തിരുവനന്തപുരം: മന്ത്രിസ്ഥാനങ്ങൾ എങ്ങനെ വീതംവെക്കണം എന്നത് സംബന്ധിച്ച് എൽ.ഡി.എഫ്. യോഗത്തിൽ ധാരണയായി. ഇനി ആരോക്കെ മന്ത്രിമാരാകും എന്ന കാര്യത്തിൽ മാത്രമാണ് തീരുമാനങ്ങൾ പുറത്തുവരാനുള്ളത്.
കഴിഞ്ഞ തവണ മുഖ്യമന്ത്രി ഉൾപ്പെടെ 13 മന്ത്രിമാരുണ്ടായിരുന്ന സി.പി.എമ്മിന് ഇത്തവണ 12 മന്ത്രിമാരായി കുറയും. സി.പി.ഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ലഭിക്കും. കേരളകോൺഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ജെ.ഡി.എസ്., എൻ.സി.പി. എന്നിവർക്ക് ഒരു മന്ത്രിസ്ഥാനം വീതവും എന്നതാണ് നിലവിൽ തീരുമാനമായത്. ശേഷിക്കുന്ന രണ്ട് മന്ത്രി സ്ഥാനങ്ങൾ നാല് ചെറുകക്ഷികൾക്കായി രണ്ടര വർഷം വീതം എന്ന നിലയിൽ വീതം വെക്കും എന്നതിൽ അന്തിമ ധാരണയായി.
കെ.ബി ഗണേഷ്കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, ആന്റണി രാജു അഹമ്മദ് ദേവർ കോവിൽ എന്നിവർക്കാണ് മന്ത്രി സ്ഥാനം രണ്ടരവർഷം വീതം ലഭിക്കുക.
കഴിഞ്ഞ തവണ സി.പി.എം. കൈവശം വെച്ചിരുന്ന വകുപ്പുകളിലൊന്ന് ഇത്തവണ കേരളകോൺഗ്രസ് എമ്മിന് നൽകും. വൈദ്യുതി വകുപ്പ് നൽകിയേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. റോഷി അഗസ്റ്റിനാകും മന്ത്രിയാകുക. മറ്റൊരു എം.എൽ.എ. എൻ.ജയരാജിന് ചീഫ് വിപ്പ് സ്ഥാനം ലഭിച്ചേക്കും.
കഴിഞ്ഞ തവണ കൈവശം വെച്ചിരുന്ന പ്രധാന വകുപ്പുകൾ വിട്ടുനൽകില്ലെന്ന് സി.പി.ഐ. മുമ്പുതന്നെ അറിയിച്ചിരുന്നു. ഇതിനോട് അനകൂല പ്രതികരണം സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അതിനാൽ റവന്യു, കൃഷി, വനം, ഭക്ഷ്യ വകുപ്പുകൾ സി.പി.ഐ. നിലനിർത്തിയേക്കും.
ചെറുകക്ഷികൾക്കായി കായികം, തുറമുഖം, ഗതാഗതം, ജലസേചനം എന്നീ വകുപ്പുകൾ നൽകും. അതിൽ ഗതാഗതം, ജലസേചനം എന്നീ വകുപ്പുകൾ ജെ.ഡി.എസ്., എൻ.സി.പി. എന്നീ കക്ഷികൾക്കും മറ്റ് രണ്ട് സ്ഥാനങ്ങൾ ഒരു എം.എൽ.എ. മാത്രമുള്ള കക്ഷികൾക്കുമായി വീതം വെക്കുകയും ചെയ്യുമെന്നതാണ് ഏകദേശ ധാരണ.
മന്ത്രിസ്ഥാനം പങ്കുവെക്കുന്ന കക്ഷികൾ ആര് ആദ്യം മന്ത്രിയാകണം എന്നത് ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. നാളെ എൽ.ഡി.എഫിന്റെ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പിണറായി വിജയനെ നേതാവായി തിരഞ്ഞെടുക്കും. അതിനുമുമ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് സി.പി.എം. ഘടകകക്ഷികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ആദ്യം മന്ത്രിയാകാൻ തിരക്കുകൂട്ടില്ലെന്ന് ജനാധിപത്യ കേരളകോൺഗ്രസ് എം.എൽ.എ. ആയ ആന്റണി രാജു എൽ.ഡി.എഫ്. യോഗത്തിൽ അറിയിച്ചിട്ടുണ്ട്.
സി.പി.എമ്മിലും സി.പി.ഐയിലുമായി പുതുമുഖങ്ങൾ മന്ത്രിമാരാകും. സി.പി.ഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങളാകും. ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. സി.പി.ഐയിൽ നിന്ന് ജെ. ചിഞ്ചുറാണി, പി. പ്രസാദ്,കെ.രാജൻ,ഇ.കെ വിജയൻ തുടങ്ങിയവർ മന്ത്രിമാരായേക്കും. സി.പി.എമ്മിൽ പുതുമുഖങ്ങളായി മന്ത്രിസ്ഥാനത്തേക്ക് വീണ ജോർജ്, വി. ശിവൻകുട്ടി, പി. രാജീവ് എന്നിവർക്ക് സുപ്രധാനമായ വകുപ്പുകൾ ലഭിക്കുമെന്നാണ് കരുതുന്നത്.
19-ന് മുഖ്യമന്ത്രി ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഔദ്യോഗികമായി അറിയിക്കും. 20-നാണ് സത്യപ്രതിജ്ഞ. നേരത്തേ നിശ്ചയിച്ചതിലും കുറച്ച് ആളുകളെ മാത്രം പ്രവേശിപ്പിച്ചാകും സത്യപ്രതിജ്ഞ നടത്തുകയെന്നാണ് വിവരം.
Content Highlights:Pinarayi Vijayan Ministry, CPM will get 12 ministers, four ministers and deputy speaker for CPI