വളർച്ചയുടെ നിരക്ക് മന്ദീഭവിക്കുകയും സ്വാതന്ത്ര്യത്തിന്റെ മുറവിളി ഉയരുകയും ചെയ്‌യുമ്പോൾ മിക്ക കുട്ടികൾക്കും വിശപ്പില്ലായ്മയോ ഭക്ഷണത്തോട് തന്നെ ഇഷ്ടമില്ലായ്മയോ തോന്നാറുണ്ട്. ഇത് വളർച്ചയുടെ ഒരു ഘട്ടമാണെന്നും, അവർ ഇതിനെ അതിജീവിക്കുമെന്നും അറിയാമെങ്കിലും, മിക്കവാറും അച്ഛനമ്മമാരും മക്കളോടുള്ള ഇഷ്ടം നിമിത്തം, വസ്തുതയെ വിസ്മരിച്ച് മക്കളുടെ ഭക്ഷണ രീതിയെക്കുറിച്ച് വേവലാതിപ്പെട്ടുകൊണ്ടേയിരിക്കും.
കുട്ടികൾ ആരോഗ്യത്തോടെ ഇരിക്കുകയും വളരുകയും, ദൈനംദിന ജീവിതത്തിൽ ഊർജത്തോടെ കളിക്കുകയും മറ്റും ചെയ്‌യുന്നുണ്ടെങ്കിൽ അച്ഛനമ്മമാർ വിഷമിക്കേണ്ട കാര്യമില്ല.
എന്നാൽ, കുഞ്ഞുങ്ങളുടെ ഭക്ഷണരീതി കാരണം അവർക്കു വളർച്ചയ്‍ക്ക് വേണ്ടത്ര പോഷകങ്ങളും മറ്റും ലഭിക്കുന്നില്ല എന്ന് തോന്നുകയാണെങ്കിൽ കുട്ടികളുടെ പീഡിയാട്രീഷ്യനോട് സംസാരിക്കണം. തീർച്ചയായും കുട്ടികളുടെ ഡോക്‍ടർക്ക് വിശപ്പില്ലായ്മയുടെ അടിസ്ഥാന കാരണങ്ങളെ തിരിച്ചറിയാനും വളർച്ചയ്‍ക്ക് ഉതകുന്ന പോഷക മൂല്യങ്ങളെ നിർണയിക്കാനും നിങ്ങളെ സഹായിക്കും. വിശപ്പ് വർധിപ്പിക്കാനുള്ള ചില നുറുങ്ങു വിദ്യകളാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്:
കുട്ടികളിൽ വിശപ്പ് കുറയാനുള്ള ചില കാരണങ്ങൾ
ഭക്ഷണം നൽകുന്നതിന് ഇടയിലുള്ള ഇടവേള കുറയുന്നത്:
ഭക്ഷണം കഴിച്ചതിനു ശേഷം 3 മുതൽ 4 മണിക്കൂർ കഴിയുമ്പോഴാണ് കഴിച്ച ഭക്ഷണം നല്ലരീതിയിൽ ദഹിക്കുന്നത്. അതിനാൽ ഭക്ഷണങ്ങൾ നൽകുന്ന ഇടവേള ഇതനുസരിച്ചായിരിക്കണം.
അമിതമായി പാല് കുടിക്കുന്നത്
മുതിർന്നു വരുന്ന കുട്ടികൾക്ക് ധാരാളം പാല് കൊടുക്കുകയാണെങ്കിൽ അവരുടെ കുഞ്ഞുവയറ്റിൽ മറ്റു ഭക്ഷണം കഴിക്കാനുള്ള ഇടം ഉണ്ടാകില്ല. കൊടുക്കുന്ന പാലിന്റെ അളവ് കുറച്ചുകൊണ്ട് കൂടുതൽ ഖരഭക്ഷണം കഴിപ്പിക്കാൻ സാധിക്കും.
ഭക്ഷണക്രമത്തിൽ കൂടുതൽ ജങ്ക് ഫുഡ് ഉൾപ്പെടുത്തുന്നത്
വളരെ ഉയർന്ന തോതിൽ കലോറി അടങ്ങിയതും (പഞ്ചസാര അല്ലെങ്കിൽ കൊഴുപ്പു കാരണം) എന്നാൽ കുറഞ്ഞ പോഷകമൂല്യം അടങ്ങിയതുമായ ഭക്ഷണമാണ് ജങ്ക് ഫുഡ്. ചിപ്സ്, ചോക്ലേറ്റ് മുതലായ ലഘുഭക്ഷണങ്ങൾ കഴിച്ച് വയറ് നിറയ്‍ക്കുകയാണെങ്കിൽ, പ്രധാന ഭക്ഷണത്തിനുള്ള സമയത്തു വിശപ്പുണ്ടാകാൻ സാധ്യതയില്ല.
ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നത്
വളർച്ചയ്‍ക്ക് ആവശ്യമായ ധാതുവാണ് സിങ്ക്. സിങ്കിന്റെ അഭാവം വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, അണുബാധ, വയറിളക്കം എന്നിവ ഉണ്ടാക്കുന്നു.
ശരിയായ രീതിയിൽ ദഹനപ്രക്രിയ നടക്കാത്തത്
ശരിയായ രീതിയിൽ ദഹനം നടക്കാത്തത് മലബന്ധം, ഗ്യാസ്, അസിഡിറ്റി, വയറിളക്കം എന്നിവ ഉണ്ടാക്കുകയും അതുവഴി വിശപ്പില്ലായ്മയ്‍ക്ക് കാരണമാകുകയും ചെയ്‌യും.
