തിരുവനന്തപുരം: സംസ്ഥാനത്ത്18-45 വയസ്സുകാർക്കുള്ള കോവിഡ് വാക്സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രജിസ്ട്രേഷൻ നാളെ മുതൽ തുടങ്ങും.
സംസ്ഥാനത്ത് കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂർത്തിയായവർക്ക് മാത്രമേ നാളെ മുതൽ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയിട്ടുള്ള പുതുക്കിയ മാർഗനിർദ്ദേശ പ്രകാരമാണ് ഈ മാറ്റം. ഇതനുസരിച്ച് 12 മുതൽ 16 ആഴ്ചകൾക്കുള്ളിൽ കോവിഷീൽഡ് രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്താൽ മതിയാകും. എന്നാൽ കോവാക്സിൻ രണ്ടാമത്തെ ഡോസ് മുമ്പ് നിശ്ചയിച്ചിട്ടുള്ളതു പോലെ തന്നെ 4 മുതൽ 6 ആഴ്ചക്കുള്ളിൽ എടുക്കണം. ഇതിൽ മാറ്റം വരുത്തിയിട്ടില്ല.
രണ്ടാം ഡോസ് എടുക്കുമ്പോൾ 84 മുതൽ 112 ദിവസങ്ങളുടെ ഇടവേള കൂടുതൽ ഫലപ്രാപ്തി നൽകുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർദ്ധിപ്പിച്ചിട്ടുള്ളത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടേണ്ട കാര്യമില്ല. എല്ലാവർക്കും വാക്സിൻ ലഭ്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വൃദ്ധസദനത്തിലുള്ളവർ, ആദിവാസി കോളനിയിലുള്ളവർ എന്നിവർക്ക് വാക്സിനേഷൻ അടിയന്തിരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർമാരിൽ വാക്സിനേഷൻ എടുക്കാത്തവർക്കും അടിയന്തിരമായി ലഭ്യമാക്കും.
വാക്സിൻ എടുത്ത് കഴിഞ്ഞാലും മാസ്ക് ധരിക്കുകയും കൈകൾ ഇടയ്ക്ക് വൃത്തിയാക്കുകയും ശാരീരിക അകലം പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാവരും വാക്സിൻ സ്വീകരിച്ച് സുരക്ഷിതരാകുന്നത് വരെ പ്രതിരോധത്തിനായുള്ള പ്രാഥമിക കാര്യങ്ങൾ എല്ലാവരും തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Content Highlights: covishield vaccine second dose