നാരകവർഗചെടികളിൽ ഏറ്റവും പ്രസിദ്ധിയുള്ള ഫലമാണ് ഓറഞ്ച്. ഒരു ദിവസം ഒരു ഓറഞ്ച് വച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. കലോറിയിൽ കുറവാണെങ്കിലും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന വളരെയധികം പോഷകഘടകങ്ങൾ ഓറഞ്ചിൽ അടങ്ങിയിരിക്കുന്നു.
ഓറഞ്ചുകൾ വിറ്റമിൻ സി.യുടെ കലവറയാണ്, കൂടതെ നാരുകളുടെയും. വിറ്റമിൻ ബി 1, പാൻടൊതെനിക് ആസിഡ്, ഫോളേറ്റ്, വിറ്റമിൻ എ, കാത്സ്യം, ചെമ്പ്, പൊട്ടാസ്യം എന്നിവയുടെയും ഉറവിടമാണ് ഓറഞ്ച്.
ഏകദേശം 154 ഗ്രാം വരുന്ന ഒരു ഇടത്തരം ഓറഞ്ചിൽ 80 കലോറി ഊർജം, 0 ഗ്രാം കൊഴുപ്പ്, 250 മില്ലിഗ്രാം പൊട്ടാസ്യം, 19 ഗ്രാം കാർബോഹൈഡ്രേറ്റ് (14 ഗ്രാം പഞ്ചസാര, 3 ഗ്രാം ഭക്ഷണ നാരുകൾ), 1 ഗ്രാം പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു.
ഒരു ഓറഞ്ച് നിത്യേന നമുക്ക് വേണ്ട വിറ്റമിൻ സി.യുടെ 130 ശതമാനം നൽകുന്നു, 2 ശതമാനം വിറ്റമിൻ എ ആവശ്യകതകൾ, 6 ശതമാനം കാത്സ്യം, 0 ശതമാനം ഇരുമ്പ് എന്നിവയും.
ആരോഗ്യത്തിന് ഓറഞ്ച്
ഓറഞ്ച് കഴിക്കുന്നത് കൊണ്ട് നമ്മുടെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുമെന്ന് നോക്കാം:
രക്തസമ്മർദം നിയന്ത്രിക്കാൻ
ഓറഞ്ചിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദവും ഹൈപ്പർടെൻഷനും നിയന്ത്രിക്കുന്നതിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ആഹാരങ്ങൾ പ്രധാനമാണ്, കാരണം പൊട്ടാസ്യം സോഡിയത്തിന്റെ ഫലങ്ങളെ കുറയ്‍ക്കുന്നു.
അങ്ങനെ ആവശ്യമുള്ള പൊട്ടാസ്യത്തിന്റെ അളവ് ശരീരത്തിൽ എത്തുമ്പോൾ അത്രയും തന്നെ സോഡിയം മൂത്രത്തിലൂടെ ശരീരം പുറന്തള്ളുന്നു. അതുപോലെ തന്നെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന പിരിമുറുക്കം കുറയ്‍ക്കാനും പൊട്ടാസ്യം സഹായിക്കും. അങ്ങനെ രക്തസമ്മർദം കുറയ്‍ക്കുവാനും.
ഗർഭകാലത്ത് പ്രയോജനകരം
ഓറഞ്ചിലുള്ള ഫോളേറ്റ് അല്ലെങ്കിൽ ഫോളിക് ആസിഡ് ഗർഭസ്ഥശിശുവിന്റെ മസ്തിഷ്ക വികസനത്തിനും മറ്റു നിർണായകമായ അവയവങ്ങളുടെ വികസനത്തിനും സഹായിക്കുന്നു.
