വീട്ടിൽ സുലഭമായി കാണുന്ന ചെമ്പരത്തി പൂവിന്റെ ഗുണഗണങ്ങൾ പലർക്കും അറിയില്ല. ചെമ്പരത്തിപൂവിനു ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ചെമ്പരത്തിപൂവ് താളിയാക്കി ഉപയോഗിക്കാം, മുടിക്ക് കറുപ്പ് നിറം കിട്ടാൻ വെളിച്ചെണ്ണ കാച്ചി തേക്കാം. രക്തശുദ്ധിക്കും വളരെ പ്രയോജനപ്രദമാണ് ചെമ്പരത്തിപ്പൂവ്. ചെമ്പരത്തിപൂവ് നിത്യജീവിതത്തിന്റെ ഭാഗമാക്കാൻ മറ്റൊരു വഴികൂടിയുണ്ട്. ചെമ്പരത്തി കൊണ്ട് ഒരു സുലൈമാനി ഉണ്ടാക്കിയാലോ. വൃത്തിയാക്കുമ്പോൾ പൂവിന്റെ ചുവന്ന ഭാഗം മാത്രം എടുക്കുക. പൂവ് നല്ലവെള്ളത്തിൽ രണ്ടു മൂന്ന് തവണ കഴുകണം.
ചേരുവകൾ
- ചെമ്പരത്തി പൂവ് – 20 എണ്ണം
- ഏലക്കപൊടി – ഒരു നുള്ള്
- പഞ്ചസാര അല്ലെങ്കിൽ ശർക്കര ആവശ്യത്തിന്
- വെള്ളം – 3 ഗ്ലാസ്
- ഗ്രാമ്പു – 2 എണ്ണം
- ചെറുനാരങ്ങ നീര് – 1 സ്പൂൺ
തയ്‌യാറാക്കുന്ന വിധം
വെള്ളം നന്നായി തിളപ്പിക്കുക. തിളയ്‍ക്കുന്ന വെള്ളത്തിലേക്ക് കഴുകി വൃത്തിയാക്കിയ ചെമ്പരത്തി പൂക്കൾ ഇട്ടുകൊടുക്കുക. ശേഷം പൂവുകൾ ഊറ്റി എടുക്കുക. അപ്പോൾ വെള്ളത്തിന്റെ നിറം ചുവപ്പായിട്ടുണ്ടാക്കും. ഇനി തിളച്ച ചുവന്നവെള്ളത്തിലേക്ക് ഏലക്ക പൊടിച്ചതും പഞ്ചസാരയും ഗ്രാമ്പുവും ഇട്ടു കൊടുക്കണം. ചൂടാറിക്കഴിഞ്ഞാൽ ചെറുനാരങ്ങ നീര് ചേർത്ത് ഗ്ലാസിലാക്കി കുടിക്കാം. ഇത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചാൽ രുചിയേറും. ചെമ്പരത്തിപൂവിന്റെ എണ്ണം കൂടിയാൽ വെള്ളത്തിന്റെ നിറവും ടേസ്റ്റും കൂടും.
Content Highlights: Hibiscus tea healthy drinks hibiscus sulaimani