തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വരും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ. നിയന്ത്രണങ്ങൾ സംബന്ധിച്ച് മാർഗരേഖ പുറത്തിറങ്ങി.
തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങൾ
ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാല്, മത്സ്യം, മാംസം, മൃഗങ്ങളുടെ തീറ്റ, കോഴിത്തീറ്റ, കാലിത്തീറ്റ, ബേക്കറി തുടങ്ങിയ കടകൾ തിങ്കൾ മുതൽഒന്നിടവിട്ട ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാം.
ഹോം ഡെലിവറി ചെയ്യുന്ന കടകൾ അടക്കംഉച്ചക്ക് രണ്ട് മണിക്ക് അടയ്ക്കണം.
പാൽ, പത്രം വിതരണം എന്നിവ രാവിലെ എട്ട് മണിക്ക് മുമ്പ് പൂർത്തീകരിക്കണം.
റേഷൻ കടകൾ, മാവേലി സ്റ്റോർ, സപ്ലൈകോ ഷോപ്പ്, മിൽക്ക് ബൂത്ത് എന്നിവ വൈകിട്ട് അഞ്ച് മണിവരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്.
ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്സൽ സർവീസും അനുവദിക്കില്ല.
മെഡിക്കൽ ഷോപ്പ്, പെട്രോൾ പമ്പ്, എടിഎം, ജീവൻ രക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവയ്ക്ക് എല്ലാ ദിവസവും പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളല്ലാതെ മറ്റൊന്നും പ്രവർത്തിക്കാൻ പാടില്ല.
പൊതുജനങ്ങൾ, അവശ്യവസ്തുക്കൾ വീടിനോട് ഏറ്റവും അടുത്തുള്ള കടയിൽനിന്നു വാങ്ങണം. ഇവ വാങ്ങുന്നതിനായി കൂടുതൽ ദൂരം സഞ്ചരിക്കാൻ അനുവദിക്കില്ല.
ബാങ്ക്, ഇൻഷ്വറൻസ്, ഫിനാൻഷ്യൽ സ്ഥാപനങ്ങൾ എന്നിവ ചുരുങ്ങിയ എണ്ണം ജീവനക്കാരുമായി തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ 10 മുതൽ ഒരു മണിവരെ പ്രവർത്തിക്കാം. സഹകരണ സ്ഥാപനങ്ങൾ തിങ്കളും വ്യാഴവും 10 മുതൽ ഒരു മണിവരെ പ്രവർത്തിക്കാം. ഇ-കൊമേഴ്സ്, അവശ്യ വസ്തുക്കളുടെ ഡെലിവറി എന്നിവ ദിവസവും രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ അനുവദിക്കും.
ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കർശനമായി നിയന്ത്രിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങൾ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. വ്യക്തികളുടെ സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതു നിർബന്ധമാണ്.
മാധ്യമ പ്രവർത്തകർക്കു ജില്ലയിലേക്കു പ്രവേശിക്കുന്നതിനും ജില്ല വിട്ടു പോകുന്നതിനും പൊലീസിന്റെ പ്രത്യേക പാസ് വേണം.വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്ക് യാത്രകൾക്ക് ഓൺലൈൻ പാസ് നിർബന്ധം. ഇലക്ട്രിക്, പ്ലമ്പിങ് ജോലികൾ ചെയ്യുന്ന ടെക്നീഷ്യന്മാർക്കും പാസ് നിർബന്ധം. പാസുകൾ pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിച്ചാൽ ലഭ്യമാകും.
തൃശൂർ ജില്ലയിലെനിയന്ത്രണങ്ങൾ
പാൽ, പത്രം വിതരണം – എല്ലാ ദിവസവും നടത്താം
പഴം, പച്ചക്കറി കടകൾ – തിങ്കൾ, ബുധൻ, വെള്ളി രാവിലെ 8 മുതൽ ഉച്ചയ്ക് 1 വരെ
പലചരക്ക്, ബേക്കറി കടകൾ – ചൊവ്വ, വ്യാഴം, ശനി രാവിലെ 8 മുതൽ 1 മണിവരെ
മത്സ്യം, മാംസം, കോഴിക്കടകൾ, കോൾഡ് സ്റ്റോറേജ് – ശനിയാഴ്ച മാത്രം രാവിലെ 7 മുതൽ ഉച്ചയ്ക് 1 വരെ
ഹോട്ടലുകൾ – രാവിലെ രാവിലെ 8 മുതൽ വൈകിട്ട് 7 വരെ ഹോം ഡെലിവറിക്കായി തുറക്കാം.
