രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിരവധി ആളുകളാണ് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി എത്തുന്നത്. രാജ്യം മുഴുവൻ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സഹായം ആവശ്യമുള്ളവർക്ക് വേണ്ടതെല്ലാം സൗജന്യമായി നൽകാൻ തയ്യാറായി രംഗത്തിറങ്ങിരിക്കുകയാണ് മനുഷ്യസ്നേഹികളായ ഒട്ടനേകം പേർ. അത്തരത്തിലൊരു അനുഭവമാണ് ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഔദ്യോഗിക പേജിലൂടെ ഒരു അമ്മയും മകനും പങ്കുവയ്ക്കുന്നത്.
പാവപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന ഹീന മാണ്ഡവ്യ, ഹർഷ് മാണ്ഡവ്യ എന്ന അമ്മയും മകനുമാണ് ഇതിലെ പോരാളികൾ. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം തുടങ്ങിയതിൽപ്പിന്നെ 22,000 പൊതി ഉച്ചഭക്ഷണവും, 55,000 റൊട്ടികളും, വീട്ടിൽത്തന്നെ ഉണ്ടാക്കിയ 6,000 മധുരപലഹാരങ്ങളുമാണ് ഇവർ പാവങ്ങൾക്കായി വിതരണം ചെയ്തത്. ഹർഷ് താലി ആൻഡ് പറാത്താസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരാണ് ഇരുവരും.
ഹർഷ് കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചു. എന്നാൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മകന് മികച്ച വിദ്യാഭ്യാസം നൽകാൻ ഹീന തീരുമാനിക്കുയായിരുന്നു. മകന്റെ വിദ്യാഭ്യാസത്തിനും നിത്യ ചെലവുകൾക്കുമായി അവർ വീട്ടിൽത്തന്നെ ഒരു ടിഫിൻ സർവീസ് ആരംഭിച്ചു. ആദ്യത്തെ ഓർഡർ നൽകിയത് വീടിന്റെ അടുത്ത് താമസിക്കുന്ന ഒരു ആന്റിയായിരുന്നു, അതും 35 രൂപയ്ക്ക്. അതായിരുന്നു അമ്മയുടെ ആദ്യത്തെ വരുമാനം. പതിയെ ഞങ്ങളുടെ ബിസിനസിനെക്കുറിച്ച് കൂടുതൽ ആളുകൾ അറിയാൻ തുടങ്ങി. അമ്മ ഭക്ഷണം ഉണ്ടാക്കും, ഞാൻ വീടുകളിൽ എത്തിക്കും, ഹർഷ് തങ്ങളുടെ ജീവിതത്തെ പറ്റി പറയുന്നു.
2003-ൽ ഉപഭോക്താക്കളിൽ ഒരാളുടെ സഹായത്തോടെ അമ്മ ബിസിനസ് കൂടുതൽ വിപുലപ്പെടുത്താൻ തീരുമാനിച്ചു. ആ ഉപഭോക്താവ് 70,000 രൂപ നിക്ഷേപിക്കുകയും പ്രവർത്തിക്കാൻ ഒരു സ്ഥലം വാടകയ്ക്ക് നൽകുകയും ചെയ്തു. അങ്ങനെയാണ് ഹർഷ് താലി ആൻഡ് പറാത്താസ് എന്ന സ്ഥാപനത്തിന് തുടക്കമാകുന്നത്.
വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം വീണ്ടും അമ്മയുടെ കൂടെ ചേർന്ന് ഹർഷ് ഓൺലൈനിലൂടെ ബിസിനസ് കൂടുതൽ വിപുലീകരിച്ചു. ടിഫിൻ സർവീസ് ആരംഭിക്കാൻ സഹായിച്ചവർക്ക് പണം തിരികെ നൽകാൻ പോയപ്പോൾ അവർ അത് സ്വീകരിക്കാൻ വിസമ്മതിക്കുകയും പകരം 10 പേർക്ക് അധികമായി ഭക്ഷണം നൽകി സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് ഹർഷ് പറയുന്നു. അങ്ങനെയാണ് അവർ 2020-ൽ ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകിത്തുടങ്ങിയത്.
ആദ്യം ഞങ്ങൾ നൂറ് പാവപ്പെട്ട ആളുകൾക്ക് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്തു. അന്ന് വൈകിട്ട് അത്തരത്തിൽ സഹായങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ച് ഞാൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. ആളുകൾ ധാരാളം സഹായവുമായി എത്തി. ഇന്നും ഒരു ദിവസം 100 മുതൽ 150 പേർക്ക് ഭക്ഷണം നൽകാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്. ഹർഷ് കൂട്ടിച്ചേർത്തു.
കോവിഡിന്റെ രണ്ടാം തരംഗം വന്നതോടെ വീണ്ടും സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഹർഷ് ഒരു പോസ്റ്റ് പങ്കുവെച്ചു. രണ്ട് ദിവസത്തിനുള്ളിൽ ഒന്നര ലക്ഷം രൂപയാണ് സംഭാവനയായി ലഭിച്ചത്. ഒരു ദിവസം ഒരു ഓൾഡ് എയ്ജ് ഹോമിൽ ഭക്ഷണം വിതരണം ചെയ്യുമ്പോൾ ഒരു മുത്തശ്ശൻ എന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. അത് വളരെ സന്തോഷം നൽകിയ നിമിഷമായിരുന്നുവെന്നും ഹർഷ്.
പലരും അവരോട് ചോദിക്കും നിങ്ങളുടെ ജീവിതം പണയം വച്ച് അപരിചതരായ ആളുകളെ സഹായിക്കുന്നത് എന്തിനാണെന്ന്. അമ്മയ്ക്കും മകനും അതിന് ഒറ്റ ഉത്തരമേയുള്ളു. ഞങ്ങളെ ഈ നിലയിലെത്താൻ സഹായിച്ചത് ഞങ്ങളുടെ ആരുമല്ലാത്തവരാണ്. അതിലൊരാൾ എനിക്ക് എന്ത് ഗുണം എന്ന് സ്വയം ചിന്തിച്ചിരുന്നെങ്കിൽ ഞങ്ങൾ ഇങ്ങനെ നിൽക്കുമായിരുന്നില്ല.
Content Highlights: Mother and son distributed over 22,000 meals for free in Covid crisis