ന്യൂഡൽഹി
രാജ്യം കോവിഡ് ദുരിതത്തിൽ നട്ടംതിരിയുമ്പോൾ ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ 100 വർഷം പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ചു. അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് രാംസനേഹി ഘാട്ട് താലൂക്കിലെ ഗരീബ് നവാസ് മസ്ജിദ് പൊളിച്ചത്. കോവിഡ് പശ്ചാത്തലത്തില് 31 വരെ ഒഴിപ്പിക്കൽ, പൊളിച്ചുമാറ്റൽ ഉത്തരവുകൾ നടപ്പാക്കരുതെന്ന ഏപ്രിൽ 24ലെ അലഹബാദ് ഹൈക്കോടതി ഉത്തരവ് മറികടന്നാണ് ജില്ലാഅധികൃതരുടെ നടപടി.
തിങ്കളാഴ്ച പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും എത്തി ആളുകളെ ഒഴിപ്പിച്ചശേഷം ബുൾഡോസറുകൾ ഉപയോഗിച്ച് പള്ളിക്കെട്ടിടം പൊളിച്ചുമാറ്റി. മിക്ക ദേശീയ മാധ്യമങ്ങളും വാർത്ത തമസ്ക്കരിച്ചുവെങ്കിലും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്ത റിപ്പോർട് ചെയ്തു. കെട്ടിടാവശിഷ്ടം നദിയിൽ തള്ളി. നൂറുകണക്കിനാളുകൾ അഞ്ച് നേരവും പ്രാർഥനയ്ക്ക് എത്തുന്ന പള്ളിയാണിത്. പള്ളി അവിടെ ഉണ്ടായിരുന്നത് അറിയില്ലെന്നും പൊളിച്ചത് അനധികൃത കെട്ടിടമാണെന്നുമാണ് ബാരാബങ്കി ജില്ലാ മജിസ്ട്രേറ്റ് ആദർശ് സിങ്ങിന്റെ പ്രതികരണം.
മാർച്ച് 15ന് പള്ളിക്കെട്ടിടം അനധികൃതമാണെന്ന് ആരോപിച്ച് അധികൃതർ പള്ളിക്കമ്മിറ്റിക്ക് നോട്ടീസ് നൽകി. 1959 മുതൽ വൈദ്യുതിബന്ധമുള്ളത് ചൂണ്ടിക്കാണിച്ച് വിശദമറുപടി നൽകി. മാർച്ച് 18ന് ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, രേഖകൾ ഉണ്ടോയെന്ന് അന്വേഷിക്കുക മാത്രമാണ് അധികൃതർ ചെയ്തതെന്ന് ചൂണ്ടിക്കാണിച്ച് കോടതി ഇടപെട്ടില്ല. പിന്നാലെ, ബാരിക്കേഡ് നിരത്തി പള്ളിയിലേക്കുള്ള വഴിതടഞ്ഞു. മാർച്ച് 18ന് വിശ്വാസികളെ തടഞ്ഞ് സംഘർഷത്തിനിടയാക്കി. 35 ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തിരുന്നു.
പള്ളി പൊളിച്ചതില് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡും യുപി സുന്നി വഖഫ്ബോർഡും ശക്തമായി പ്രതിഷേധിച്ചു. ജുഡീഷ്യൽ അന്വേഷണവും പള്ളിക്കെട്ടിടങ്ങൾ അതേസ്ഥാനത്ത് പുനഃനിർമിക്കണം എന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ അറിയിച്ചു.