ഇന്ത്യയിലെ തെരുവ് ഭക്ഷണം വൈവിധ്യമേറിയതാണ്. പാസ്ത ദോശ, ഐസ്ക്രീം വട പാവ് എന്നിങ്ങനെ ചില വിഭവങ്ങൾ ഫ്യൂഷൻ രീതിയിൽ നമുക്കു മുന്നിലെത്തിക്കുന്ന കച്ചവടക്കാരും ധാരാളമുണ്ട്. ഈ അടുത്തിടെ വൈറലായ ഫ്ളൈയിങ് ദോശപോലെ വൈറലാകുന്ന ഭക്ഷണവും വിൽപനക്കാരും ഏറെയുണ്ട്. ഇൻഡോറിലെ ഒരു കുൽഫി- ഫലൂദ വിൽപ്പനക്കാരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ മനസ്സ് കീഴടക്കുന്നത്.
ഭക്ഷണത്തിനൊപ്പം സ്വർണാഭരണങ്ങൾക്കും പ്രസിദ്ധമാണ് ഇൻഡോർ. അതിനാലാണ് കൈകളിൽ നിറയെ സ്വർണാഭരണങ്ങളണിഞ്ഞ് ഇയാൾ കുൽഫി ഫലൂദ വിൽപ നടത്തുന്നത്. ഫുഡ് ബ്ലോഗർ അമർ സിരോഹിയാണ് ഈ ആഭരണങ്ങളണിഞ്ഞ കച്ചവടക്കാരനെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. കൈമുട്ടു വരെ നീളുന്ന പലതരത്തിലുള്ള വളകളും ചെയിനുകളും, വിരലുകളിലെല്ലാം മോതിരങ്ങൾ, കഴുത്തിൽ നിറയെ മാലകൾ… ഇങ്ങനെ ഒരു കല്യാണപ്പെണ്ണിന്റെ മട്ടിലാണ് ഇദ്ദേഹം കടയിൽ നിൽക്കുന്നത്.
ഇൻഡോറിലെ പ്രശസ്തമായ കുൽഫി-ഫലൂദ വിൽപ്പക്കാരിൽ ഒരാളാണ് ഈ ഗോൾഡ്മാൻ കുൽഫി വാല. ശരിയായ പേര് നേമ കുൽഫി വാല. ഇത്രയധികം സ്വർണമണിഞ്ഞതിനാലാണ് നേമയ്ക് ഈ പേര് വന്നത്. 45 വർഷത്തിലധികമായി നേമ ഇവിടെ കുൽഫിക്കട നടത്തുന്നു. കേസർ, ബദാം, മാമ്പഴം, സീതാഫാൽ, കാജു ഇങ്ങനെ പലരുചികളിലുള്ള കുൽഫി ഇവിടെ ലഭിക്കുമെന്നും ബ്ലോഗർ പറയുന്നുണ്ട്. മുപ്പത്തിരണ്ട് മില്യണിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.
Content Highlights: Indore Kulfi-Faluda Seller With Heavy Gold Jewellery