38,502 എന്ന ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് എലത്തൂരിൽനിന്ന് എ.കെ. ശശീന്ദ്രൻ ഇത്തവണ നിയമസഭയിലെത്തുന്നത്. എലത്തൂരിൽനിന്ന് ഹാട്രിക്ക് വിജയം നേടിയപ്പോൾ തുടർഭരണം ലഭിച്ച എൽ.ഡി.എഫ്. സർക്കാരിൽ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി എത്തുകയാണ്. കണ്ണൂരുകാരനാണെങ്കിലും കെ.എസ്.യു.വിൽ പ്രവർത്തിക്കുന്ന കാലംമുതൽക്കേ കോഴിക്കോടുമായി ബന്ധമുണ്ട് അദ്ദേഹത്തിന്. 1963-64 കാലത്ത് കെ.എസ്.യു.വിന്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്നു. 2006-ൽ ബാലുശ്ശേരിയിൽ നിന്ന് എം.എൽ.എ. ആയ ശേഷമാണ് കോഴിക്കോട് അദ്ദേഹത്തിന്റെ സജീവ കർമമണ്ഡലമായി മാറിയത്.
നാലുപതിറ്റാണ്ടിലധികം എൽ.ഡി.എഫിൽ ഉറച്ചുനിന്നയാളാണ് എ.കെ. ശശീന്ദ്രൻ. ആദ്യം കോൺഗ്രസ് എസ്സായിരുന്നപ്പോഴും പിന്നീട് എൻ.സി.പി.യായപ്പോഴും ഏറ്റവുമൊടുവിൽ മാണി സി. കാപ്പൻ പാർട്ടി വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറിയപ്പോഴുമൊക്കെ ആ ഉറച്ച നിലപാട് തുടർന്നു.
കണ്ണൂരിലെ പെരിങ്ങളത്തുനിന്ന് 1980-ൽ ആദ്യമായി നിയമസഭയിലെത്തിയ ശശീന്ദ്രൻ ഇപ്പോൾ ആറാമത്തെ ടേമിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിൽ ഗതാഗതമന്ത്രിയായിരുന്നു. ഒരു ആരോപണത്തെത്തുടർന്ന് 2017-ൽ മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നെങ്കിലും പത്തുമാസത്തിനുശേഷം വീണ്ടും അതേവകുപ്പിന്റെ ചുമതലയിലേക്ക് തിരിച്ചെത്തി. ഇത്തവണ എ.കെ. ശശീന്ദ്രൻ മാറിനിൽക്കണമെന്ന് എൻ.സി.പി.യിൽനിന്നുതന്നെ ആവശ്യങ്ങളുയർന്നെങ്കിലും ദേശീയനേതൃത്വത്തിന്റെ കൂടെ പിന്തുണയോടെ അദ്ദേഹം എതിർപ്പുകളെയെല്ലാം മറികടന്നു. ഈ തർക്കം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്ന് മാത്രമല്ല കഴിഞ്ഞതവണത്തെക്കാളും ഒൻപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടുകയും ചെയ്തു. രണ്ടുതവണ തുടർച്ചയായി എലത്തൂരിന്റെ പ്രതിനിധി മന്ത്രിയാവുന്നു എന്ന പ്രത്യേകതയും കൂടെയുണ്ട്.