ്പേരെയല്ലേ സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. അതൊന്നും അവരുടെ മികവ് മാനിക്കാതെയല്ല. ഒരു പുതിയ കാഴ്ച്ചപ്പാട്-പുതിയ ആളുകൾക്ക് അവസരം നൽകുക. അതിന് സിപിഎമ്മിന് കഴിയും. അതാണ് സിപിഎം സ്വീകരിച്ച നിലപാടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ശൈലജയുടെ അഭാവം എന്തെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന്- അങ്ങനെ കാണുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കാരണം എല്ലാ പ്രവർത്തനങ്ങളും കൂട്ടമായാണ് നടക്കുന്നത്. ആ കൂട്ടായ പ്രവർത്തനത്തിൽ ഒരു കുറവും ഉണ്ടാകില്ല. നല്ല മികവോടു കൂടി തുടർന്നും കാര്യങ്ങൾ നടത്താനാവുമെന്നാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശൈലജയ്ക്ക് വീണ്ടും അവസരം നൽകാത്തതിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റു ചില പി.ബി. അംഗങ്ങളും അതൃപ്തി അറിയിക്കുകയും വിമർശിക്കുകയും ചെയ്തെന്ന വിധത്തിലുള്ള വാർത്തകളിൽ വസ്തുതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlights:pinaryi vijayn on criticism against exclusion of kk sailaja in pinarayi 2.0 ministry