കണ്ണുകളുടെ ആരോഗ്യത്തിന്
കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതായി അറിയപ്പെടുന്ന ബീറ്റാ കരോട്ടിൻ ആണ് ഓറഞ്ചിന് അതിന്റെ നിറം നൽകുന്നത്. വളരെ ഗുണമുള്ള ഒരു ആന്റി ഓക്സിഡന്റ് ആണ് ബീറ്റാ കരോട്ടിൻ, അത് കണ്ണിന്റെ ആരോഗ്യത്തിനെയും പ്രോത്സാഹിപ്പിക്കുന്നു.
വയറിലെ അൾസർ തടയുന്നതിന്
ഓറഞ്ച് എന്നത് നാരുകളുടെ കലവറയാണ്, ഇവ നമ്മുടെ വയറിനെയും, കുടലിനെയും ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. നാരുകളടങ്ങിയ ഭക്ഷണക്രമം വയറ്റിലെ അൾസർ, മലബന്ധം പോലുള്ള രോഗങ്ങളെ ചെറുത്തു നിൽക്കാൻ സഹായിക്കുന്നു.
മലബന്ധത്തിനു ശമനമുണ്ടാകാൻ
മിതമായ രീതിയിൽ ഓറഞ്ച് കഴിക്കുകയാണെങ്കിൽ, അവയിൽ കാണപ്പെടുന്ന നരീനിൻ മറ്റു നാരുകളോടൊപ്പം ചേർന്ന് വിരേചനൗഷധം പോലെ പ്രവർത്തിക്കുകയും, മലബന്ധം ശമിപ്പിക്കുകയും ചെയ്‌യും.
രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ സി, ശരീരത്തിൽ വെളുത്ത രക്താണുക്കളുടെ ഉത്‌പാദനം വർദ്ധിപ്പിക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
ശരീരഭാരം കുറയ്‍ക്കാൻ
ഒരു കപ്പ് ഓറഞ്ചിൽ കേവലം 85 കലോറി മാത്രമേ അടങ്ങിയിട്ടുള്ളു. ഇത് ഒരു ഉത്തമ പോഷകാഹാരം ആണുതാനും. കൂടാതെ ഇതിൽ 4.3 ഗ്രാം നാരുകളാണ്. പതിവായി കുടൽ ചലനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശരീരഭാരം കുറയ്‍ക്കാൻ ഈ സംയുക്തം സഹായിക്കും.
പല്ലിനും, എല്ലിനും
ഓറഞ്ചിൽ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യകരമായ പല്ലും, എല്ലും നിലനിർത്താൻ നമ്മളെ സഹായിക്കും.
ചില സൗന്ദര്യ പൊടിക്കൈകൾ
ഒരു ഗ്ലാസ് വെള്ളം ചൂടാക്കുക. ഇതിലേക്ക് ഒരു സ്പൂൺ ഓറഞ്ചിന്റെ തൊലി ചേർക്കുക. ഈ പാനീയം തണുക്കുന്നതിനായി 15 നിമിഷം വയ്‍ക്കുക. ഇതിലുള്ള തൊലി എടുത്തു കളഞ്ഞശേഷം തേൻ ചേർത്ത് കുടിക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കളയാൻ ആഴ്ചയിൽ 5 പ്രാവശ്യമെങ്കിലും ഇത് കുടിക്കുക.
ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ലുകൾ മൂന്ന് മിനിറ്റ് നന്നായി ഉരച്ചു തേയ്‍ക്കുകയാണെങ്കിൽ പല്ലുകൾ നന്നായി വെളുക്കും. മുഖത്തെ ഉണങ്ങിയ ചർമം നീക്കം ചെയ്‌യുന്നതിന് ഓറഞ്ച് ജ്യൂസ് മുഖത്ത് പുരട്ടി 15 മിനിട്ടിന് ശേഷം കഴുകിക്കളയാം. മുഖത്തിന് തിളക്കം കൂടുന്നത് കാണാം.
മുഖത്തെ കരുവാളിപ്പ് മാറ്റുന്നതിനായി ഓറഞ്ച് തൊലി, തൈര്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പുരട്ടി 15 മിനിട്ടിന് ശേഷം കഴുകിക്കളയാം.
