തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ആരെന്ന കാര്യത്തിൽ ഏകാഭിപ്രായമില്ലാതെ എ-ഐ ഗ്രൂപ്പുകൾ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻഇന്ന് പാർലമെന്ററി പാർട്ടി യോഗം ചേരുന്നുണ്ട്. ഹൈക്കമാൻഡ് നിരീക്ഷകരായി മല്ലികാർജുൻ ഖാർഗെ, വൈദ്യലിംഗം എന്നിവർ എംഎൽഎമാരെ പ്രത്യേകം പ്രത്യേകം കാണും.
പാർലമെന്ററി പാർട്ടി യോഗത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവായി ആരെ പിന്തുണക്കണംഎന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി എ ഗ്രൂപ്പ് എംഎൽഎമാരുടെ യോഗം ചേർന്നിരുന്നു. എന്നാൽ ഏകാഭിപ്രായത്തിലെത്താതെ യോഗം പിരിഞ്ഞു.
എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളായ കെ.സി.ജോസഫ് ഉൾപ്പടെയുളള നേതാക്കൾ രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായി തുടരട്ടേ എന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽരണ്ട്എംഎൽഎമാർ ചെന്നിത്തല തുടരുന്നതിൽ എതിർപ്പ് അറിയിച്ചു. എന്നാൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന ഉമ്മൻചാണ്ടി ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയില്ല.
തിരുവഞ്ചൂർ രാധാകൃഷ്ണനെ പോലുളള നേതാക്കൾക്ക് ഗ്രൂപ്പിൽ നിന്ന് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഒരാളെ ഉയർത്തിക്കാണിക്കുന്നില്ലെന്ന പരാതിയും ഉണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്നവരാണ്. എന്നാൽ അങ്ങനെ ഒരു നീക്കം ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് വരാത്തതിലുളള ഒരു നീരസം അവരുടെ ഭാഗത്ത് ഉണ്ട്.
ഐ ഗ്രൂപ്പിലാണെങ്കിലും രണ്ടഭിപ്രായമാണ് നിലവിലുളളത്. ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടേ എന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുമ്പോൾ കെ.സുധാകരൻ ഉൾപ്പടെയുളള ഒരു വിഭാഗം ചെന്നിത്തല മാറണമെന്ന അഭിപ്രായമുളളവരാണ്. വി.ഡി സതീശനെ പിന്തുണയ്ക്കുന്നവരും രമേശ് ചെന്നിത്തല മാറണമെന്ന അഭിപ്രായമുളളവരാണ്.
അതേസമയം ഹൈക്കമാൻഡ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഒരുപേര് നിർദേശിച്ചേക്കാമെന്നും സൂചനകളുണ്ട്.