കോഴിക്കോട്: ലീഗിനെതിരേ വർഗീയ മുദ്രകുത്തി ഒരു പടി അകലത്തിൽ നിർത്തുകയെന്ന തന്ത്രപരമായ നിലപാടാണ് കഴിഞ്ഞ കുറേക്കാലമായി ഇടതുപക്ഷവും സി.പി.എമ്മും സ്വീകരിച്ച് പോരുന്നത്. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും അവരത് ആവർത്തിച്ചുറപ്പിച്ച് പറഞ്ഞു. ഒപ്പം ബാബരി വിഷയത്തിൽ കോൺഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് വിട്ട് ഇടതിനൊപ്പം ചേർന്ന ഐ.എൻ.എല്ലിന് പാർട്ടിക്കുള്ളിൽ കൃത്യമായ മതേതര പരിവേഷം കൊടുക്കുകയും ചെയ്തു പോന്നു. രൂപീകരിച്ച് കാൽ നൂറ്റാണ്ടോളമായുള്ള കാത്തിരിപ്പിന് ശേഷം ഐ.എൻ.എല്ലിന് മന്ത്രി സ്ഥാനം കൂടി മുന്നണി വെച്ച് നീട്ടുമ്പോൾ അത് ലീഗിനുള്ള മുന്നറിയിപ്പും പുതിയ കാലത്തെ മറ്റൊരു പിണറായി തന്ത്രവുമാണ്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കാലത്തെ വെൽഫെയർപാർട്ടി ബാന്ധവം മുതലാണ് ലീഗിനുള്ളിൽ വലിയ പൊട്ടിത്തെറികൾ പലയിടത്തും പ്രത്യക്ഷത്തിൽ കണ്ടത്. സമസ്തയടക്കമുള്ളവർ ലീഗിനെതിരേ നിലപാടെടുത്തു. പ്രാദേശിക തലങ്ങളിൽ വിമതരുടെ വലിയ പ്രളയം തന്നെയുണ്ടായി,പലരും വിമതരായി തന്നെ മത്സരിച്ച് ജയിച്ചു. ലീഗിനെ ചില നേതാക്കളുടെ ആലയിൽ കൊണ്ട് കെട്ടിയെന്ന ആരോപണവും നേതാക്കൾ കേൾക്കേണ്ടി വന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റിലടക്കം ലീഗ് പരാജയം അറിഞ്ഞതോടെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള പല നേതാക്കൾക്കെതിരേയും സമൂഹ മാധ്യമങ്ങളിലടക്കം പരസ്യ പ്രതിഷേധമുയർന്നു. ഈയൊരു സാഹചര്യത്തിലാണ് ഐ.എൻ.എല്ലിന് മന്ത്രിസ്ഥാനം നൽകുന്നതും മതേതര നിലപാടെടുക്കുന്ന കക്ഷികളെ കൈവിടില്ലെന്ന സന്ദേശം ഇടതുപക്ഷവും സി.പി.എമ്മും മുന്നോട്ട് വെക്കുന്നതും. ലീഗ് അണികളിൽ നിന്നടക്കം രണ്ടാം പിണറായി സർക്കാരിലെ ഈ നിലപാടിനെ നിസ്സാരമായല്ല നോക്കി കാണുന്നത്.
കോൺഗ്രസ് ജനങ്ങളിലേക്കിറങ്ങാത്ത കാലത്തോളം യു.ഡി.എഫിനുള്ളിൽനിന്ന് ലീഗ് ഇനി കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടെന്ന പ്രചാരണമാണ് ഓരോ തിരഞ്ഞെടുപ്പ് പരാജയമുണ്ടാവുമ്പോഴും ഇടതു കേന്ദ്രങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന ചർച്ച. ഒപ്പം ന്യൂനപക്ഷങ്ങൾക്ക് ഇനി ഇടതിനൊപ്പമല്ലാതെ രക്ഷയില്ലെന്ന പ്രചാരണ തന്ത്രങ്ങൾക്കും ഇതിനിടെ തന്നെ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
പൗരത്വ വിഷയങ്ങളിലടക്കം ഇടതുപക്ഷവും സി.പി.എമ്മും സ്വീകരിച്ച നിലപാട് ഇതിന് ഉദാഹരണവുമാണ്. ഈ സ്വീകാര്യത മുതലെടുക്കുക എന്ന ലക്ഷ്യവും ഐ.എൻ.എല്ലിനെ പോലെയുള്ള കക്ഷികളെ ചേർത്തു നിർത്തുന്നതിലൂടെ ഇടതുപക്ഷം മുന്നോട്ട് വെക്കുന്നു.
ഐ.എൻ.എല്ലിനെ സംബന്ധിച്ചിടത്തോളം രണ്ടര വർഷക്കാലത്തേക്കെങ്കിലും കിട്ടുന്ന മന്ത്രി സ്ഥാനം പാർട്ടിയുടെ വളർച്ചയ്ക്ക് വലിയ ഗുണകരാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ലീഗിനുള്ളിലെ അസംതൃപ്തരേയും ലക്ഷ്യമിടുന്നുണ്ട്. 2006 മുതൽ 2011 വരെ പി.എം.എ സലാം എം.എൽ.എ ആയതൊഴിച്ചാൽ ഐ.എൻ.എൽ. ബാനറിൽ ആരും നിയമസഭയിലേക്കെത്തിയിട്ടില്ല.
പി.എം.എ സലാം ഇപ്പോൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. ഇവിടെയാണ് കോഴിക്കോട് സൗത്തിൽ നിന്ന് അഹമ്മദ് ദേവർകോവിലിന് അപ്രതീക്ഷ അട്ടിമറി വിജയമുണ്ടാവുന്നതും സ്വപ്നസാഫല്യം പോലെ മന്ത്രി സ്ഥാനം വരെ ലഭിക്കുന്നതും.
Content Highlights:Kerala Assembly Election 2021 Ahammed Devarkovil INL