വിദ്യാർഥിരാഷ്ട്രീയകാലം മുതൽ കോഴിക്കോട്ടുകാർക്ക് സമരമുഖങ്ങളിൽ പരിചിതമാണ് പി.എ. മുഹമ്മദ് റിയാസിന്റെ മുഖം. പിതാവ് പി.എം. അബ്ദുൾഖാദർ സിറ്റി പോലീസ് കമ്മിഷണറായിരുന്നു. അതൊന്നും പരിഗണിക്കാതെയാണ് ഈ എസ്.എഫ്.ഐ. നേതാവ് സമരമുഖങ്ങളിൽ സജീവമായത്. മകൻ മന്ത്രിയായി നിയോഗിക്കപ്പെടുന്ന വാർത്തയറിഞ്ഞെത്തുന്നവർക്ക് മധുരം നൽകിക്കൊണ്ട് കോട്ടൂളിയിലെ വീട്ടിലുണ്ട് മാതാപിതാക്കളായ കെ.എം. ആയിശാബിയും പി.എം. അബ്ദുൾഖാദറും. സമരങ്ങളൊക്കെ എന്നുമുണ്ട്, പക്ഷേ, ഒരു ക്ലാസിലും തോൽക്കാതെയാണ് അവൻ പഠിച്ചത്. ഏതു വിഷയവും വേഗം പഠിക്കുന്ന, ഒരിടത്തും തോൽക്കാത്ത മിടുക്കനായ വിദ്യാർഥി -സന്തോഷവിവരം പങ്കിട്ടുകൊണ്ടുള്ള അബ്ദുൾഖാദറിന്റെ വാക്കുകളിൽ എല്ലാമുണ്ട്.
എസ്.എഫ്.ഐ. ജില്ലാ നേതാവായിരുന്ന കാലത്തിനുശേഷം ഡി.വൈ.എഫ്.ഐ. കോട്ടൂളി യൂണിറ്റ് സെക്രട്ടറി മുതൽ പടിപടിയായുള്ള വളർച്ച. 2017-ൽ ദേശീയപ്രസിഡന്റായതോടെ രാജ്യമറിഞ്ഞു മുഹമ്മദ് റിയാസിന്റെ നേതൃശേഷി. മോദി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരായ സമരങ്ങളിലെല്ലാം മുൻനിരപ്പോരാളിയായി ഈ കോഴിക്കോട്ടുകാരൻ. ബീഫ് നിരോധനം മുതൽ പൗരത്വനിയമഭേദഗതി വരെ ഏതു വിഷയങ്ങളിലും ഇരകൾക്കൊപ്പമെന്ന നിലപാട് ഉറക്കെ പറഞ്ഞ നേതാവ്. പല തവണ അറസ്റ്റു ചെയ്യപ്പെട്ടു.
സി.പി.എം. ജില്ലാകമ്മിറ്റിയംഗമായും സംസ്ഥാനകമ്മിറ്റിയംഗമായും പ്രവർത്തിച്ചു. 2009-ൽ ലോക്സഭാതിരഞ്ഞെടുപ്പിൽ കോഴിക്കോട്ട് എം.കെ. രാഘവനോട് പരാജയപ്പെട്ടെങ്കിലും പിന്നീട് കൂടുതൽ സജീവമായി പാർട്ടിപ്രവർത്തനത്തിൽ മുന്നേറുന്നതാണ് കണ്ടത്.
നിയമസഭയിലേക്കുള്ള ആദ്യഅങ്കത്തിൽത്തന്നെ വിജയിച്ച് മന്ത്രിയാകുകയാണ് റിയാസ്. കെ.പി.സി.സി. ജനറൽസെക്രട്ടറി പി.എം. നിയാസിനെയാണ് ഇടതുകോട്ടയായ ബേപ്പൂരിൽ അദ്ദേഹം തോൽപ്പിച്ചത്. ഭൂരിപക്ഷം 28,747.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയാണ് പി.എ. മുഹമ്മദ് റിയാസിന്റെ ഭാര്യ. ഭാര്യാപിതാവ് നയിക്കുന്ന മന്ത്രിസഭയിൽ മരുമകനും അംഗമെന്നതാണ് ഇതിലെ കൗതുകം. 76 വയസ്സുള്ള പിണറായിയാണ് മന്ത്രിസഭയിലെ മുതിർന്ന അംഗം. ഏറ്റവും ഇളയ ആളുകളിലൊരാളാണ് 44-കാരനായ റിയാസ്. അതു മറ്റൊരു കൗതുകം.