പല്ലു മുളയ്‍ക്കുന്ന കുഞ്ഞുങ്ങൾ ചിലപ്പോൾ അത് കൊണ്ടുണ്ടാകുന്ന വേദന, അസ്വസ്ഥത കാരണവും ഭക്ഷണം കഴിക്കാൻ കൂട്ടാക്കാറില്ല. സാധാരണ കാണുന്ന അസുഖങ്ങളായ പനി, ജലദോഷം, ചുമ, എന്നിവയുള്ള കുട്ടികളിലും വിശപ്പില്ലായ്മ കാണാറുണ്ട്. ശരീരം അസുഖങ്ങളിൽ നിന്ന് മുക്തി നേടിയതിനു ശേഷവും, ദഹനപ്രക്രിയ പഴയ രീതിയിൽ എത്തുന്നതിനു കുറച്ചു സമയം എടുക്കും.
കുട്ടികളിൽ വിശപ്പ് കൂടാനുള്ള ചില പൊടിക്കൈകൾ
കൃത്യമായ പ്രഭാതഭക്ഷണം
ആരോഗ്യകരമായ പ്രാതൽ കുട്ടിയുടെ വിശപ്പ് വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. സമതുലിതമായ ബ്രേക്ഫാസ്റ്റ് പേരുപോലെ തന്നെ രാത്രിയിൽ ഉപവാസം ബ്രേക്ക് ചെയ്തുകൊണ്ട് ഉപാപചയ പ്രവർത്തനത്തെ സഹായിക്കും. വീട്ടിൽ പ്രഭാതഭക്ഷണം നിർബന്ധഭക്ഷണമാണെന്ന് ഉറപ്പാക്കുക.
ചേരുവകൾ
ഭക്ഷണം പാചകം ചെയ്‌യുമ്പോൾ ഉൾപ്പെടുത്തുന്ന ചില ചേരുവകൾ വിശപ്പ് കൂട്ടുന്നതായി കാണാം. താഴെ കൊടുത്തിരിക്കുന്നത് അവയിൽ ചിലതാണ്:
കപ്പലണ്ടി -വിശപ്പ് വർധിപ്പിക്കാനും പ്രോട്ടീനുണ്ടാകുന്നതിനും വളരെ നല്ലതാണ് കപ്പലണ്ടി.
ഇഞ്ചി -വിശപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും പുരാതന പരിഹാരങ്ങളിലൊന്നാണ് ഇഞ്ചി.
കായം -കുഞ്ഞിന്റെ വിശപ്പ് മാത്രമല്ല, ഗ്യാസ്, വയറുവേദന തുടങ്ങിയ വയർ സംബന്ധിയായ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഒരു അത്ഭുതകരമായ ഘടകമാണ്. കുഞ്ഞിന്റെ വയർ ആരോഗ്യത്തോടെ ഇരിക്കുമ്പോൾ അവർ സന്തോഷത്തോടെ കൂടുതൽ ഭക്ഷണം കഴിക്കുന്നു.
നിങ്ങൾ നല്ല മാതൃകയാകുക
കുട്ടികൾ അവർ ഇപ്പോഴും മാതാപിതാക്കളെ അനുകരിക്കാൻ ഇഷ്ടപ്പെടുന്നു. വൈവിധ്യവും, പോഷകസമൃദ്ധവുമായ ഭക്ഷണം നിങ്ങൾ കുട്ടികളുടെ ഒപ്പം ആസ്വദിച്ച് കഴിക്കൂ. അങ്ങനെ ഒരു നല്ല ഉദാഹരണം കാണിച്ചുകൊടുക്കാൻ തയാറാകൂ. പുതിയ ഭക്ഷണങ്ങൾ നിങ്ങൾ കഴിച്ചുനോക്കാൻ ശ്രമിക്കുന്നത് നിങ്ങളുടെ കുട്ടികൾക്കും ഒരു പ്രചോദനമാകും.
ഭക്ഷണക്രമം ചിട്ടപ്പെടുത്തുന്നതിൽ കുട്ടികളെയും പങ്കാളിയാക്കുക
പച്ചക്കറി ഷോപ്പിങ്ങിന്റെ ലിസ്റ്റ് തയ്‌യാറാക്കുന്നത് മുതൽ ഭക്ഷണം പാകം ചെയ്‌യുന്നതിൽ വരെ കുട്ടികളെയും പങ്കെടുക്കാൻ അനുവദിക്കുക. പോഷകാഹാരത്തെക്കുറിച്ച് പഠിപ്പിക്കാനും അവരുടെ ഭക്ഷണ മുൻഗണനകൾ അറിയാനും നിങ്ങൾക്ക് ഈ അവസരങ്ങൾ ഉപയോഗിക്കാം.
ടി.വി-വീഡിയോ ഗെയിം കുറയ്‍ക്കുക
ശരീരം അനങ്ങാതെ ഒരിടത്ത് ചടഞ്ഞുകൂടിയിരിക്കുന്നത് തടയുക. വിവിധയിനം കളികൾക്കുള്ള അവസരം ഉണ്ടാക്കുക. വിശപ്പില്ലായ്മ ഉണ്ടാകുമ്പോൾ ശരീരം അനങ്ങിയുള്ള കളികൾ വർധിപ്പിക്കുക, സ്വാഭാവികമായി അത് കൂടുതൽ കലോറി കത്തിക്കുകയും അതുവഴി കൂടുതൽ വിശപ്പുണ്ടാക്കുകയും ചെയുന്നു.
ഭക്ഷണം ആകർഷകമാക്കുക
വൈവിധ്യമാർന്ന ആഹാരം കൊടുക്കുക. വിളമ്പുന്ന ഭക്ഷണം ആകർഷകമായ രീതിയിൽ പ്ലേറ്റിൽ ക്രമീകരിക്കുക. ഫുഡ് ആര്ട്ട് ഇതിനു സഹായിക്കും.
Content Highlights: About Kids diet