ആംസ്റ്റര്‍ഡാം: ഫുട്ബോളില്‍ ടീമുകളുടെ ജീവശ്വാസം അവരുടെ ആരാധകരാണല്ലൊ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മത്സരം നേരിട്ട് കാണാന്‍ സാധിക്കാതെ പോയ ആരാധകര്‍ക്ക് ഡച്ച് ടീമായ അയാക്സ് ഫുട്ബോള്‍ ക്ലബ്ബിന്റെ സമ്മാനം.
സമ്മാനം വ്യത്യസ്തമായ ഒന്നാണ്. നേടിയ ഡച്ച് ലീഗ് ട്രോഫി ഉരുക്കി ചെറിയ നക്ഷത്രങ്ങളുടെ രൂപത്തിലാക്കി മാറ്റി. സീസണ്‍ ടിക്കറ്റ് കൈവശമുള്ള 42,000 പേര്‍ക്ക് സമ്മാനമായി നല്‍കാനാണ് തീരുമാനം.
സമൂഹമാധ്യമങ്ങളില്‍ സിനിമയെ വെല്ലുന്ന തരത്തിലുള്ള വിഡിയോ പുറത്തിറക്കിയാണ് ഡച്ച് ടീം ആരാധകരോട് സമ്മാന വിതരണത്തെക്കുറിച്ച് അറിയിച്ചത്. 3.45 ഗ്രാമാണ് ഓരോ വെള്ളി നക്ഷത്രത്തിന്റേയും തൂക്കം. “വിജയത്തിന്റെ ഒരു ഭാഗം, ചരിത്രത്തിന്റെ ഒരു ഭാഗം, അയാക്സിന്റെ ഒരു ഭാഗം” എന്നാണ് പദ്ധതിയുടെ പേര്.
“പ്രക്ഷുബ്ധമായ ഒരു വർഷത്തിനുശേഷം, ആരാധകർ ഞങ്ങളുടെ നേട്ടത്തിന്റെ ഭാഗമാണെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു,” ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾകീപ്പറും ചീഫ് എക്സിക്യൂട്ടീവുമായ എഡ്വിൻ വാൻ ഡെർ സാർ പറഞ്ഞു. ഈ കിരീടം നിങ്ങള്‍ക്ക് വേണ്ടിയാണെന്ന് ആരാധകരോട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ട്രോഫി പങ്കു വക്കുന്നതിലൂടെ ആ വാക്കുകള്‍ അന്വര്‍ഥമാക്കുകയാണ് ഞങ്ങള്‍, വാന്‍ ഡെര്‍ സാര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ഹർഡിൽസ് ലോക റാങ്കിങ്ങിൽ മൂന്നാമത് മലപ്പുറം സ്വദേശി, പതിനേഴുകാരൻ ഹനാൻ
അയാക്സിന് സമ്മാനാമായി മറ്റൊരു ട്രോഫി ഡച്ച് സോക്കര്‍ ഫെഡറേഷന്‍ നല്‍കി. സീസണിലെ 34 മത്സരങ്ങളില്‍ 30 ഉം കാണികള്‍ ഇല്ലാതെയാണ് അയാക്സ് കളിച്ചത്. 55,000 കാണികള്‍ക്ക് മത്സരം കാണാനുള്ള സൗകര്യം ക്ലബ്ബിന്റെ സ്റ്റേഡിയത്തിനുണ്ട്.
The post അയാക്സ് നേടിയ ലീഗ് കിരീടം ഇനി ആരാധകരുടെ കൈയ്യിലെ ‘നക്ഷത്രങ്ങള്‍’ appeared first on Indian Express Malayalam.