കോഴിക്കോട്: കോവിഡിനെത്തുടർന്ന് ഒറ്റപ്പെട്ട് കഴിയുന്ന പലരുടെയും വീട്ടിൽ സ്നേഹത്തിൽ പൊതിഞ്ഞ ഉച്ചഭക്ഷണമെത്തും, ആമിനയുടെ അടുക്കളയിൽനിന്ന്. അതും സൗജന്യമായി. രോഗത്തോട് മല്ലിടുന്നവർക്ക് നോമ്പുകാലത്ത് കരുതലായി മാറുകയാണ് പൊറ്റമ്മലിലെ ആമിനയും മകൾ മർഷിദയും.
വീട്ടിലുള്ളവരെല്ലാം ഒരുപോലെ വയ്‌യാതായാൽ എന്തു ചെയ്‌യും. ആരും സഹായിക്കാനില്ലാത്തവർ ഉണ്ടാകും. അവരെ ആലോചിച്ചപ്പോഴാണ് ഇങ്ങനെ ഒരു ചിന്ത വന്നത്. അതിന് വിലയീടാക്കുന്നത് ശരിയല്ല- ഭക്ഷണം നൽകാൻ തുടങ്ങിയതിനെ കുറിച്ച് ആമിന പറയുമ്പോൾ വാക്കുകളിൽ സ്നേഹം നിറഞ്ഞു.
ഫ്രം ഔവർ കിച്ചൺ എന്ന പേരിൽ ആമിന വീട്ടിൽനിന്ന് ഭക്ഷണമുണ്ടാക്കി വിൽപ്പന നടത്തിയിരുന്നു. എന്നാൽ നോമ്പുകാലമായതോടെ അത് നിർത്തി. അപ്പോഴാണ് ദുരിതമനുഭവിക്കുന്നവരെ കുറിച്ച് ആലോചിക്കുന്നത്. അങ്ങനെ കോവിഡ് പോസിറ്റീവായവർക്ക് ഉച്ചയൂണ് നൽകാൻ തീരുമാനിച്ചു. ഓൺലൈൻ ഭക്ഷ്യവിതരണ ആപ്പുകൾ (errando/fatafat) വഴിയാണ് ഭക്ഷണത്തിനുള്ള ഓർഡർ എടുക്കുന്നത്.
ആപ്പുകൾ ഒന്നും ഉപയോഗിക്കാൻ അറിയാത്തവർക്ക് ഫോണിലും വിളിച്ച് പറയാം. മുൻകൂട്ടി പറയണമെന്ന് മാത്രം. ഭക്ഷണം സൗജന്യമാണെങ്കിലും ഓൺലൈൻ ആപ്പുകൾ ഡെലിവെറി ചാർജ് ഈടാക്കും. ഓൺലൈൻ ഡെലിവറി വഴി അല്ലാതെ നേരിട്ട് എത്തിച്ചു നൽകുന്നതാണെങ്കിൽ അതും വാങ്ങില്ല. നഗരത്തിനുള്ളിലാണ് ഭക്ഷണം എത്തിച്ച് നൽകുന്നത്.
ഒരു ദിവസം ശരാശരി 30 പേർക്ക് ഉച്ചഭക്ഷണം നൽകും. ചിലപ്പോൾ അത് നാല്പതാവും. ചോറും കറിയും തോരനും ഉണ്ടാകും. ഒപ്പം മീൻ, മുട്ട, കോഴിയിറച്ചി അങ്ങനെ ഏതെങ്കിലും ഒരിനവും. ചിലപ്പോൾ നെയ്ച്ചോറാണ് നൽകുക. 12.30 ആവുമ്പോഴേക്കും ഭക്ഷണം നൽകി കഴിഞ്ഞിരിക്കും. ഇതേ ഭക്ഷണമാണ് ഞങ്ങൾ അത്താഴത്തിന് കഴിക്കുക. ഓരോന്നും വെവ്വേറെ പാക്ക് ചെയ്താണ് നൽകുന്നത്. അതിനുള്ള സഹായം ഭർത്താവ് ഹാഷിമിന്റെ സഹോദരൻ സലീമും അദ്ദേത്തിന്റെ ഭാര്യ റഹീനയും ചെയ്തു നൽകുന്നുണ്ട്- ആമിന പറഞ്ഞു.
ആമിനയുടെ പേരക്കുട്ടി ആയിഷ മെഹറിൻ ആണ് സാമൂഹിക മാധ്യമങ്ങളിൽ പ്രത്യേക പേജൊക്കെ തുടങ്ങി കൂടുതൽ പേരിലേക്ക് ഇക്കാര്യം എത്തിച്ചത്. വിദേശത്തുനിന്നുള്ളവർവരെ നാട്ടിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഭക്ഷണമെത്തിക്കാൻ ഇവരുടെ സഹായം തേടുന്നുണ്ട്. ഒന്നിനും വേണ്ടിയല്ല ഭക്ഷണം കൊടുക്കാൻ തീരുമാനിച്ചത്.
മേലെയുള്ള ആളുടെ പുണ്യം മാത്രം മതി. ഇനി ലോക്ഡൗൺ ആയാൽ ഭക്ഷണവിതരണത്തിന് ബുദ്ധിമുട്ടാവുമോയെന്ന് അറിയില്ല. അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടായാൽ എല്ലാം നടക്കും- പ്രയാസപ്പെടുന്നവർക്ക് അന്നമേകാൻ കഴിയണേ എന്ന പ്രാർഥന മാത്രമാണ് ആമിനയുടെ വാക്കുകളിലുള്ളത്. ഫോൺ: 9847112305.
Content Highlights: Free food for covid patients