തിരുവനന്തപുരം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തുകൾക്ക് 240.6 കോടി രൂപ അനുവദിച്ചു. ശമ്പളവും നടത്തിപ്പ് ചെലവും ഒഴികെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഏതാവശ്യത്തിനും തുക വിനിയോഗിക്കാം. ധന കമീഷൻ തദ്ദേശ സ്ഥാപനങ്ങൾക്കായി ശുപാർശ ചെയ്ത ഉപാധിരഹിത ഫണ്ടിൽനിന്ന് അനുവദിച്ച തുകയാണിത്.
പതിനഞ്ചാം ധന കമീഷൻ ശുപാർശപ്രകാരം ഈ ഇനത്തിൽ കേരളത്തിന് 1795 കോടി രൂപ ലഭിക്കണം. ഇതിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കുള്ള 1202.6 കോടി രൂപയിൽ 481 കോടി രൂപ ഉപാധിരഹിതമായി (അൺ ടൈഡ്) ചെലവഴിക്കാനുള്ളതാണ്. സ്ഥാപനങ്ങൾക്ക് അവരുടെ മുൻഗണനയനുസരിച്ച് ചെലവാക്കാം. ഈ ഉപാധിരഹിത സഹായം ജൂൺ, ഒക്ടോബർ മാസങ്ങളിൽ രണ്ടു ഗഡുവായി വിതരണം ചെയ്യാനാണ് കമീഷൻ ശുപാർശ. അതിൽ ജൂണിൽ തരേണ്ട 240.6 കോടി രൂപ കേന്ദ്രം അനുവദിച്ചു.
ആരോഗ്യ മേഖലയ്ക്കുള്ള പ്രത്യേക ഗ്രാന്റ് ഈ തുകയിൽ ഉൾപ്പെടുന്നില്ല. ആരോഗ്യ മേഖലയ്ക്കുമാത്രമായി 559 കോടി രൂപയാണ് അനുവദിച്ചത്. ഇത് എന്ന് നൽകുമെന്ന് കേന്ദ്രം അറിയിയിച്ചിട്ടില്ല.