റേഷൻകട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്റ്റോറുകൾ, പാൽ സൊസൈറ്റികൾ – രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
എല്ലാ സംവിധാനങ്ങളിലും ഹോം ഡെലിവറി, ആർ.ആർ.ടി മുഖാന്തിരമുള്ള ഡെലിവറി മാത്രമേ അനുവദിക്കൂ.
ബാങ്കുകൾ – ചൊവ്വ, വെള്ളി, സഹകരണ ബാങ്കുകൾ – തിങ്കൾ, വ്യാഴം (രാവിലെ 10 മുതൽ ഉച്ചയ്ക് 1 വരെ)
മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ പ്രവർത്തിക്കാം. ദന്തൽ സ്ഥാപനങ്ങൾ അനുവദിക്കില്ല.
വിവാഹങ്ങൾ അനുവദനീയമല്ല. അടിയന്തിരമായി നടത്തേണ്ടവ മാത്രം 20 പേരെ മാത്രം ഉൾക്കൊള്ളിച്ച് ചടങ്ങുകൾ മാത്രമായി നടത്താം.
വഴിയോരക്കച്ചവടം, വീടുകളിൽ കയറിയുള്ള കച്ചവടം അനുവദനീയമല്ല.
നിർമ്മാണപ്രവർത്തനങ്ങൾ അനുവദനീയമല്ല. (പൊതു നിർമ്മാണ പ്രവർത്തനങ്ങൾ അനുവദനീയം)
എറണാകുളം ജില്ലയിലെനിയന്ത്രണങ്ങൾ
പലചരക്ക്, ബേക്കറി, പഴം, പച്ചക്കറി കടകൾ, കോഴിവ്യാപാര കടകൾ, കോൾഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി രാവിലെ 8 മുതൽ 2 മണിവരെ
വഴിയോരക്കച്ചവടം അനുവദനീയമല്ല.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ രാവിലെ രാവിലെ 8 മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കായി തുറക്കാം. പാഴ്സൽ അനുവദിക്കില്ല.
പാൽ, പത്രം, തപാൽ എന്നിവ രാവിലെ 9 മണി വരെ. പാൽ സംഭരണം ഉച്ചക്ക് 2 മണി വരെ
വിവാഹങ്ങൾ അടക്കമുള്ള ആഘോഷങ്ങളും കൂടിച്ചേരലുകളും മാറ്റിവെക്കേണ്ടതാണ്. മുൻകൂട്ടി നിശ്ചയിച്ചവ 20 പേരെ മാത്രം ഉൾക്കൊള്ളിച്ച് നടത്താം. വിവാഹ, മരണാനന്തര ചടങ്ങുകൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടില്ല
ബാങ്കുകൾ തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ 10 മുതൽ 2 മണിവരെ പ്രവർത്തിക്കാം
പ്ലാന്റേഷൻ, നിർമാണ മേഖലകളിൽ അന്യസംസ്ഥാനത്തുനിന്നോ അന്യജില്ലകളിൽനിന്നോ തൊഴിലാളികളെ കൊണ്ടുവരാൻ പാടില്ല.
ജില്ലയിലെ ഐടി/ ഐടിഇഎസ് സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ മിനിമം ജീവനക്കാരെ ഉൾപ്പെടുത്തി അനുവദിക്കും
ജില്ലയിൽ ഹെഡ് ഓഫീസുള്ള സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ ഡേറ്റാ സെന്റർ പ്രവർത്തനം മിനിമം ജീവനക്കാരെ ഉൾപ്പെടുത്തി അനുവദിക്കും
മലപ്പുറം ജില്ലയിലെ അധിക നിയന്ത്രണങ്ങൾ
ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം. രാത്രി 7ന് ഹോട്ടലുകൾ അടക്കണം.
അവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ റേഷൻ കാർഡ് കൈവശം കരുതണം.റേഷൻ കാർഡ് നമ്പർ അവസാന ഒറ്റ അക്കം ആയവർ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും അവസാന അക്കം ഇരട്ട അക്കം ആയവർ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മാത്രമേ അവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാൻ പാടുള്ളൂ. കാർഡ് കൈവശമില്ലാത്തവർ സത്യവാങ്മൂലം കൈവശം കരുതണം.
Content Highlights: Triple lockdown restrictions in kerala