തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷ സാന്നിധ്യമേ വേണ്ടെന്ന തീരുമാനം ഉചിതമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തെ നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ കഴിയില്ലല്ലോ എന്ന് വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം സത്യപ്രതിജ്ഞ ബഹിഷ്കരിക്കുന്നത് എന്തിനാണെന്ന് അവർ തന്നെയാണ് പറയേണ്ടത്. ഒരു സർക്കാർ പ്രവർത്തനം തുടങ്ങുന്ന സമയത്ത് ഈ നിലപാടാണോ സ്വീകരിക്കേണ്ടത് ? മാധ്യമങ്ങളടക്കം അക്കാര്യം വിലയിരുത്തണം.
ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് മാന്യമായ സ്ഥാനമുണ്ട്. ആ മാന്യത പാലിക്കാൻ അവർക്ക് കഴിഞ്ഞോ എന്നത് വേറെ കാര്യമാണ്. എങ്കിലും ഒരു പുതിയ തുടക്കമാകുമ്പോൾ സത്യപ്രതിജ്ഞാ ചടങ്ങിൽ അവർ ഉണ്ടാകേണ്ടതായിരുന്നു. അവരുടെ സാന്നിധ്യം ഇല്ലാത്തത് ശരിയായില്ല എന്നാണ് പറയാനുള്ളത്. അവരെ നിർബന്ധിച്ച് പങ്കെടുപ്പിക്കാനാവില്ലല്ലോ ?
പ്രതിപക്ഷത്തെ എല്ലാവരെയും ചടങ്ങിൽ പ്രതീക്ഷിക്കാറില്ലല്ലോ ? ചുരുക്കം ചില ആളുകളെ മാത്രമാണ് പ്രതീക്ഷിക്കുന്നത്. അത്രയും പേർക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത്രയധികം പേർ പങ്കെടുക്കേണ്ട, ഒന്നോ രണ്ടോ പേർ മാത്രം പങ്കെടുത്താൽ മതിയെന്ന് അവർക്ക് തീരുമാനിക്കാമായിരുന്നു. അപ്പോൾ പ്രതിപക്ഷ സാന്നിധ്യം ഉറപ്പാകുമല്ലോ. എന്നാൽ പ്രതിപക്ഷ സാന്നിധ്യമേ വേണ്ടെന്ന തീരുമാനം ഉചിതമായില്ലെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights:CM Pinarayi Vijayan swearing in opposition