ബീഫ് വരട്ടിയത് തയ്‌യാറാക്കാനൊരു എളുപ്പവഴി പരിചയപ്പെട്ടാലോ. എരിവ് ഇത്തിരി മുന്നിൽ നിൽക്കുന്ന ഈ വിഭവം ചോറിന്റെയും ചപ്പാത്തിയുടെയും ഒപ്പം കഴിക്കാം
ചേരുവകൾ
- ബീഫ്: 800 ഗ്രാം
- ചതച്ച ഇഞ്ചി വെളുത്തുള്ളി : 4 ടീസ്പൂൺ
- സവാള: 4
- പച്ചമുളക്: 5-6
- കറിവേപ്പില: 2-3 വള്ളി
- പെരുംജീരകം -1/2 ടീസ്പൂൺ
- മഞ്ഞൾ -1 ടീസ്പൂൺ
- മുളകുപൊടി 2 ടീസ്പൂൺ
- മല്ലിപൊടി: 1.5 ടീസ്പൂൺ
- പെരുംജീരകം പൊടി: 1/4 ടീസ്പൂൺ
- ജീരകം പൊടി: 2 നുള്ള്
- കുരുമുളക് പൊടി: 1 ടീസ്പൂൺ
- തേങ്ങ കഷണങ്ങൾ- ഒരു കൈ നിറയെ
- വെളിച്ചെണ്ണ: 2-3 ടീസ്പൂൺ
തയ്‌യാറാക്കുന്ന വിധം
ആദ്യം ബീഫും 1 ടീസ്പൂൺ മുളകുപൊടി, 3/4 ടീസ്പൂൺ മല്ലിപൊടി, 1/2 ടീസ്പൂൺ മഞ്ഞൾ, 1/2 ടീസ്പൂൺ കുരുമുളകുപൊടി, കറിവേപ്പില, 1 ടീസ്പൂൺ ചതച്ച ഇഞ്ചി വെളുത്തുള്ളി, ഒരു ടീസ്പൂൺ വെളിച്ചെണ്ണ, 200 മില്ലി വെള്ളം എന്നിവ ഒരു പ്രഷർ കുക്കറിൽ ചേർത്ത് 4-5 വിസിലുകൾ വരെ വേവിക്കുക.ഇനി വെള്ളം വറ്റാനായി മറ്റൊരു 5 മിനിറ്റ് വേവിക്കുക, പകുതി നാരങ്ങ നീര് ചേർത്ത് 5 മിനിറ്റ് വീണ്ടും വേവിക്കുക.
ഇപ്പോൾ ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി പെരുംജീരകം പൊട്ടിക്കുക. ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് തവിട്ട് നിറം വരെ വഴറ്റുക. ഇനി ഉള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. മഞ്ഞൾപ്പൊടി ചേർത്ത് അതിന്റെ പച്ച മണം പോകുന്നത് വരെ ഇളക്കുക, ബാക്കിയുള്ള മുളകുപൊടി, മല്ലിപൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് തേങ്ങ കഷ്ണങ്ങൾ ചേർത്ത് യോജിപ്പിക്കുക. കുരുമുളക് പൊടിയും കറിവേപ്പിലയും ഇപ്പോൾ ചേർക്കുക. ഇതിലേക്ക് വേവിച്ച ബീഫ് ചേർത്ത് കുറഞ്ഞ തീയിൽ വറ്റുന്നതുവരെ ഫ്രൈ ചെയ്‌യുക. കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക, കുറച്ച് കറിവേപ്പിലയും കുരുമുളകും ചേർത്ത് നന്നായി ഇളക്കുക
Content Highlights: Easy beef varattiyath recipe