മുടിക്ക് കണ്ടീഷണറായി ഓറഞ്ച് ജ്യൂസ് ഉപയോഗിക്കാം. ഓറഞ്ച് ജ്യൂസ്, തുല്യ അളവിൽ വെള്ളം, ഒരു സ്പൂൺ തേൻ എന്നിവകൊണ്ടുള്ള ജ്യൂസ് മിശ്രിതത്തിലൂടെ അദ്ഭുതകരമായ കണ്ടീഷൻ തയ്‌യാറാക്കുക.
ഈ മിശ്രിതം ഷാംപൂ ഉപയോഗിച്ച് കഴുകിയ മുടിയിൽ പ്രയോഗിക്കുക. 10 മിനിട്ട് നേരം അനക്കാതെ വയ്‍ക്കുക, തുടർന്ന് കഴുകുക. ആരോഗ്യമുള്ളതും തിളങ്ങുന്നതും സുന്ദരവുമായ മുടി ലഭിക്കാൻ ഏറ്റവും ഉത്തമമായ മാർഗമാണ് ഇത്.
ഓറഞ്ച് തൊലിയിൽ പഴത്തിനെക്കാൾ ഉയർന്ന അളവിൽ വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഓറഞ്ചിനകത്തുള്ള അല്ലികൾ എടുത്ത ശേഷം തൊലി കളയുന്നതിനു പകരം പകരം അവ വെയിലത്ത് വച്ച് നന്നായി ഉണക്കിയ ശേഷം ഓറഞ്ച് പീൽ പൊടി തയ്‌യാറാക്കാം. കുളിക്കുമ്പോൾ ഇത് സ്ക്രബ്ബർ ആയി ഉപയോഗിക്കാം.
മേൽപറഞ്ഞ ഓറഞ്ച് പീൽ പൊടി പാലിൽ ചാലിച്ച ശേഷം മുഖത്തു പുരട്ടുക. ഇത് മുഖത്തിന് തത്‌ക്ഷണം തിളക്കം നൽകുകയും ചർമ്മത്തിലെ ഇരുണ്ട പാടുകൾ കുറയ്‍ക്കുകയും ചെയ്‌യും.
ഓറഞ്ച് പീൽ പൊടിയും, തൈരുമായി ചേർത്ത് ഒരു കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. മൃദുല വൃത്താകൃതിയിലുള്ള ചലനങ്ങളെ ഉപയോഗിച്ച് 15 മിനിട്ട് മുഖത്തു മസ്സാജ് ചെയ്തു പുരട്ടുക. അതിനു ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക. മുഖത്തെ കറുത്ത പാടുകൾ മാറ്റുന്നതിന് സ്വാഭാവികവും, വേദനയില്ലാത്തതുമായ മാർഗമാണിത്.
ഓറഞ്ച് എന്തുകൊണ്ടും ഒരു ഉത്തമഫലമാണ്. അതിന്റെ തൊലി പോലും വളരെ ഉപയോഗപ്രദമാണ്. എന്നിരുന്നാലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം, പൂർണമായി പ്രവർത്തിക്കാത്ത വൃക്കകളാണെങ്കിൽ പൊട്ടാസ്യത്തിന്റെ ഉപഭോഗം വളരെ ദോഷകരമാണ്.
നിങ്ങളുടെ വൃക്കകളിൽ നിന്ന് അധിക പൊട്ടാസ്യം നീക്കം ചെയ്‌യാൻ കഴിയുന്നില്ലെങ്കിൽ, അത് മാരകമായേക്കാം. അതിനാൽ വൃക്ക സംബന്ധമായ രോഗങ്ങളുള്ള വ്യക്തികൾ, ബീറ്റാബ്ലോക്ക് എടുക്കുന്ന രോഗികൾ തുടങ്ങിയവർ ഡോക്‍ടറുടെ നിർദ്ദേശം അനുസരിച്ചു മാത്രം ഓറഞ്ച് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
Content Highlights: Article about orange