തന്റെ 24 വർഷം നീണ്ട കരിയറിൽ പന്ത്രണ്ടു വർഷത്തോളം ഓരോ മത്സരങ്ങൾക്ക് മുൻപും ഉത്കണ്ഠ പ്രശ്നങ്ങൾ താൻ നേരിട്ടിട്ടിരുന്നെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കോവിഡ്ക്കാലത്തെ മാനസികാരോഗ്യത്തെക്കുറിച്ചും താരങ്ങൾ ബയോ ബബിളിൽ കഴിയേണ്ടി വരുന്നതിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഒരു മത്സരത്തിന് ശാരീരികമായി തയ്യാറെടുക്കുന്നതിനൊപ്പം, മാനസികമായും നാം സ്വയം തയ്യാറാകേണ്ടതുണ്ടെന്ന് കാലക്രമേണ ഞാൻ മനസ്സിലാക്കി, എന്റെ മനസ്സിൽ ഞാൻ മൈതാനത്ത് ഇറങ്ങുന്നതിന് വളരെ മുൻപ് തന്നെ മത്സരം ആരംഭിക്കുമായിരുന്നു. ഉത്കണ്ഠയുടെ അളവ് വളരെ കൂടുതലായിരുന്നു” അൺഅക്കാദമി നടത്തിയ ഒരു പരിപാടിയിൽ സച്ചിൻ പറഞ്ഞു.
” 10-12 വർഷം ഞാൻ ഉത്കണ്ഠ അനുഭവിച്ചു. ഒരു മത്സരത്തിന് മുൻപ് ഉറക്കമില്ലാത്ത നിരവധി രാത്രികൾ എനിക്ക് ഉണ്ടായി. പിന്നീട് അതെല്ലാം എന്റെ മത്സര മുന്നൊരുക്കത്തിന്റെ ഭാഗമാണെന്ന് ഞാൻ മനസ്സിലാക്കി. രാത്രി ഉറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ഞാൻ തന്നെ എന്റെ മനസിനെ സമാധാനത്തിലാക്കി. അതിനായി എന്തെങ്കിലും ഒക്കെ ചെയ്യാൻ തുടങ്ങി”
“ആ “എന്തെങ്കിലുമിൽ” വെറുതെ ബാറ്റ് ചെയ്യുന്നതും, കുറെ നേരം ടിവി കാണുന്നതും, ഗെയിം കളിക്കുന്നതും എല്ലാം ഉൾപ്പെടും. രാവിലെ ഒരു ചായ ഉണ്ടാക്കുന്നത് പോലും എന്നെ മത്സരത്തിനായി ഒരുങ്ങാൻ സഹായിച്ചിരുന്നു.” സച്ചിൻ പറഞ്ഞു.
കളിക്കാർ എപ്പോഴും അവരുടെ കരിയറിൽ ഉയർച്ച താഴ്ചകളിലൂടെ കടന്ന് പോകാനുള്ളവരാണ്. അത് എന്ത് തന്നെ ആയാലും നിസഹായത തോന്നുമ്പോൾ അത് അംഗീകരിക്കുകയാണ് വേണ്ടത് എന്ന് സച്ചിൻ പറയുന്നു.
“ഒരു പരുക്ക് പറ്റുമ്പോൾ, ഫിസിയോയും ഡോക്ടറും പരിശോധിക്കുകയും എന്താണ് നിങ്ങളുടെ പ്രശ്നം എന്ന് മനസിലാക്കുകയും ചെയ്യും. മനസികാരോഗ്യത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ആരായാലും ഉയർച്ച താഴ്ചകളിലൂടെ കടന്ന് പോകുക എന്നത് സ്വാഭാവികമാണ് പക്ഷേ നിങ്ങൾ തളർന്ന് പോകുമ്പോൾ നിങ്ങൾക്ക് ചുറ്റും ആരെങ്കിലും വേണം.”
Read Also: അടുത്ത കാലത്തെ ഫോം ആവർത്തിക്കാനായാൽ ഇന്ത്യക്ക് ഇംഗ്ലണ്ടിൽ മുന്നേറാം:മുഹമ്മദ് ഷമി
“അംഗീകരിക്കുക എന്നതാണ് ഇവിടെ പ്രധാനം. കളിക്കാരന് വേണ്ടി മാത്രമല്ല അവർക്ക് ചുറ്റുമുളളവർക്ക് വേണ്ടിയും. നിങ്ങൾ ഒരിക്കൽ അംഗീകരിച്ചു കഴിഞ്ഞാൽ പിന്നെ പരിഹാരത്തിനായി നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കും.”
താൻ ചെന്നൈയിലെ ഒരു ഹോട്ടൽ ജീവനക്കാരനിൽ നിന്നും പഠിച്ച പോലെ, ഒരാൾക്ക് ആരിൽ നിന്ന് വേണമെങ്കിലും പഠിക്കാമെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
“എനിക്ക് മുറിയിലേക്ക് ദോശ കൊണ്ടുവന്നു തന്ന ആൾ, അത് മേശക്ക് മുകളിൽ വെച്ച ശേഷം, എനിക്ക് ഒരു ഉപദേശം തന്നു. എന്റെ എൽബോ ഗാർഡ് ചൂണ്ടിക്കാണിച്ച് ഇതാണ് എന്റെ ബാറ്റിന്റെ സ്വിങ്ങിനെ ബാധിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സത്യത്തിൽ അത് തന്നെയായിരുന്നു. ആ പ്രശ്നം മനസിലാക്കാൻ അദ്ദേഹം എന്നെ സഹായിച്ചു.”
കഴിഞ്ഞ വർഷം ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചത് മുതൽ തളരാതെ ജോലി ചെയ്യുന്ന എല്ലാ കോവിഡ് മുൻനിര പോരാളികൾക്കും സച്ചിൻ നന്ദി പറഞ്ഞു.
The post ഉത്കണ്ഠയെ ബൗണ്ടറി കടത്തിയത് ചായ ഉണ്ടാക്കിയും, ഗെയിം കളിച്ചും: സച്ചിൻ appeared first on Indian Express Malayalam.